പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ആദ്യാവസാനം നിറഞ്ഞതുനിന്നത് വിവാദങ്ങൾ. സ്ഥാനാർഥിപ്രഖ്യാപനം മുതൽ തുടങ്ങിയ വിവാദങ്ങൾ നിശ്ശബ്ദപ്രചാരണദിവസമായ ചൊവ്വാഴ്ചയും തുടർന്നു. ഒരു ദിവസംപോലും ഇടവേളയില്ലാതെ വിവാദങ്ങളുടെ കുത്തൊഴുക്കായിരുന്നു. ബുധനാഴ്ചയാണ് വോട്ടെടുപ്പ്.
യു.ഡി.എഫിന്റെ സ്ഥാനാർഥിപ്രഖ്യാപനത്തിൽ എതിർപ്പുമായി ഡോ. പി. സരിൻ രംഗത്തെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. സരിൻ പിന്നീട് എൽ.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥിയായി. മൂന്നു മുന്നണികളും പരസ്പരം ഡീൽ ആരോപണവുമായി രംഗത്തെത്തി. ട്രോളി വിവാദം, പാതിരാറെയ്ഡ് നാടകം, ഇരട്ടവോട്ട്, സന്ദീപ് വാരിയരുടെ കോൺഗ്രസിലേക്കുള്ള വരവ്, സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസംഗം തുടങ്ങിയവയും ചർച്ചയായി. രണ്ട് ദിനപത്രങ്ങളിൽ എൽ.ഡി.എഫ്. നിയോജകമണ്ഡലം കമ്മിറ്റി പ്രസിദ്ധീകരിച്ച പരസ്യത്തിലെ ഉള്ളടക്കത്തെച്ചൊല്ലിയുള്ള ആരോപണങ്ങളാണ് അവസാനദിവസം വിവാദത്തിന് വഴിതുറന്നത്. ഉള്ളടക്കത്തെ സി.പി.എം. ന്യായീകരിച്ചപ്പോൾ സി.പി.ഐ. ജില്ലാസെക്രട്ടറി അത് എൽ.ഡി.എഫ്. അറിഞ്ഞതല്ലെന്ന് തുറന്നുപറഞ്ഞതോടെ മുന്നണിക്കകത്തുതന്നെ രണ്ട് അഭിപ്രായമുണ്ടെന്ന് വ്യക്തമായി.
ലോക്‌സഭാതിരഞ്ഞെടുപ്പ് കഴിഞ്ഞതുമുതൽ കോൺഗ്രസും സി.പി.എമ്മും ബി.ജെ.പി.യും മണ്ഡലത്തിൽ പുതിയ വോട്ടർമാരെ ചേർത്തിരുന്നു. ഇത് ഒടുവിൽ ഇരട്ടവോട്ട് വിവാദത്തിലേക്കുമെത്തി. കഴിഞ്ഞ തവണത്തേക്കാൾ പോളിങ് ശതമാനം ഉയർത്താനാണ് എല്ലാ കക്ഷികളുടേയും ശ്രമം. കുളം കലക്കിയ പ്രചാരണതന്ത്രങ്ങളും വിവാദങ്ങളും പാലക്കാട്ടെ വോട്ടർമാരെ എങ്ങനെ സ്വാധീനിച്ചുവെന്നറിയാൻ വോട്ടെണ്ണൽ നടക്കുന്ന 23 വരെ കാത്തിരിക്കേണ്ടിവരും.
Leave a Reply