അനീഷിന്റെ കുടുംബത്തില്‍ എല്ലാവരുടേയും ജന്മദിനാഘോഷം ചൊവ്വാഴ്ചയായിരുന്നു. ഇവരുടെ കുടുംബത്തിലെ മാതാപിതാക്കളും മക്കളുമുള്പ്പെടെയുള്ള നാലുപേരുടേയും ജനനദിവസം ഒരേ ദിവസമായതിനാലാണ് ഈ അത്യപൂര്‍വ സൗഭാഗ്യം അനീഷിന്റെ കുടുംബത്തിന് മാത്രം സ്വന്തമായത്.
ചെറുപുഴ പാടിയോട്ടുചാല്‍ പട്ടുവത്തെ പുതിയടവന്‍ വീട്ടില്‍ അനീഷ്കുമാറിനും മണിയറ വീട്ടില്‍ അജിതയ്ക്കും ഇവരുടെ രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിനാണ് ജന്മദിനത്തിലെ അപൂര്‍വ സൗഭാഗ്യം അനുഭവിക്കാനുള്ള അവസരമുണ്ടായത്. മേയ് 25 ആയ ഇന്നലെ ആയിരുന്നു ഇവരുടെ നാലുപേരുടേയും ജന്മദിനം.
അനീഷിന്റേയും ഭാര്യഅജിതയുടെയും ജന്മദിനം ഒരേ ദിവസമായിരുന്നതിനാല്‍ ദമ്പതികള്‍ ഒന്നിച്ചായിരുന്നു ആദ്യം ജന്മദിനം ആഘോഷിച്ചത്. ഇവരുടെ ദാമ്പത്യത്തില്‍ ആദ്യകണ്മണിയായി എത്തിയ ആരാധ്യയുടെ ജന്മദിനവും ഇതേ ദിവസം തന്നെയായി. പിന്നീട് മൂന്നുപേരുടേയും ജന്മദിനാഘോഷം ഒന്നിച്ചായിരുന്നു.
2019 മേയ് 25 ന് തന്നെയിരുന്നു അജിത സ്റ്റാഫ് നഴ്സായി ജോലിചെയ്യുന്ന പയ്യന്നൂര്‍ സബാ ആശുപത്രിയില്‍ രണ്ടാമത്തെ കുട്ടിയായ ആഗ്നെയുടെ ജനനം.
ഇതോടെയാണ് ഇവരുടെ കുടുംബത്തിലെ എല്ലാവരുടേയും ജന്മദിനം ഒരേ ദിവസമായത്. ഇന്നലെ മാതാപിതാക്കളും മക്കളുമൊത്ത് കേക്കുമുറിച്ചാണ് ഈ കുടുംബത്തിന്റെ അത്യപൂര്‍വ ജന്മദിനം ആഘോഷിച്ചത്.
1981 മേയ് 25നായിരുന്നു അനീഷ് കുമാറിന്റെ ജനനം.1987 മേയ് 25ന് അജിതയുടേയും. 2011 ലായിരുന്നു ഇവരുടെ വിവാഹം. 2012 മേയ് 25നായിരുന്നു മൂത്തമകള്‍ ആരാധ്യയുടെ ജനനം. കുറെനാള്‍ വിദേശത്തായിരുന്ന അനീഷ്കുമാര്‍ ഇപ്പോള്‍ നാട്ടില്‍ കൃഷിജോലികളും ഫാമുമായി കഴിയുകയാണ്.
Leave a Reply