രാധാകൃഷ്ണൻ മാഞ്ഞൂർ

ഇസ്രയേലിനെ നയിക്കാനുള്ളവൻ പിറക്കുന്നത് അപ്പത്തിൻെറ ഭവനം എന്നർത്ഥമുള്ള ബേത്ലഹേമിൽ ആയിരിക്കുമെന്ന് മിക്കാ പ്രവാചകൻ പ്രവചിച്ചിരുന്നു. ദൈവത്തിൻെറ അനന്തസ്നേഹം കാലിത്തൊഴുത്തിൻെറ ജീർണതയിലേയ്ക്ക് പിറന്നു വീഴുകയായിരുന്നു.ഇല്ലായ്മകളിലേയ്ക്കുള്ള തിരുപ്പിറവി . പൂർണ്ണ ഗർഭിണിയായ മറിയത്തെയും കൊണ്ട് ജോസഫ് എത്രയോ സത്രങ്ങൾക്ക് മുന്നിൽ മുട്ടി. ആട്ടിപ്പായിക്കപ്പെട്ടവൻെറ ഹൃദയ വേദനയുമായി വഴിയരികിൽ ഒരു കാലിത്തൊഴുത്താണ് അഭയത്തിൻെറ കൈത്താങ്ങായി മാറുന്നത്. ഓരോ യാത്രയുടെ ഇടങ്ങളിലും നമുക്കായി ഒരു രക്ഷാ മുനമ്പ് കാത്തിരിക്കുന്നുവെന്ന് ജോസഫിൻറെ ആ രാത്രി നമ്മെ ഓർമിപ്പിക്കുന്നു.

ഭൂമിയിലെ അനാഥർക്കുള്ള നാഥൻറെ പിറവി പ്രതീക്ഷകളുടെ ആകാശം ആകുന്നു. നമ്മുടെ ഹൃദയ കോവിലുകൾ അപരൻെറ ആവശ്യങ്ങളിലേക്ക് തുറന്നിരിക്കുക. ….അവന് സമ്മാനിക്കാൻ സ്നേഹത്തിൻറെ പുൽക്കൂടുകൾ അല്ലാതെ മറ്റെന്താണ് ഉള്ളത്?

മഞ്ഞു പൊഴിയുന്ന പാതിരാ കുർബാനക്കാലം

ഓർമകളുടെ മഞ്ഞുവീണ ആ പാതിരാകുർബാന കാലം ഓർത്തെടുക്കുകയാണ് എഴുത്തുകാരനും റിട്ടയർഡ്‌ അധ്യാപകനുമായ ശ്രീ സെബാസ്റ്റ്യൻ കിളിരുപ്പറമ്പിൽ . ഡിസംബർ മാസം ആരംഭിച്ചു കഴിഞ്ഞാൽ ക്രിസ്തുമസിനായുള്ള തയ്യാറെടുപ്പാണ്.

പൊൻകുന്നം പള്ളിയിലേക്ക് കുർബാനയിൽ പങ്കെടുക്കാൻ കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കും ഒപ്പം സഞ്ചരിച്ച ആ കാലമൊക്കെ ഇന്നലെയെന്നപോലെ ഓർക്കുന്നു. കൃത്യമായി നോയമ്പ് എടുത്ത് പ്രാർത്ഥനകളിൽ പങ്കെടുത്തു കഴിയുമ്പോൾ എന്തെന്നില്ലാത്ത ഉണർവാണ് മനസ്സിന് .

ഡിസംബർ 1 മുതൽ ആകെ തിരക്കാണ്. ഈന്തൽ ഇലകൊണ്ട് പുൽക്കൂട് ഒരുക്കൽ, മുള കീറി നക്ഷത്രം ഉണ്ടാക്കൽ , കരോളിനുള്ള തയ്യാറെടുപ്പുകൾ അങ്ങനെയങ്ങനെ….. പ്രകൃതിപോലും മഞ്ഞുവീണ് നിശബ്ദമായി കിടക്കുന്നത് പോലെ തോന്നും. കൃത്യം 12 മണിക്ക് പള്ളിക്കുള്ളിൽ വെഞ്ചരിച്ച ഉണ്ണീശോയുമായി അച്ഛൻ പുറത്തേക്ക് വരും. പള്ളിക്ക് വെളിയിൽ ഒരുക്കിയ വലിയ പുൽക്കൂടിനുള്ളിൽ ഉണ്ണീശോയെ കൊണ്ടുവയ്ക്കും. അതിനുള്ളിൽ രാജാക്കന്മാരുടെയും, ആട്ടിടയന്മാരുടെയും നീണ്ട നിരകൾ ഉണ്ടാവും.

മെഴുകുതിരി വെളിച്ചത്തിൽ പുൽക്കൂടൊരു സ്വർഗ്ഗ സമാനമായ കാഴ്ചയായി മാറുകയാണ്. ക്രിസ്തുനാഥൻെറ ജനനം അറിയിച്ച് കതിനകൾ പൊട്ടിക്കുന്ന നേരത്ത് അപ്പവും ഇറച്ചിക്കറിയും വച്ചിരുന്ന ഉറിയും പൊട്ടിച്ച് താഴെവീണ “മഹാൻ “മാരുടെ രസകരമായ കഥകൾ ഏറെയുണ്ടായിരുന്നു.

ഇന്ന് വിപണിയിൽ റെഡിമെയ് ഡ് പുൽക്കൂടുകൾ ലഭ്യമാവുന്ന കാലമാണ്. ചൂരൽ കൊണ്ട് നിർമ്മിച്ചത്. മാഞ്ഞൂരിൽ എൻറെ കുട്ടിക്കാലത്ത് പ്രിയ ചങ്ങാതിയും ഇപ്പോൾ അധ്യാപകനുമായ റജി തോമസും, അനുജൻ റോയിയും , റോബിനും ഒക്കെ ചേർന്നൊരുക്കിയ പുൽക്കൂടുകൾ ഓർമ്മ വരുന്നു. കുന്നൂപ്പറമ്പിലെ പുൽക്കൂട് കാണാൻ പോകുന്നത് ഒരു പരിപാടി തന്നെയായിരുന്നു . അവരുടെ പപ്പാ ( തോമസ് ചേട്ടൻ) എറണാകുളത്തു നിന്ന് വാങ്ങി കൊണ്ടുവരുന്ന രാജാക്കൻമാരും, ആട്ടിടയന്മാരും ഒക്കെ ഉണ്ടാവും. ഈന്തലിൻറെ ഇല കൊണ്ടും മീശ പുല്ലു കൊണ്ടും ഒരുക്കുന്ന നാഥൻറെ കാലിത്തൊഴുത്ത്…… മിന്നിമിന്നിത്തെളിയുന്ന ചെറിയ ബൾബുകളൊക്കെ കൗതുകക്കാഴ്ചയായി ഇന്നുമുണ്ട് മനസ്സിൽ ……ഡിസംബറിലെ ആകാശവിളക്കുകൾ……

ഡിജിറ്റൽ യുഗത്തിലേക്കുള്ള യാത്രയിൽ നമ്മുടെ ആഘോഷങ്ങളും, കൂട്ടായ്മകളും വഴിമാറി പോകുന്നു. നമ്മുടെ ഹൃദയങ്ങളും പ്രവർത്തികളും അസ്വസ്ഥമാവുന്നു. ലോകം കോവിഡിൻെറ കഷ്ടതകളിൽ നിന്നും മോചനം നേടിയിട്ടില്ല. ജീവിതത്തിൻെറ വേവലാതിപ്പുഴ നീന്താനുള്ള വ്യഗ്രതയിൽ നാം സ്വത്വബോധം മറന്ന ഒരു ജനതയാവുന്നു. ആഘോഷങ്ങൾ പഴയ നാട്ടിൽ തനിമകൾ പിന്തുടരട്ടെ…..അയൽക്കാരൻെറ സങ്കടങ്ങൾ പങ്കിടാനുള്ള മനസ്സ് ഉണ്ടാവട്ടെ…… അവൻറെ കാഴ്ചകൾ നമ്മുടേതു കൂടിയാണ് എന്ന് അറിയുക.

ഉപരേഖ

ക്രിസ്തുമസ്, ഓണം എന്നീ ആഘോഷങ്ങൾക്ക് തനത് രുചിശീലങ്ങളുണ്ടായിരുന്നു. ( അടുക്കളയിൽ രൂപപ്പെടുന്ന കറിക്കൂട്ടുകളുടെ മായാജാലം). നമ്മുടെ അമ്മച്ചിമാർ പിന്തുടർന്ന ചേരുവകളിൽ നിന്നും വഴിമാറിയാണ് ആഘോഷ അടുക്കളകൾ പ്രവർത്തിക്കുന്നത്. തനതു രുചി ബോധങ്ങളും , ജീവിതശൈലികളും വീണ്ടെടുക്കാൻ നാം യത്നിക്കണം . മനസിൻെറ പുൽക്കൂടുകൾ തുറന്നിടുക….. മാനവികതയുടെ ആകാശം കാണട്ടെ.