പൊട്ടിത്തെറിയുണ്ടാക്കി ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ. തൃശൂര്‍ കൊരട്ടി പൂലാനിയിലാണ് സംഭവം. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്കു കാരണമെന്ന കുറിപ്പ് കണ്ടെടുത്തു.

ചാലക്കുടിയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് നാല്‍പത്തിരണ്ടുകാരനായ അനില്‍കുമാര്‍. ഭാര്യയും രണ്ടു മക്കളും രണ്ടു ദിവസം മുമ്പാണ് പിണങ്ങി പോയത്. ഇതിന്റെ മാനസിക വിഷമത്തിലാണ്. മരണം ഉറപ്പാക്കാനുള്ള ആത്മഹത്യാ രീതി യൂ ട്യൂബിലൂടെ കണ്ട് പഠിച്ച ശേഷമാണ് പാചകവാതകവും വെടിമരുന്നും വായിലേയ്ക്കു പ്രവഹിപ്പിച്ചത്.

ശക്തമായ പ്രവാഹത്തില്‍ പൊട്ടിത്തെറി സൃഷ്ടിച്ചായിരുന്നു ജീവനൊടുക്കിയത്. കാറ്ററിങ് നടത്തിപ്പുകാര്‍ വിഭവങ്ങള്‍ ചൂടായി സൂക്ഷിക്കാന്‍ വേണ്ടി ചെറിയ സിലിണ്ടര്‍ ഉപയോഗിച്ച് പാത്രത്തിനു താഴെ തീനാളങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇതിനായി ചെറിയ സിലിണ്ടറുകള്‍ വാങ്ങിക്കാന്‍ കിട്ടും. ഇത്തരം സിലിണ്ടര്‍ ഉപയോഗിച്ചാണ് വാതകം വായിലേയ്ക്കു പ്രവഹിപ്പിച്ചത്.

സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് വിശദമായ പരിശോധന നടത്തിയിരുന്നു. കുടുംബപ്രശ്നങ്ങള്‍ കാരണം ജീവനൊടുക്കുന്നതായുള്ള കുറിപ്പ് പൊലീസിന് കിട്ടി. വീട് അകത്തു നിന്ന് അടച്ചിട്ട നിലയിലായിരുന്നു. ഭാര്യയും രണ്ടു പെണ്‍മക്കളുമുണ്ട്. യു ട്യൂബില്‍ ഓരോ പുത്തന്‍ സാങ്കേതിക വിദ്യകള്‍ കണ്ട് അത് പ്രായോഗികമായി പരീക്ഷിക്കുന്ന പ്രകൃതക്കാരന്‍ കൂടിയായിരുന്നു അനില്‍കുമാര്‍.

വെടിമരുന്ന് തിരയായി പ്രവഹിപ്പിക്കാന്‍ പാകത്തില്‍ ഒരു ഉപകരണം യൂ ട്യൂബ് നോക്കി അനില്‍കുമാര്‍ ഉണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു.