നാടും വിറപ്പിച്ച കാട്ടുകൊമ്പൻ ചക്കയിടാൻ പ്ലാവിൽ കയറുന്നതിനിടെ കാൽ കുരുങ്ങി ചരിഞ്ഞു. ഷോളയൂരിലും പരിസരത്തും ഏതാനും മാസങ്ങളായി കൃഷിയും വീടുകളും നശിപ്പിച്ച് ജനവാസ കേന്ദ്രങ്ങളിൽ ഭീതി പരത്തിയ ഒറ്റയാൻമാരിൽ ഒന്നാണ് വരടിമല താഴ്‌വാരത്തെ സ്വകാര്യതോട്ടത്തിൽ കഴിഞ്ഞദിവസം പകൽ ചരിഞ്ഞത്. രാത്രി തീറ്റതേടിയിറങ്ങിയപ്പോൾ കണ്ട പ്ലാവിൽ നിന്നു ചക്കയിടുന്നതിനിടെ ഒറ്റയാന്റെ മുന്നിലെ വലതുകാൽ മരത്തിന്റെ കവരയിൽ കുടുങ്ങുകയായിരുന്നു. രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടെ പാദത്തിലെ വണ്ണമേറിയ ഭാഗം കുടുങ്ങി മലർന്നുവീണു.
മണിക്കൂറുകളോളം ചിന്നംവിളിയുമായി കിടന്ന കൊമ്പൻ ഉച്ചയോടെയാണു ചരിഞ്ഞത്. മാടു മേയ്ക്കുന്നവരാണു വൈകിട്ട് ആനയെ കണ്ടത്. ഇവർ വിവരമറിയിച്ചതനുസരിച്ച് വനപാലകർ എത്തിയെങ്കിലും അപ്പോഴേക്കും ചരിഞ്ഞു.വീഴ്ചയിൽ കാലിന്റെ എല്ല് പൊട്ടുകയും സ്ഥാനം തെറ്റുകയും ചെയ്തു. മണിക്കൂറുകളോളം തലകീഴായി മലർന്ന് കിടന്നതും വീഴ്ചയുടെ ആഘാതവും വേദനയും കാരണം ആന്തരികാവയവങ്ങളിലുണ്ടായ സമ്മർദ്ദം ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനത്തെ ബാധിച്ചു.

palakkad-elephant

സീനിയർ വെറ്ററിനറി സർജൻ ഡോ. റെജിമോന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മറവുചെയ്തു. രണ്ടര മീറ്റർ ഉയരമുള്ള ആനയ്ക്ക് 20 വയസ്സുള്ളതായി വനപാലകർ പറഞ്ഞു. കൊമ്പിന് 145 സെന്റി മീറ്റർ നീളവും 26 സെന്റിമീറ്റർ നടുവണ്ണവുമുണ്ട്. അഗളി റേഞ്ച് ഓഫിസർ സി.ഷെറീഫ്, ഡപ്യൂട്ടി ഓഫിസർ കെ.മനോജ്, ഫോറസ്റ്റർ ബിനു, ബീറ്റ് ഓഫിസർ എൻ.ആർ.രവികുമാർ, രാമൻ, കണ്ണൻ, മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.