പെരുമ്പാവൂരിലെ ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യ ചെയ്ത സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. പതിവായി പാല്‍ നല്‍കിയിരുന്ന അയല്‍പക്കത്തെ വീടിന്റെ മതിലില്‍ രണ്ട് കുറിപ്പുകളാണ് മരിക്കുന്നതിനു മുന്‍പ് ബിജു എഴുതിവച്ചിരുന്നത്.

ഒന്ന് അയല്‍പക്കത്തെ വീട്ടമ്മയ്ക്കും മറ്റൊന്ന് എസ്.എന്‍.ഡി.പി. ശാഖാ സെക്രട്ടറിക്കും. കത്തുകളിലൊന്നില്‍ അമ്പിളിയുടെ താലിയും മകള്‍ ആദിത്യയുടെ രണ്ട് കമ്മലുകളും പൊതിഞ്ഞു വച്ചിരുന്നു. ‘ഞങ്ങള്‍ പോവുകയാണ്’ എന്നും ‘ശവസംസ്‌കാരത്തിനുള്ള പണം സ്വര്‍ണം വിറ്റ് ഉണ്ടാക്കണം’ എന്നും കത്തില്‍ എഴുതിയിരുന്നു.

വീടിന്റെ ഭിത്തിയില്‍ പലയിടത്തും ‘മൃതദേഹങ്ങള്‍ ആരേയും കാണിക്കരുത്’ എന്നും എഴുതിയിട്ടുണ്ട്. കിടപ്പുമുറിയില്‍ നിന്ന് ലഭിച്ച ഡയറിയില്‍ പണം നല്‍കാനുള്ളതും കിട്ടാനുള്ളതുമായ വിവരങ്ങളും ബിജു എഴുവച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ചിട്ടിനടത്തിയും പശുവിനെ വളര്‍ത്തിയും കുടുംബം പുലര്‍ത്തിയ ബിജു, കുറച്ചുകാലമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. ചിട്ടിയില്‍ പണമിറക്കിയവരും കടം നല്‍കിയവരും പതിവായി വീട്ടിലെത്തി വഴക്കുണ്ടാക്കുമായിരുന്നു.

31-നകം പണം തിരിച്ചുനല്‍കാമെന്ന് ബിജു പലരോടും വാക്കു പറഞ്ഞിരുന്നതായും കേള്‍ക്കുന്നു. എന്നാല്‍ പണം കൊടുക്കാന്‍ കഴിയാതെ വന്നതോടെ ജീവനൊടുക്കുകയായിരുന്നു. ബന്ധുക്കള്‍ അടുത്തുതന്നെ താമസിക്കുന്നുണ്ടെങ്കിലും ആരുമായും ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നാണ് വിവരം.

ചേലാമറ്റത്ത് എം.സി. റോഡില്‍ നിന്ന് കുന്നേക്കാട്ടു മലയിലേക്കുള്ള വഴിയാണ് ഇവരുടെ വീട്. കുടുംബം വകയായി ലഭിച്ച പത്തര സെന്റ് സ്ഥലത്ത് 10 കൊല്ലം മുന്‍പാണ് ബിജു വീടുവച്ചത്. വീടിന് പിന്നിലെ തൊഴുത്തില്‍ മൂന്ന് പശുക്കളെ വളര്‍ത്തിയിരുന്നു.

ബുധനാഴ്ച രാത്രി 11 മണി വരെ വീട്ടില്‍ വെളിച്ചമുണ്ടായിരുന്നതായി അടുത്ത് താമസിക്കുന്നവര്‍ പറഞ്ഞു. രണ്ടുദിവസം മുന്‍പ് അടുത്ത് താമസിക്കുന്ന അനുജനുമായി അതിര്‍ത്തിയില്‍ നില്‍ക്കുന്ന മാവിന്റെ ചില്ല വെട്ടുന്നതു സംബന്ധിച്ച് തര്‍ക്കമുണ്ടായി. ഇതുസംബന്ധിച്ച് അന്വേഷിക്കുന്നതിന് ഇരുവരേയും വെള്ളിയാഴ്ച പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നതായും പറയുന്നു.