നീലഗിരി: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടാം പ്രതിയായ സയന്റെ കാര്‍ അപകടത്തില്‍പ്പെട്ടതില്‍ ദൂരുഹതയില്ലെന്ന് തമിഴ്‌നാട് പൊലീസ്. ശനിയാഴ്ച പുറത്തിറക്കിയ വാര്‍ത്തകുറിപ്പിലാണ് പൊലീസ് ഇക്കാര്യം അറിയിക്കുന്നത്. പ്രാഥമികമായ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ കുറിപ്പ്. ശനിയാഴ്ച രാവിലെയാണ് സയന്‍ സഞ്ചരിച്ച കാര്‍ പാലക്കാട് കണ്ണാടി ദേശീയപാതയില്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ സയന്റെ ഭാര്യ വിനുപ്രിയയും മകള്‍ നീതുവും മരിച്ചിരുന്നു. സയന്‍ ഗുരുതരപരിക്കുകളോടെ ചികില്‍സയിലാണ്.
എന്നാല്‍ സയന്റെ ഭാര്യയുടെയും മകളുടെയും കഴുത്തില്‍ കണ്ട മുറിവുകളെ പറ്റി പൊലീസ് വിശദീകരണം നല്‍കുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാവുകയുള്ളൂ. മരണത്തില്‍ ദൂരുഹതയുണ്ടെന്നായിരുന്നു പാലക്കാട് പൊലീസിന്റെ നിലപാട്.
കോടനാട് എസ്‌റ്റേറ്റിലെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട ഒന്നും രണ്ടും പ്രതികള്‍ അടുത്തടുത്ത ദിവസങ്ങളിലായി അപകടത്തില്‍പ്പെടുകയായിരുന്നു. വെള്ളിയാഴ്ച രാത്രി സേലത്തിനടുത്ത് ആത്തൂരില്‍ നടന്ന ബൈക്ക് അപകടത്തില്‍ ഒന്നാം പ്രതി കനകരാജ് മരിക്കുകയും, ശനിയാഴ്ച പുലര്‍ച്ചെ കണ്ണാടിയില്‍ നടന്ന അപകടത്തില്‍ രണ്ടാം പ്രതി സയന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതാണ് ദുരൂഹതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയാക്കിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 5.40നാണ് സയനും കുടുംബവും സഞ്ചരിച്ച കാര്‍ പാലക്കാട് കണ്ണാടിയില്‍ അപകടത്തില്‍പ്പെട്ടത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ചുകയറുകയായിരുന്നു. വിനുപ്രിയയും നീതുവും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. പൊലീസ് നടത്തിയ ഇന്‍ക്വസ്റ്റില്‍ ഇരുവരുടെയും കഴുത്തില്‍ ആഴത്തിലുളള മുറിവ് കണ്ടെത്തിയിരുന്നു. ഇതാണ് അപകടത്തിനു മുമ്പ് തന്നെ ഇവര്‍ കൊല്ലപ്പെട്ടുവെന്ന നിഗമനത്തില്‍ പൊലീസിനെ എത്തിച്ചത്. കാറില്‍ നടത്തിയ പരിശോധനയില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് രക്തക്കറ കണ്ടെത്താനായത്. ഇതും സംശയം ബലപ്പെടുത്തിയിരുന്നു.
അതേസമയം, കോയമ്പത്തൂരില്‍ ചികിത്സയില്‍ കഴിയുന്ന സയനെ ചോദ്യം ചെയ്യാന്‍ പാലക്കാട് നിന്നുള്ള പൊലീസ് സംഘം ആശുപത്രിയിലെത്തി. കോടനാട് എസ്റ്റേറ്റിലെ മോഷണത്തിലും തുടര്‍ന്നുണ്ടായ ദുരൂഹമരണങ്ങളിലും വലിയ ഗൂഢാലോചനയുണ്ടെന്ന നിഗമനത്തിലാണ് തമിഴ്നാട് പൊലീസ്. ജയലളിതയുടെ മരണശേഷം ശശികല കുടുംബത്തിന്റെ നിയന്ത്രണത്തിലാണ് എസ്റ്റേറ്റും ബംഗ്ലാവും. ജയലളിതയുടെ 2000 കോടി രൂപയുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകള്‍ സ്വന്തമാക്കാനായി നടന്ന ഗൂഢാലോചനയാണെന്നും പൊലീസ് സംശയിക്കുന്നു. കേസിലെ ഒന്നാം പ്രതി കനകരാജ് സേലത്ത് വാഹനാപകടത്തില്‍ മരിച്ചതിലും ദുരൂഹത തുടരുകയാണ്.
Leave a Reply