ഒന്നര വയസ്സുള്ള കുഞ്ഞിനെ പാലൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞു വീണു മരിച്ചതു താപാഘാതത്തെ തുടർന്നെന്നു പോസ്റ്റ്മോർട്ടത്തിനു ശേഷമുള്ള പ്രാഥമിക നിഗമനം. അന്തിമ റിപ്പോർട്ട് തയാറാക്കും മുൻപു സ്ഥലത്തു സംഭവിച്ച കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പഠിക്കും. ഒറ്റപ്പാലം ചോറോട്ടൂർ പ്ലാപ്പടത്തിൽ തൊടി സന്തോഷിന്റെ ഭാര്യ കൃപ (25) ആണു കഴിഞ്ഞ ദിവസം ഷൊർണൂർ കാരക്കാട്ടുവച്ചു മരിച്ചത്.
മകൾ ഒന്നര വയസ്സുള്ള കൃതികയ്ക്ക് ഉച്ചയ്ക്ക് 12 മണിയോടെ വീടിന്റെ തുറന്ന മേൽനിലയിൽ നിന്നു പാലൂട്ടുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. അമ്മ കുഴഞ്ഞു വീണപ്പോൾ തുടർച്ചയായി കുഞ്ഞു കരഞ്ഞതു ശ്രദ്ധയിൽപ്പെട്ടു ബന്ധുക്കൾ ഓടിയെത്തിയപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടത്. ഉടൻ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
താപാഘാതം നേരിട്ടു സൂര്യപ്രകാശം ഏൽക്കാതെയും സംഭവിക്കുന്ന ഗുരുതര അവസ്ഥയെന്നു വിദഗ്ധർ. നേരിട്ടു കടുത്ത സൂര്യപ്രകാശം ഏൽക്കുന്നവർക്കു സൂര്യാതപമേറ്റുള്ള പൊള്ളൽമൂലം മരണം സംഭവിച്ച സംഭവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും താപാഘാതം അപൂർവം.
ശരീര ഉൗഷ്മാവ് 104 ഡിഗ്രി സെൽഷ്യസിനു മുകളിൽ വരുന്ന അവസ്ഥയാണു താപാഘാതത്തിലേക്ക് എത്തിക്കുന്നതെന്ന് അനങ്ങനടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ.ജോർജ് മരിയൻ കുറ്റിക്കാട്ട് പറഞ്ഞു. താപാഘാതം സംഭവിക്കുന്നതോടെ അപസ്മാരം വരും. ഇതു തലച്ചോറിനേയും പേശികളേയും വൃക്കകളേയും ബാധിക്കും. ശരീരത്തിലെ ജലാംശവും ലവണാംശവും കുറയും.
Leave a Reply