ലണ്ടന്‍: ഹൗസ് ഓഫ് കോമണ്‍സിന്റെ ആസ്ഥാനം താത്ക്കാലികമായി വെറ്റ്ഹാള്‍ മുറ്റത്തുളള കെട്ടിടത്തിലേക്ക് മാറ്റുന്നു. വെസ്റ്റ്മിന്‍സ്റ്റര്‍ കൊട്ടാരത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണിത്. അടുത്ത ഒരു പതിറ്റാണ്ടോളം നവീകരണ പ്രവൃത്തികള്‍ തുടരുമെന്നാണ് സൂചന. പാര്‍ലമെന്റിന്റെ പുനരുദ്ധാരണ പ്രവര്‍ത്തന സമിതിയില്‍ അംഗങ്ങളായിട്ടുളള എല്ലാ പാര്‍ട്ടി അംഗങ്ങളുടെയും ഒരു അടിയന്തര യോഗം ചേരണമെന്ന് കഴിഞ്ഞ ദിവസം കോമണ്‍സിലെ ഷാഡോ ലീഡര്‍ ക്രിസ് ബ്രെയാന്റ് അറിയിച്ചു. 2014ല്‍ ഡെലോയ്റ്റ് ആന്‍ഡ് ഈകോം സമിതി കൊട്ടാരത്തിന്റെ പുനരുദ്ധാരണത്തെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഏതായാലും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതോടെ ഇരുസഭകളും പ്രവര്‍ത്തന സ്ഥലം മാറ്റും. ലണ്ടന് പുറത്തേക്ക് പുതിയ ആസ്ഥാനം മാറ്റണമെന്ന നിര്‍ദേശത്തെ മിക്കവരും എതിര്‍ത്തു. വൈറ്റ്ഹാളിന് ചുറ്റുമായി എവിടെയെങ്കിലുമാകണം പുതിയ ആസ്ഥാനമെന്ന വാദമായിരുന്നു മന്ത്രിമാരില്‍ ഏറെ പേരും പുലര്‍ത്തിയത്. ഹൗസ് ഓഫ് ലോര്‍ഡ്‌സ് എങ്ങോട്ട് മാറ്റുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ധനകാര്യമന്ത്രാലയത്തിന്റെയോ കോമണ്‍വെല്‍ത്ത് ഓഫീസിന്റെയോ അടുത്തായാകാം ഇവരെ പുനരധിവസിപ്പിക്കുക എന്നാണ് സൂചന.
കൊട്ടാരത്തിന്റെ പഴയ ഭാഗം പൂര്‍ണമായും ഒഴിപ്പിച്ച ശേഷമാകും നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.
ആറ് കൊല്ലമെടുത്തേ ഇതിന്റെ പണികള്‍ പൂര്‍ത്തിയാക്കാനാകൂ. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 3.52 ബില്യന്‍ പൗണ്ട് ചെലവ് വരുമെന്നാണ് പ്രതീക്ഷ. 2020ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷമേ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കൂ എന്നാണ് റിപ്പോര്‍ട്ട്. ഡിലോയിറ്റ് റിപ്പോര്‍ട്ട് വേറെയും ചില നവീകരണ പ്രവര്‍ത്തനങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിന് 32 വര്‍ഷം സമയമെടുത്തേക്കും. 5.67 ബില്യന്‍ പൗണ്ടാണ് പ്രതീക്ഷിക്കുന്ന ചെലവ്. കഴിഞ്ഞ ജൂലൈയിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പച്ചക്കൊടി കാട്ടിയത്.
മുന്‍ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ തന്റെ സുപ്രധാനമായ പല പ്രസംഗങ്ങളും ഹൗസ് ഓഫ് ലോര്‍ഡ്‌സിലാണ് നടത്തിയത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ഹൗസ് ഓഫ് കോമണ്‍സിന് സാരമായി കേടുപാടുകളുണ്ടായതിനെതുടര്‍ന്ന് സമ്മേളനങ്ങള്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സിലേക്ക് മാറ്റിയതിനാലാണ് ഇത് സംഭവിച്ചത്. ആരോഗ്യമന്ത്രാലയത്തിന്റെ ഓഫീസ് റിച്ച്‌മോണ്ട് ഹൗസിലേക്ക് മാറ്റാനുളള ആലോചനകള്‍ നടക്കുന്നുണ്ട്. ഹൗസ് ഓഫ് കോമണ്‍സിന് വേണ്ടി ഇതിന്റെ മുറ്റത്ത് പുതിയ താത്ക്കാലിക നിര്‍മാണം തുടങ്ങുന്ന സാഹചര്യത്തിലാണിത്. റിച്ച്‌മോണ്ട് ഹൗസ് നല്ലൊരു നിര്‍ദേശമാണെന്ന് ചില എംപിമാര്‍ കരുതുന്നു. എന്നാല്‍ ഇവിടെ ചില സുരക്ഷാപ്രശ്‌നങ്ങള്‍ ഉളളതായി ചൂണ്ടിക്കാട്ടപ്പെടുന്നു.