പാലാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ പത്രികകൾ ഇന്ന് സൂക്ഷമ പരിശോധന നടത്തും. 17 സ്ഥാനാർഥികളാണ് പാലായിൽ നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചിരുന്നു. രണ്ടില ചിഹ്നത്തിൽ ആശങ്ക ഇപ്പോഴും തുടരുകയാണ്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം അനുവദിക്കുന്നതിനെ ജോസഫ് വിഭാഗം നേതാവും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ജോസഫ് കണ്ടത്തില്‍ എതിര്‍ക്കും. രണ്ടില ചിഹ്നം വേണമെന്ന ജോസ് ടോമിന്‍റെ പത്രികയിലെ ആവശ്യം നിലനില്‍ക്കുന്നതല്ലെന്ന് സൂഷ്മ പരിശോധനയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസഫ് കണ്ടത്തില്‍ വാദിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ടില ചിഹ്നം ജോസ് ടോമിന് നൽകണമെന്ന് ആവശ്യപ്പെട്ട് ജോസ് പക്ഷം നേതാവ് സ്റ്റീഫൻ ജോര്‍ജ്ജാണ് ഫോം എയും ബിയും ഒപ്പിട്ട് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാൽ പാർട്ടി ഭരണഘടന പ്രകാരം ചെയര്‍മാന്‍റെ അസാന്നിധ്യത്തില്‍ ചിഹ്നം നല്‍കാനുള്ള അധികാരം വർക്കിംഗ് ചെയര്‍മാനാണെന്നാണ് ജോസഫ് പക്ഷത്തിന്റെ വാദം. ചെയർമാൻ തിരഞ്ഞെടുപ്പിലെ കോടതി ഉത്തരവും ജോസഫ് പക്ഷം ചൂണ്ടികണിക്കുമെന്ന് ഉറപ്പാണ്.

അതേസമയം കേരള കോൺഗ്രസ് സ്ഥാനാർഥി ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വർക്കിങ് ചെയർമാൻ പി.ജെ.ജോസഫിന് ജോസ്.കെ.മാണി കത്തയച്ചു. ഉച്ചകഴിഞ്ഞ് ഇ-മെയിൽ വഴിയാണ് കത്തയച്ചത്. വര്‍ക്കിങ് ചെയര്‍മാന്‍ എന്ന നിലയില്‍ പാര്‍ട്ടി ചിഹ്നം അനുവദിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് പിജെ ജോസഫിന് കത്ത് നല്‍കണമെന്ന് ജോസ് കെ മാണിയോട് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു.