സ്വന്തം ലേഖകൻ

യു കെ :- കൊറോണ ബാധ ആരംഭിച്ചതിനു ശേഷം ആദ്യമായി എലിസബത്ത് രാജ്ഞി തന്റെ കുടുംബാംഗങ്ങളോടൊത്ത് ഒത്തുചേർന്നു. കേംബ്രിഡ്ജിലെ ഡ്യൂക്ക് ആയിരിക്കുന്ന വില്യം രാജകുമാരനെയും, ഭാര്യയെയും എലിസബത്ത് രാജ്ഞി വിൻഡ്സർ കാസ്റ്റിലിൽ സ്വീകരിച്ചു. ക്രിസ്മസിൻെറ ഭാഗമായി ഇരുവരും നടത്തിയ മൂന്ന് ദിവസത്തെ രാജകീയ ട്രെയിൻ യാത്രയ്ക്ക് ശേഷം ആണ് ഇരുവരെയും കാസ്റ്റിലിൽ രാജ്ഞി സ്വീകരിച്ചത്. കോവിഡ് നിയന്ത്രണങ്ങളും, സാമൂഹ്യ അകലവും കൃത്യമായി പാലിക്കപ്പെട്ടു. ക്രിസ്മസ് ആഘോഷത്തിൽ ചാൾസ് രാജകുമാരനും ഭാര്യയും പങ്കെടുത്തു. ഇവരോടൊപ്പം തന്നെ ഏൾ ഓഫ് വെസ്സെക്സ് ആയിരിക്കുന്ന എഡ്വേർഡ് രാജകുമാരനും, ആൻ രാജകുമാരിയും ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുത്തു. സാധാരണയായി കുടുംബാംഗങ്ങളോടൊത്ത് നോർഫോക്കിലെ സാന്ദ്രിഗം എസ്റ്റേറ്റിലാരുന്നു ആയിരുന്നു രാജ്ഞി ക്രിസ്മസ് ആഘോഷിക്കുക. എന്നാൽ കൊറോണ ബാധമൂലം ഇത്തവണ പതിവിന് വിപരീതമായി എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വിൻഡ്സർ കാസ്റ്റിലിൽ ആയിരിക്കും ക്രിസ്മസ് ആഘോഷിക്കുക എന്ന് നേരത്തെ തീരുമാനം ആയിരുന്നു.

ഇത്തവണ രാജ്ഞി കുടുംബാംഗങ്ങളോടൊത്തുള്ള ആഘോഷങ്ങളിൽ നിന്ന് വിട്ടു നിൽക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചിരുന്നു. സാധാരണ ജനങ്ങളെ പോലെ തന്നെ അടുത്തവർഷം എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ ആണ് രാജ്ഞിയും കുടുംബവും എന്ന് ഔദ്യോഗിക വക്താവ് രേഖപ്പെടുത്തി. വില്യം രാജകുമാരനും ഭാര്യയും നടത്തിയ ട്രെയിൻ യാത്രയെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭിനന്ദിച്ചു. ഇത്തരം ഒരു കാലഘട്ടത്തിൽ ഇത് ജനങ്ങൾക്ക് ഊർജ്ജം പകരുന്നതാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തവണ തങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങൾ എവിടെയായിരിക്കണം എന്ന് തീരുമാനിച്ചിട്ടില്ലെന്ന് വില്യം രാജകുമാരനും ഭാര്യയും മാധ്യമങ്ങളോട് പറഞ്ഞു.

വില്യം രാജകുമാരനും ഭാര്യയും തങ്ങൾ നടത്തിയ യാത്രയ്ക്കിടെ കോവിഡ് നിർമ്മാർജനത്തിനായി പോരാടുന്നവരെ കണ്ട് തങ്ങളുടെ അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു. കൃത്യമായ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാവും കൊട്ടാരത്തിലെ ഓരോ ചടങ്ങുകളും നടക്കുക എന്ന് അധികൃതർ അറിയിച്ചു.