പാലാ സീറ്റിനെ ചൊല്ലി ബിജെപിയും കേരള ജനപക്ഷം സെക്യുലറും തമ്മിൽ തർക്കം രൂക്ഷമാകുന്നു. പാലാ സീറ്റ് ജനപക്ഷത്തിന് വിട്ട് കൊടുക്കാന്‍ സാധിക്കില്ല എന്ന നിലപാടിലാണ് ബിജെപി. ഉപതെരഞ്ഞെടുപ്പിൽ പാലയിൽ ബിജെപി സ്ഥാനാർഥി തന്നെ മത്സരിക്കണമെന്ന അഭിപ്രായമാണ് ബിജെപിയ്ക്ക്. പാലാ സീറ്റിൽ ഷോൺ ജോർജിനെ മത്സരിപ്പിക്കാൻ കരുനീക്കങ്ങളും ആയി പിസി ജോർജ് രംഗത്ത് ഇറങ്ങിയിതിനു പിന്നാലെയാണ് ബിജെപി നിലപാട് വ്യക്തമാക്കിയത്.
ബിജെപിക്ക് പ്രതീക്ഷയുള്ള സീറ്റായതിനാല്‍ ബിജെപി മത്സരിക്കണമെന്നാണ് പ്രവർത്തകരുടെ ആഗ്രഹമെന്ന് ജില്ലാ അധ്യക്ഷൻ എൻ. ഹരി തുറന്നുപറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻ ഹരിയായിരുന്നു പാലായിലെ സ്ഥാനാർഥി. അയ്യായിരത്തിൽ നിന്ന് 25 ആയിരത്തിലേക്ക് വോട്ട് കൂടിയത് ചൂണ്ടിക്കാട്ടിയാണ് സീറ്റിനായുള്ള ബിജെപിയുടെ അവകാശവാദം 2004 ൽ എൻ ഡി എ സ്ഥാനാർത്ഥിയായി പി സി തോമസ് മൂവാറ്റുപുഴയിൽ മത്സരിച്ചപ്പോൾ പാലായിൽ ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. സീറ്റ് സ്വന്തമാക്കാനുള്ള നീക്കത്തിന് ഇതും ഒരു കാരണമാണ്. എന്നാൽ, സീറ്റ് വിട്ട് നൽകാൻ സംസ്ഥാന നേതൃത്വം നിർദേശിച്ചാൽ അംഗീകരിക്കുമെന്നും ബിജെപി ജില്ലാഘടകം വ്യക്തമാക്കുന്നു.
അതേസമയം പാലാ സീറ്റിനെ ചൊല്ലി തർക്കമില്ലെന്നാണ് പി സി ജോർജ് പറയുന്നത്. പാലാ സീറ്റിനെ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് എൻഡിഎയിൽ ചർച്ച ചെയ്താണെന്ന് പിസി ജോർജ് പറഞ്ഞു. ബിജെപിക്കോ ജനപക്ഷത്തിനോ സീറ്റിൽ അവകാശ വാദം ഉന്നയിക്കാൻ കഴിയില്ലെന്ന് ജോർജ് പറഞ്ഞു. സീറ്റ് നിശ്ചയിക്കേണ്ടത് എൻഡിഎ ആണെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റ് ബിജെപിക്കാണെന്ന് എൻഡിഎ പറഞ്ഞാൽ ബിജെപി മത്സരിക്കുമെന്നും അതല്ല ജനപക്ഷത്തിനാണെന്ന് പറഞ്ഞാൽ ജനപക്ഷം മത്സരിക്കുമെന്നും ജോർജ് അറിയിച്ചു. അതല്ലാതെ ബിജെപിക്കോ ജനപക്ഷത്തിനോ സീറ്റിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്നും ജോർജ് വ്യക്തമാക്കി. എന്നാല്‍ മകനെ എംഎല്‍എയാക്കാനുളള പിസി ജോര്‍ജിന്റെ നീക്കത്തിന് ഇതോടെ തിരിച്ചടിയേറ്റിരിക്കുകയാണെന്നാണ് സൂചന.
Leave a Reply