പാന്‍ഡോറ രേഖകള്‍ പുറത്തായതോടെ ലോകമെമ്പാടുമുള്ള പ്രമുഖരുടെ രഹസ്യനിക്ഷേപങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളാണ് പുറംലോകമറിഞ്ഞിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ എന്നിവരുള്‍പ്പടെയുള്ള ലോകനേതാക്കള്‍ കൂടാതെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ജാക്കി ഷ്‌റോഫ് തുടങ്ങിയ ഇന്ത്യക്കാരുടെ പേരുകളും പാന്‍ഡോറ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഈ പ്രമുഖരുടെ എല്ലാവരുടെയും കൂടെ ചേര്‍ത്ത് വായിക്കാവുന്ന മറ്റൊരു പേരാണ് ലണ്ടന്‍. രഹസ്യ സമ്പാദ്യങ്ങള്‍ക്കായി ലോകമെമ്പാടുമുള്ള പ്രമുഖര്‍ നോട്ടമിടുന്ന സ്ഥലങ്ങളില്‍ ഏറ്റവും മതിപ്പുള്ള സ്ഥലമാണ് ലണ്ടന്‍. ജോര്‍ദാനിലെ അബ്ദുല്ല രണ്ടാമന്‍ രാജാവിനും അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവിനും പാക്കിസ്ഥാനിലെ ചില മന്ത്രിമാര്‍ക്കും വന്‍തോതില്‍ രഹസ്യസമ്പാദ്യങ്ങളുള്ളത് ലണ്ടനിലാണെന്നാണ് പാന്‍ഡോറ രേഖകള്‍ വ്യക്തമാക്കുന്നത്.

2019ല്‍ ഗ്ലോബല്‍ വിറ്റ്‌നസ്സ് എന്ന സംഘടന നടത്തിയ സര്‍വേ് പ്രകാരം ഇംഗ്ലണ്ടിലും വെയില്‍സിലുമായി 87,000 വസ്തുവകകളുടെ ഉടമസ്ഥാവകാശം കടലാസുകമ്പനികളുടെ ഇടപാടുകാര്‍ക്കാണെന്ന് കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ അജ്ഞാതരായ ഉടമകളുള്ള വസ്തുവകകളില്‍ 40 ശതമാനവും ലണ്ടനിലാണ്.ഇവയ്‌ക്കെല്ലാം കൂടി 10,000 കോടി പൗണ്ടാണ് വിലമതിക്കുന്നത്.

ജോര്‍ദാന്റെ സാമ്പത്തികനില പരുങ്ങലിലാണെന്ന് പറഞ്ഞ് ലോകബാങ്കിനോട് അബ്ദുല്ല രണ്ടാമന്‍ ധനസഹായം ചോദിച്ചതിന് പിന്നാലെയാണ് യുഎസിലും ബ്രിട്ടനിലുമായി 10 കോടി ഡോളറിന്റെ ആഡംബരവസതികള്‍ അദ്ദേഹം സ്വന്തമാക്കിയെന്നതിന്റെ രേഖകള്‍ പുറത്തുവന്നത്. ബ്രിട്ടീഷ് നിയമപ്രകാരം ഇത്തരം ഇടപാടുകള്‍ അനധികൃതമല്ല.

വിദേശനിക്ഷേപങ്ങളെ ആകര്‍ഷിക്കാന്‍ ഇത്തരം ഇടപാടുകള്‍ക്കെതിരെ ബ്രിട്ടീഷ് അധികൃതര്‍ കണ്ണടച്ചിട്ട് കാലങ്ങളായി. എങ്കിലും പാന്‍ഡോറ രേഖകളിലൂടെ ഇത്തരം നിക്ഷേപങ്ങള്‍ ധാരാളമായി പുറത്തുവന്നതിനാല്‍ വെളിപ്പെടുത്തലുകളില്‍ നികുതിവകുപ്പ് അധികൃതര്‍ അന്വേഷണം നടത്തുമെന്ന് ബ്രിട്ടീഷ് ധനമന്ത്രി ഋഷി സുനുക് അറിയിച്ചിട്ടുണ്ട്. പുതിയ നിയമ നിര്‍മാണത്തിന് ശുപാര്‍ശ നല്‍കുമെന്നാണ് യൂറോപ്യന്‍ കമ്മിഷന്റെ അറിയിപ്പ്.