ഡാക്കർ (സെനഗൽ): 2002 ഫിഫ ലോകകപ്പ് ഫുട്ബോളിലെ ഉദ്ഘാടന മത്സരത്തിൽ 1998 ചാന്പ്യന്മാരായെത്തിയ ഫ്രാൻസിനെ അട്ടിമറിച്ച സെനഗലിന്റെ ഗോൾ നേട്ടക്കാരനായിരുന്ന പാപ ബൂബ ഡിയൊപ് (42) അന്തരിച്ചു. ദീർഘനാളായി രോഗബാധിതനായിരുന്നു.
സെന്റർ ബാക്കും, ഡിഫൻസീവ് മിഡ്ഫീൽഡറുമായിരുന്ന ഡിയൊപ് 2002 ലോകകപ്പിലൂടെയാണ് ശ്രദ്ധേയനായത്. ഉറുഗ്വെ, ഫ്രാൻസ് എന്നിവരെ പിന്തള്ളി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തോടെ നോക്കൗട്ടിൽ പ്രവേശിച്ച സെനഗൽ, 2002ൽ ക്വാർട്ടറിൽവരെ എത്തി. ലോകഫുട്ബോളിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായിരുന്നു ഫ്രാൻസിനെതിരായ സെനഗലിന്റെ ജയം. ഗ്രൂപ്പിൽ ഉറുഗ്വെയുമായി 3-3നു സമനില പാലിച്ച മത്സരത്തിലും സെനഗലിന്റെ ഹീറോ ഡിയൊപ് ആയിരുന്നു. ഡിയൊപ് ഇരട്ട ഗോൾ നേടിയ മത്സരത്തിൽ 3-0നു മുന്നിട്ടുനിന്നശേഷമായിരുന്നു സെനഗൽ സമനില വഴങ്ങിയത്.
സെനഗലിനായി 63 മത്സരങ്ങളിൽനിന്ന് 11 ഗോൾ നേടി. ഫുൾഹാം, ബിർമിംഗ്ഹാം സിറ്റി, പോർട്സ്മൗത്ത്, വെസ്റ്റ് ഹാം യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകളുടെ ജഴ്സിയണിഞ്ഞു.
Leave a Reply