ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ അധികം താമസിയാതെ ദയാവധം നിയമവിധേയമാകും എന്നാണ് പൊതുവെ കരുതപ്പെടുന്നത്. 275 -ന് എതിരെ 330 വോട്ടുകൾക്ക് അസിസ്റ്റഡ് ഡൈയിങ് ബില്ലിന് പാർലമെന്റിൽ പ്രാഥമിക അംഗീകാരം ലഭിച്ചത് അതിനു തുടക്കമാണ്. പല രാജ്യങ്ങളിലും ദയാവധം നിയമവിധേയമാണെങ്കിലും ബ്രിട്ടൻ മടിച്ചു നിൽക്കുകയായിരുന്നു. 2015 -ൽ ദയാവധം നിയമ വിധേയമാക്കാനുള്ള ബിൽ അവതരിപ്പിച്ചപ്പോൾ 118 നെതിരെ 330 വോട്ടുകൾക്ക് നിരസിക്കപ്പെട്ടിരുന്നു.
ദയാവധത്തെ കുറിച്ചുള്ള ചർച്ചകൾക്കിടയിൽ ഇംഗ്ലണ്ടിലെ പാലിയേറ്റീവ് കെയർ സംവിധാനങ്ങൾ ഫലപ്രദമല്ലെന്നുള്ള കടുത്ത വിമർശനങ്ങളും ഉയർന്നു വരുന്നുണ്ട്. പാലിയേറ്റീവ് കെയറിന് ആവശ്യമായി ഫണ്ട് ലഭിക്കുന്നില്ലെന്ന പരാതിയാണ് വ്യാപകമായി ഉയർന്നു വരുന്നത്. ലോകത്തിലെ ഏറ്റവും മികച്ച പാലിയേറ്റീവ് കെയർ സംവിധാനം യുകെയിലാണ് നിലവിലുള്ളതെന്ന് പറയുമ്പോഴും പണത്തിന്റെ അഭാവം ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നതായി അസോസിയേഷൻ ഫോർ പാലിയേറ്റീവ് മെഡിസിൻ (എപിഎം) ൻ്റെ പ്രസിഡൻറ് ഡോ സാറാ കോക്സ് പറഞ്ഞു.
അസിസ്റ്റഡ് ഡൈയിങ് ബിൽ നിയമ വിധേയമാക്കാനുള്ള പ്രാരംഭ നടപടികൾ മാത്രമാണ് നിലവിൽ കഴിഞ്ഞത്. ബില്ലിനെതിരെ വോട്ട് ചെയ്ത മിക്ക എംപിമാരും ഇംഗ്ലണ്ടിലെ പാലിയേറ്റീവ് കെയർ സംവിധാനം പരിഷ്കരിക്കണമെന്ന അഭിപ്രായക്കാരാണ്. ബില്ലിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് ദയാവധത്തെ എതിർക്കുന്ന ലേബർ പാർട്ടിയുടെ ഡയാന അബോട്ട് അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിൽ പത്തിൽ നാല് ആശുപത്രികളിലും ആഴ്ചയിൽ എല്ലാ ദിവസവും സ്പെഷ്യലിസ്റ്റ് പാലിയേറ്റീവ് കെയർ സേവനങ്ങൾ ലഭ്യമല്ലെന്ന ഞെട്ടിക്കുന്ന ഓഡിറ്റ് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. പ്രതിവർഷം 300000 പേർക്ക് പാലിയേറ്റീവ് കെയറിന്റെ പരിചരണം നൽകുന്ന പല ഹോസ്പിസുകൾ പണത്തിനായി പാടുപെടുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാലിയേറ്റീവ് കെയർ മേഖലയിലെ വീഴ്ചകൾ ആദ്യം പരിഹരിച്ചിട്ടുവേണം ദയാവധം നീയമവിധേയമാക്കാൻ എന്നാണ് ബില്ലിനെ എതിർക്കുന്നവർ പറയുന്നത് .
Leave a Reply