എടത്വാ : സെന്റ് അലോഷ്യസ് കോളേജിലെ മുൻ പ്രിൻസിപ്പലും സിഎംഐ സഭാംഗവും അമേരിക്കയിലെ സൗത്ത് കരോളിന സംസ്ഥാനത്തെ നോര്‍ത്ത് അഗസ്റ്റയിലെ സെന്റ് എഡ്വേര്‍ഡ് പള്ളിവികാരിയുമായ ഫാ. ചെറിയാന്‍ തലക്കുളത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രോ എക്ലേസിയ എത് പൊന്റിഫിച്ചേ മെഡല്‍ നല്‍കി ആദരിച്ചു. സഭയ്ക്കും മാര്‍പാപ്പയ്ക്കുവേണ്ടിയും എന്നര്‍ഥം വരുന്ന ഈ ബഹുമതി ക്രോസ് ഓഫ് ഓണര്‍ അഥവാ ബഹുമാനത്തിന്റെ കുരിശ് എന്നും അറിയപ്പെടുന്നു. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് ചാള്‍സ്റ്റണ്‍ രൂപത കത്തീഡ്രലില്‍ നടക്കുന്ന ചടങ്ങില്‍ രൂപതാധ്യക്ഷന്‍ ബിഷപ് റോബര്‍ട്ട് ഗൂഗ്ലിയേല്‍മോന്‍ മെഡല്‍ സമ്മാനിക്കും.

ചാള്‍സ്റ്റണ്‍ രൂപതയ്ക്ക് ഫാ. തലക്കുളം നല്‍കിയ സമര്‍പ്പണപൂര്‍ണവും അസാധാരണവുമായ സേവനത്തെ മാനിച്ചാണ് മാര്‍പാപ്പ ഈ ബഹുമതി നല്‍കിയത്. 2001 ഓഗസ്റ്റില്‍ അമേരിക്കയിലെത്തിയ ഫാ. തലക്കുളം 19 വര്‍ഷമായി ഐറിഷ് ട്രാവലേഴ്‌സ് എന്ന കുടിയേറ്റ സമൂഹത്തിനുവേണ്ടിയുള്ള സെന്റ് എഡ്വേര്‍ഡ് പള്ളിയുടെ വികാരിയാണ്. ദീര്‍ഘകാലം മാന്നാനം കെഇ കോളജ് ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റ് പ്രഫസറായും എടത്വാ സെന്റ് അലോഷ്യസ് കോളജ് , കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലുമായിരുന്നു.

കടയനിക്കാട് സ്വദേശിയായ ഫാ. തലക്കുളം ഓള്‍ ഇന്ത്യ കാത്തലിക് യൂണിവേഴ്‌സിറ്റി ഫെഡറേഷന്റെ കേരള റീജണ്‍ ഡയറക്ടറായും കേരള പ്രൈവറ്റ് കോളജ് പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍ വൈസ്പ്രസിഡന്റായും എംജി യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായും ദീപികയുടെ തൃശൂര്‍ യൂണിറ്റ് റസിഡന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.