മക്കള്‍ പുനര്‍ജനിക്കുമെന്ന് മന്ത്രവാദി; ആന്ധ്രയിൽ പെണ്‍മക്കളെ മാതാപിതാക്കൾ ക്രൂരമായി കൊന്നു….

മക്കള്‍ പുനര്‍ജനിക്കുമെന്ന് മന്ത്രവാദി; ആന്ധ്രയിൽ പെണ്‍മക്കളെ മാതാപിതാക്കൾ ക്രൂരമായി കൊന്നു….
January 25 09:38 2021 Print This Article

പെണ്‍മക്കളെ ക്രൂരമായി തലക്കടിച്ച് കൊന്ന് മാതാപിതാക്കള്‍. ആന്ധ്ര ചിറ്റൂര്‍ മടനപ്പള്ളി ശിവനഗര്‍ മേഖലയിലാണ് സംഭവം. 22ഉം 27ഉം വയസ്സുള്ള പെണ്‍മക്കളെയാണ് മാതാപിതാക്കള്‍ കൊലപ്പെടുത്തിയത്. അലേഖ്യ (27), സായ് ദിവ്യ (22) എന്നിവരെയാണ് കൊല്ലപ്പെട്ടത്. അന്ത വിശ്വാസികളായ കുടുംബം മക്കള്‍ പുനര്‍ജനിയ്ക്കുമെന്ന വിശ്വാസത്തിലാണ് സ്വന്തം മക്കളെ കൊലപ്പെടുത്തിയതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

അടുത്ത സൂര്യോദയത്തില്‍ മക്കള്‍ പുനര്‍ജനിക്കുമെന്നും കലിയുഗം അവസാനിക്കുകയും സത്‌യുഗം ആരംഭിക്കുമെന്നും മന്ത്രവാദി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ട് . ഞായറാഴ്ച രാത്രിയില്‍ അസ്വാഭാവികമായ ശബ്ദങ്ങള്‍ വീട്ടില്‍ നിന്നും വന്നതിനെത്തുടര്‍ന്നാണ് അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുന്നത്.

ഇവരുടെ വീട്ടില്‍ പൂജാ ചടങ്ങുകള്‍ പതിവായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കൊലപാതകം നടന്ന ദിവസവും ഇവിടെ പൂജ നടത്തിയിരുന്നു. പൂജയ്ക്ക് ശേഷം ഇളയ മകള്‍ സായ് വിദ്യയെ ഒരു ത്രിശൂലം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൂത്ത മകള്‍ അലേഖ്യയെയും കൊലപ്പെടുത്തി. വായില്‍ ഒരു ചെമ്പ് പാത്രം തിരുകി വച്ച ശേഷം വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബെല്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചാണ് അലേഖ്യയെ കൊലപ്പെടുത്തിയത്.

കൊലപാതകങ്ങള്‍ നടത്തിയ ശേഷം പിതാവ് തന്നെ ഒരു സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നുവെന്ന് ഡിഎസ്പി രവി മനോഹര ചരി അറിയിച്ചു. പുരുഷോത്തമിന്റെ കുടുംബം കടുത്ത അന്തവിശ്വാസികളായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ‘മക്കള്‍ വീണ്ടും ജീവിച്ച് വരുമെന്ന വിശ്വാസത്തിലാണ് അവര്‍ കൊല നടത്തിയതെന്നാണ് പ്രാഥമികമായി കരുതുന്നത്.

കുട്ടികളുടെ മാതാവ് പത്മജയാണ് കൊലപാതകങ്ങള്‍ നടത്തിയത്. പിതാവും ഈ സമയം അവര്‍ക്കൊപ്പമുണ്ടായിരുന്നു’-പൊലീസ് വ്യക്തമാക്കി. ഇവര്‍ മാനസിക പ്രശ്നങ്ങള്‍ ഉള്ളവരാണെന്ന സംശയവും പൊലീസ് ഉന്നയിക്കുന്നുണ്ട്. മരിച്ച ഇളയ പെണ്‍കുട്ടി മുംബൈയില്‍ എ.ആര്‍ റഹ്മാന്‍ മ്യൂസിക് സ്‌കൂളില്‍ പഠിക്കുകയായിരുന്നു. കൊലപാതകം നടത്തിയ അച്ഛന്‍ കോളജ് പ്രൊഫസറും അമ്മ സ്‌കൂള്‍ പ്രിന്‍സിപ്പലുമാണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles