കര്‍ണാടകയിലെ മാണ്ഡ്യയില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണത്തിന് കാരണം തലയിലും നെഞ്ചിലുമേറ്റ പരിക്കാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരം മുഴുന്‍ പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. ശക്തമായ ആഘാതത്തെ തുടര്‍ന്നാണ് ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടായത്. ഈ പരിക്കുകള്‍ മരണത്തിന് മുമ്പ് ഉണ്ടായതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജംഷീദിന്റെ ശരീരത്തില്‍ നിന്ന് ഗ്രീസിന്റെ അംശം കണ്ടെത്തിയിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. മെയ് 11ന് മാണ്ട്യയിലെ റയില്‍വേ ട്രാക്കിലാണ് ജംഷീദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒമാനില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ ജംഷീദ് സുഹൃത്തുക്കള്‍ക്കൊപ്പം ബെംഗളൂരുവിലേക്ക് യാത്ര പോയതായിരുന്നു. ട്രെയിന്‍ തട്ടിയാണ് ജംഷീദ് മരിച്ചതെന്നാണ് സുഹൃത്തുക്കള്‍ മൊഴി നല്‍കിയത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.

മെയ് ഏഴിനാണ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ജംഷീദ് യാത്ര പോയത്. ബുധനാഴ്ച്ച ജംഷിദിന് അപകടം പറ്റിയെന്ന് സുഹൃത്തുക്കള്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു. ജംഷിദിന്റെ മരണം ആത്മഹത്യയാണെന്നായിരുന്നു മാണ്ഡ്യ പൊലീസ് നല്‍കിയ വിവരം. എന്നാല്‍ മകന്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്.

സുഹൃത്തുക്കളാണ് മകനെ അപായപ്പെടുത്തിയത്. അവര്‍ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ട്. ഇക്കാര്യം പൊലീസ് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.