ദില്ലി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെയെന്ന് സുപ്രീം കോടതി. ഭരണ ഘടന അനുവദിക്കുന്നിടത്തോളം സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാനാകില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ വാദം. ശബരിമലയില്‍ സത്രീകളെ പ്രവേശിപ്പിക്കണമെന്ന യംഗ് ലോയേഴ്സ് അസോസിയേഷന്റെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.  ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കും.
എല്ലാ ജാതി മത വിഭാഗങ്ങളും ശബരിമലയില്‍ എത്താറുണ്ട്. മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ എങ്ങനെ നിരോധനം പ്രായോഗികമാകുമെന്ന് സുപ്രീംകോടതി ചോദിച്ചു. 1500 വര്‍ഷം മുമ്പ് ശബരിമലയില്‍ സ്ത്രീകള്‍ പൂജ നടത്തിയിട്ടില്ലെന്ന് എങ്ങനെ പറയാനാകുമെന്നും സുപ്രീം കോടതി ആരാഞ്ഞു.

സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നത് വിലക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. എന്നാല്‍ ആചാരത്തിന്റെ ഭാഗമാണ് വിലക്കെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ അറിയിച്ചു. 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ പ്രവേശിക്കരുതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വാദം. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

മുന്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ് മൂലം സര്‍ക്കാര്‍ പിന്‍വലിച്ചു. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം ആകാമെന്നായിരുന്നു മുന്‍ സര്‍ക്കാര്‍ നിലപാട്. എന്നാല്‍ സത്യവാങ്മൂലം മുന്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റേതായിരുന്നുവെന്ന് ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടി. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം പാടില്ലെന്നാണ് നിലപാടെന്നും ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു.

തന്റെ നിലപാടുകള്‍ക്കുള്ള അംഗീകരമാണ് സുപ്രീം കോടതിയുടെ പ്രസ്താവനയെന്ന് മുന്‍ ദേവസ്വംമന്ത്രി ജി സുധാകരന്‍ പ്രതികരിച്ചു.