ഇടതുമുന്നണിയുടെ ഉപതെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചെന്ന വാര്‍ത്തകള്‍ തള്ളി നടന്‍ ജോജു ജോര്‍ജ്. താനൊരു ജാഥയും നയിച്ചിട്ടില്ലെന്നും ആവശ്യമില്ലാതെ ഓരോ കാര്യങ്ങളിലേക്ക് തന്നെ തള്ളിയിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇങ്ങനെയൊരു തെരഞ്ഞെടുപ്പ് നടന്ന കാര്യം പോലും താന്‍ അറിഞ്ഞിട്ടില്ല. അടുത്ത സുഹൃത്തായ വിനായകനെ കണ്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം കുറച്ചുനേരം ഇലത്താളം കൊട്ടുക മാത്രമാണ് താന്‍ ചെയ്തതെന്നും അല്ലാതെ ഒന്നും നടന്നിട്ടില്ലെന്നും ജോജു പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആവശ്യമില്ലാതെ ഓരോ കാര്യങ്ങളിലേക്ക് തന്നെ തള്ളിയിടുകയാണ്. ഈ വിഷയത്തില്‍ കൂടി ഇനിയും ശത്രുക്കളെ ഉണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും ജോജു വ്യക്തമാക്കി.

‘ഞാന്‍ ഓണ്‍ലൈനുകളില്‍ പോലും ഇല്ല. ഒരു കാര്യവുമില്ലാതെ എന്നെ ഓരോന്നിലേക്ക് പിടിച്ച് ഇടുകയാണ്. കുറെ കൂടി ശത്രുകളെ ഉണ്ടാക്കുക എന്ന് അല്ലാതെ എന്ത് കാര്യം. വീണ്ടും കുറെ പേര്‍ തെറിവിളി തുടങ്ങുകയാണ്.

എനിക്ക് എന്തെങ്കിലും തരത്തിലൊരു സ്വാതന്ത്ര്യം വേണ്ടേ. ഓണ്‍ലൈനിലും പൊതുപരിപാടികളിലും ഇപ്പോള്‍ ഞാന്‍ ഇല്ല. ഇതില്‍ കൂടുതല്‍ ഞാന്‍ എങ്ങനെയാണ് ഒതുങ്ങേണ്ടത്. എന്തിനാണ്….. നമ്മളെ വെറുതെ വിട്ടുകൂടേ,’ ജോജു ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, നടന്‍ വിനായകന്റെ ഡിവിഷനില്‍ എല്‍.ഡി.എഫിന്റെ വിജയത്തില്‍ നടന്ന ആഹ്ലാദപ്രകടനത്തില്‍ ജോജുവിന്റെ സാന്നിധ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ വാര്‍ത്തയായിരുന്നു.

കൊച്ചി കോര്‍പ്പറേഷന്‍ 63ാം ഡിവിഷന്‍ ഗാന്ധിനഗറില്‍ സി.പിഐ.മ്മിന്റെ ബിന്ദു ശിവനാണ് വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥി മാര്‍ട്ടിനെ 687 വോട്ടുകള്‍ക്കാണ് ബിന്ധു പരാജയപ്പെടുത്തിയത്.

കൗണ്‍സിലറായിരുന്ന സി.പി.ഐ.എമ്മിലെ കെ.കെ. ശിവന്‍ അന്തരിച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ 115 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എല്‍.ഡി.എഫ് വിജയം.