സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
ഓശാന… ഓശാന…. ദാവീദാത്മജന് ഓശാന..
നാല്‍പ്പതു ദിവസത്തെ നോമ്പിന് ശേഷം കര്‍ത്താവിന്റെ കഷ്ടാനുഭവ
ആഴ്ചയിലേക്ക് പ്രവേശിക്കുകയാണ്. ഏതൊരു വിശ്വാസിയുടെയും
മനസ്സില്‍ പ്രാര്‍ഥനയുടെയും സഹനത്തിന്റെയും രക്ഷണ്യ
പ്രവര്‍ത്തനത്തിന്റെയും ഓര്‍മ്മ പുതുക്കുന്ന ദിവസങ്ങള്‍ ആണ്.
പാപമോചനത്തിന്റെയും അനുതാപത്തിന്റെയും സന്ദേശങ്ങളും
അനുഭവങ്ങളുമാണ് ഓരോ ദിവസത്തെയും വായനാ ഭാഗങ്ങള്‍ . നമ്മുടെ
കര്‍ത്താവ് ബെഥാന്യയില്‍ നിന്ന് യെരൂശലേമിലേക്കു ഉള്ള യാത്രയില്‍
അവിടെ ഉള്ള ജനം കര്‍ത്താവിനെ സ്വീകരിക്കുന്ന സംഭവമാണ് ഓശാന പെരുന്നാള്‍. ഇത്
വെറുമൊരു യാത്രയായിട്ട് അല്ല പകരം രാജകീയമായ ഒരു യാത്രയായിട്ടാണ്
നാം മനസ്സിലാക്കേണ്ടത്. നൂറ്റാണ്ടുകളായി ആയി തങ്ങളുടെ രാജാവ്
കടന്നുവരുമെന്ന് വിശ്വസിച്ച് പ്രത്യാശയോടെ ഇരിക്കുന്ന യഹൂദ ജനമധ്യേ ആണ് ഈ യാത്ര. ഒലിവീന്തല്‍ തലകളും കുരുത്തോലകളും ആയി ജനം
അവനെ സ്വീകരിക്കുകയും വസ്ത്രം വഴിയില്‍ വിരിച്ചു പാത ഒരുക്കുകയും
ചെയ്തു.
ഈ യാത്രയുടെ ആരംഭത്തില്‍ തന്റെ ശിഷ്യന്മാരെ ആയ്ച്ചു അടുത്തുള്ള
ഗ്രാമത്തില്‍ പോയി ഇതുവരെ ആരും കയറിയിട്ടില്ലാത്ത കഴുതക്കുട്ടിയെ
കൊണ്ടുവരുവാന്‍ ആവശ്യപ്പെടുന്നു. ഇത് എന്തിന് എന്ന് ആരെങ്കിലും
ചോദിച്ചാല്‍ നമ്മുടെ കര്‍ത്താവിന് ഇതിനെ കൊണ്ട് ആവശ്യമുണ്ട് എന്ന്
പറയണം എന്ന് അവരോട് പറഞ്ഞു. വിനയത്തിന്റെയും താഴ്മയുടെയും
ഉദാഹരണമായി ആയി കര്‍ത്താവ് ജീവിതത്തില്‍ തന്നെ കാട്ടിത്തരുകയാണ്.
ഇന്നത്തെ കാലഘട്ടത്തില്‍ ഈ ഒരു ചിന്ത വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
കര്‍ത്താവിനു വേണ്ടി ഈ കഴുതയുടെ ധര്‍മ്മം നിര്‍വഹിക്കുവാന്‍ നമുക്ക്
അര്‍ഹതയുണ്ടോ? ആത്മീക ആചാര്യന്മാരെ തിരഞ്ഞെടുക്കുമ്പോഴും
ഭൗതികമായ യോഗ്യതകള്‍ ആണ് കണക്കിടുന്നത്. അവര്‍ പഠനത്തില്‍
മുമ്പന്മാര്‍ ആയിരിക്കാം എന്നാല്‍ പ്രായോഗികമായ
ജീവിതത്തിലും ക്രൈസ്തവ ധര്‍മ്മം പുലര്‍ത്തുന്നതിനും പിന്നോക്കം
നില്‍ക്കുന്നവര്‍ ആയിതീരാറുണ്ട്. കര്‍ത്താവിനു വേണ്ടത് ഇതുവരെ ആരും
കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ ആണ്. യോഗ്യതയും വിനീതനും
ദാസനും ആയ ഭാവം. ഇന്നത്തെ കാലത്തില്‍ ആര്‍ക്കുവേണം ഈ യോഗ്യതകള്‍.
പ്രൗഢിയും അലങ്കാരങ്ങളും അല്ലേ ഉന്നത സ്ഥാനങ്ങളുടെ മുഖമുദ്രയായി
ഇരിക്കുന്നത്. എന്നാല്‍ കര്‍ത്താവ് തെരഞ്ഞെടുത്തത് മനുഷ്യന്റെ
തിരഞ്ഞെടുപ്പിന് വ്യത്യസ്തമായ രീതിയിലാണ്.
കര്‍ത്താവിന്റെ ഈ യാത്ര ദേവാലയത്തിലേക്ക് ആയിരുന്നു. വലിയ
ഇടവകകളില്‍ നടക്കുന്ന പെരുന്നാളിന്റെ നാം കണ്ടിട്ടുള്ള അതേ
ഭാവമായിരുന്നു യെരുശലേം ദേവാലയത്തിനും. വഴിയോര കച്ചവടങ്ങളും
എന്തിനേറെ, ദേവാലയത്തിന് ഉള്ളില്‍ പോലും വിപുലമായ കച്ചവട
സംവിധാനത്തിന് വേണ്ടി മാറ്റപ്പെട്ടിരുന്നു. ദിവസങ്ങളും മാസങ്ങളും
യാത്ര ചെയ്തു തീര്‍ഥാടനം ചെയ്യുന്ന ഒരു സാദാരണക്കാരന്‍ കുറച്ചു
നിമിഷങ്ങള്‍ ദേവാലയത്തിനു ഉള്ളില്‍ നില്കും, ബാക്കി സമയം മുഴുവന്‍
സാധങ്ങള്‍ വാങ്ങാനും കാഴ്ച കാണാനും മാറ്റി വെക്കാറില്ലേ? നാമും
എന്തെല്ലാം ഉദ്ദേശങ്ങളോട് കൂടിയാണ് ദേവാലയത്തിലേക്ക് പോകുന്നത്.
പലചരക്കു പച്ചക്കറിയും എന്തിനേറെ സിനിമ കാണാന്‍ വരെ
ദേവാലയത്തിലെ ആരാധനയെ നാം കൂട്ടുപിടിക്കുന്നു. ഇങ്ങനെയുള്ള
മനസ്ഥിതിയാണ് കര്‍ത്താവ് ചാട്ടവാര്‍ കൊണ്ട് അടിച്ചു പുറത്താക്കുന്നത്.
രാജാധിരാജനായവനെ സ്വീകരിക്കുവാന്‍ തങ്ങള്‍ ധരിച്ചിരിക്കുന്ന വസ്ത്രം
വരെയും അവര്‍ വഴിയില്‍ വിരിച്ചു. തങ്ങള്‍ക്ക് വസ്ത്രങ്ങള്‍ തരുന്ന
സുരക്ഷയെക്കാള്‍ ഉത്തമമായതും വലുതുമായ സുരക്ഷ
ദൈവസന്നിധിയില്‍ ലഭിക്കുന്നു എന്നുള്ളത് ഇവിടെ പ്രത്യേകം
ഓര്‍ക്കുന്നു. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും
പ്രതീകമായി അവര്‍ വസ്ത്രം വിരിക്കുകയും കുരുത്തോലകള്‍ ഏന്തുകയും
ചെയ്തു. നമ്മളെപ്പോലെയുള്ള മനസ്ഥിതി ഉള്ളവരും
അക്കൂട്ടത്തിലുണ്ടായിരുന്നു. വെറും കാഴ്ചക്കാരായി പാതയോരങ്ങളില്‍
കാത്തു നില്‍ക്കുന്നവര്‍. ദൈവസാന്നിധ്യമോ തന്റെ വരവിന്റെ
ഉദ്ദേശങ്ങളോ ഒന്നും ബാധിക്കാത്ത ചിലര്‍. തങ്ങളുടെ അധരങ്ങള്‍ കൊണ്ട്
ദൈവസ്തുതി ഉച്ചരിക്കുവാന്‍ മടികാണിക്കുന്ന അവരെ നോക്കി കര്‍ത്താവ്
പറഞ്ഞു നിങ്ങള്‍ മിണ്ടാതിരുന്നാല്‍ ഈ കല്ലുകള്‍ ആര്‍ത്തു വിളിക്കും.
സമത്വത്തിലും സ്വരൂപത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ നന്ദികേട്
കാണിക്കുമ്പോള്‍ നിര്‍ജ്ജീവങ്ങളായ പ്രകൃതി തന്നെ സൃഷ്ടാവിനോട് അനു
രൂപപ്പെടും എന്നുള്ള ഉള്ള കാര്യമാണ് കര്‍ത്താവ് ഇവിടെ ഓര്‍മിപ്പിച്ചത്.
കുരുത്തോലകളും മരക്കൊമ്പുകളും പ്രതീകം ആക്കുന്നത് ഈ പ്രകൃതിയുടെ
സ്തുതിപ്പ് തന്നെയാണ്. ഓശാനയുടെ പ്രത്യേക ശുശ്രൂഷ ആയ കുരുത്തോല
വാഴ് വിന്റെ ക്രമത്തില്‍ അവ വെട്ടപെട്ട വൃക്ഷങ്ങളും കൊണ്ടുവന്ന കുടുംബങ്ങളും അവയെ
കൊണ്ടുപോകുന്ന ഭവനങ്ങളും അനുഗ്രഹിക്കപ്പെടും എന്ന്
പ്രാര്‍ത്ഥിക്കുന്നു. യുദ്ധങ്ങളുടെ ശമനത്തിനും രോഗങ്ങളുടെ ശാന്തതയ്ക്കും
ഭവനത്തിന്റെ അനുഗ്രഹത്തിനുമായി വാഴ്ത്തപ്പെട്ട കുരുത്തോല നാം
ഭവനങ്ങളില്‍ സൂക്ഷിക്കുന്നു.
ഇത് വെറും അനുസ്മരണം അല്ല.
കര്‍ത്താവായി ആയി നമ്മുടെ ഉള്ളിലേക്ക് മഹത്വത്തിന്റെ നായകന്‍
കടന്നുവരണം എന്നുള്ളതാണ് ഈ ദിവസത്തിന്റെ സന്ദേശം. ഈ പ്രവേശനം
പല അവസരങ്ങളിലും നാം ആഗ്രഹിക്കാറുണ്ട്. എന്നാല്‍ അത്
ഉള്‍ക്കൊള്ളുവാന്‍ പലപ്പോഴും നമുക്ക് സാധിക്കാറില്ല. കാരണം ഇത്രയേ
ഉള്ളൂ.. കര്‍ത്താവ് നമ്മുടെ ഉള്ളിലേക്ക് കടന്നുവന്നാല്‍ നമ്മള്‍
പരിപാലിക്കുന്നതും നടന്നു പോകുന്നതുമായ ചിട്ടകളും
ജീവിതങ്ങളും എല്ലാം മാറ്റേണ്ടിവരും. നമ്മുടെ ഉള്ളങ്ങള്‍ നാമൊരു
ആത്മശോധന നടത്തുകയാണെങ്കില്‍ നമുക്ക് തിരിച്ചറിയാന്‍ സാധിക്കും
കര്‍ത്താവ് പറഞ്ഞതുപോലെ നിങ്ങള്‍ അതിനെ കള്ളന്മാരുടെ ഗുഹ
ആക്കിത്തീര്‍ത്തു. അങ്ങനെയുള്ള മനോഭാവത്തില്‍ നിന്നുള്ള ഒരു മാറ്റം
ആണ് ഓശാന പെരുന്നാള്‍ നമുക്ക് സാധ്യമാകുന്നത്. കഴുതയും
കുരുത്തോലയും ഈന്തപ്പനയും ഓശാന പാട്ടും എല്ലാം നമുക്ക് ഇഷ്ടമാണ്
എന്നാല്‍ അതിനേക്കാള്‍ ഉപരിയായി തങ്ങളുളെ ഹൃദയങ്ങളിലേക്ക് രാജാവിനെ
സ്വീകരിക്കുവാന്‍ വിനീതനായ കഴുതക്കുട്ടി ആയിത്തീരുവാന്‍ നമുക്ക്
മനസ്സുണ്ടോ?
ഓശാന എന്ന പദത്തിന്റെ അര്‍ത്ഥം കര്‍ത്താവേ ഇപ്പോള്‍ രക്ഷിക്കേണമേ
എന്നാണ്. അനര്‍ത്ഥങ്ങളുടെയും അസമാധാനത്തിന്റെയും രോഗങ്ങളുടേയും
നടുവില്‍ കഴിയുന്ന നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം കര്‍ത്താവേ ഇപ്പോള്‍
ഞങ്ങളെ രക്ഷിക്കേണമേ ,ഓശാന. അനുഗ്രഹിക്കപ്പെട്ട ഓശാന
പെരുന്നാള്‍ എല്ലാവര്‍ക്കും പ്രാര്‍ത്ഥനാപൂര്‍വ്വം ആശംസിക്കുന്നു
പ്രാര്‍ത്ഥനയില്‍
ഹാപ്പി ജേക്കബ് അച്ചന്‍
ഫാ. ഹാപ്പി ജേക്കബ്
ഇന്ത്യന്‍ ഓര്‍ത്ത് ഡോക്‌സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട
മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ്ജ് ചര്‍ച്ച്,
ന്യു കാസില്‍ സെന്റ് തോമസ് ചര്‍ച്ച്,
സുന്ദര്‍ലാന്‍ഡ് സെന്റ് മേരീസ് പ്രയര്‍ ഫെല്ലോഷിപ്, നോര്‍ത്ത് വെയില്‍സ് സെന്റ് ബെഹനാന്‌സ് ചര്‍ച്ച് ഇടവകകളുടെ വികാരിയും ഭദ്രാസന സെക്രട്ടറിയുമായി സേവനം അനുഷ്ടിക്കുന്നു.
യുകെയിലെ ഹാരോഗേറ്റില്‍ താമസിക്കുന്നു
Leave a Reply