സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ

മാതാവേ, എന്റെ പ്രിയപ്പെട്ട അമ്മേ… നീയാണ് എന്റെ സ്വർഗ്ഗീയ അമ്മ. നിന്നോട് എനിക്ക് പങ്കുവയ്ക്കാനാവാത്തതായി ഒന്നുമില്ല. നീ എന്നോട് കൂടെ ഉള്ളപ്പോൾ ഞാൻ ഒന്നിനെയും ഭയപ്പെടുകയില്ല. നീ എന്റെ ജീവിതത്തിൽ നിന്ന് എല്ലാ ഭയങ്ങളേയും നീക്കുകയും എന്റെ ജീവിതം സന്തോഷ പൂർണ്ണമാക്കുകയും ചെയ്യുന്നു. എന്റെ കുട്ടിക്കാലം മുതൽ തന്നെ ഞാൻ അനുഭവിച്ചറിഞ്ഞ സത്യങ്ങളാണ് ഇത്. നമ്മുടെ എല്ലാ ആവശ്യങ്ങളിലും മാതാവ് കൂടെയുണ്ട് എന്നത് കുട്ടിക്കാലം മുതൽ തന്നെ എന്റെ അമ്മ എന്നെ പഠിപ്പിച്ചതിനാൽ, എപ്പോഴും ഞാൻ എന്റെ എല്ലാ ആവശ്യങ്ങളിലും മാതാവിന്റെ മാധ്യസ്ഥം തേടുന്നു. എന്റെ ഹൃദയത്തിന്റെ ആഗ്രഹങ്ങൾ എല്ലാം തന്നെ എന്റെ മാതാവ് എനിക്ക് സാധിച്ചു നൽകിയിട്ടുണ്ട്. ബാല്യ കാലത്തുതന്നെ ഞങ്ങൾ കുട്ടികളെ എല്ലാവരെയും തന്നെ എല്ലാ ശനിയാഴ്ചയുമുള്ള കുർബാനയിലും നിത്യസഹായ മാതാവിന്റെ നൊവേനയിലും പങ്കെടുക്കുവാൻ ഞങ്ങളുടെ മാതാപിതാക്കൾ നിർബന്ധിച്ചിരുന്നു. ആ കാലത്ത് മാതാവിന്റെ ഈ ഒരു നാമം മാത്രം ആയിരുന്നു ഞങ്ങൾക്ക് പരിചിതമായിരുന്നത്. എന്നാൽ പിന്നീട് ഞാൻ വളർന്നു വന്നപ്പോഴാണ് മാതാവിന്റെ വിവിധ നാമങ്ങളെ കുറിച്ച് അറിയുവാൻ ഇടയായത്.

സ്കൂൾ കാലത്ത് എനിക്കുണ്ടായിരുന്ന ഒരു മുസ്ലിം സുഹൃത്ത് എന്തുകൊണ്ടാണ് നീ മാതാവിനോട് പ്രാർത്ഥിക്കുന്നത് എന്ന് ചോദിച്ചപ്പോൾ വളരെ സന്തോഷത്തോടെ എന്റെ സ്നേഹം നിറഞ്ഞ അമ്മയെക്കുറിച്ചും, എന്ത് ആഗ്രഹിച്ച് പ്രാർത്ഥിച്ചാലും അത് നൽകുവാൻ സന്നദ്ധമാകുന്ന അമ്മയുടെ വലിയ മനസ്സിനെ കുറിച്ചും ഞാൻ വാചാലയായി. ഇതോടൊപ്പം തന്നെ മാതാവിനെ കുറിച്ചുള്ള കഥകൾ ഞാനവളോട് പറയുവാൻ ആരംഭിച്ചതോടെ, അവൾക്കും പരിശുദ്ധ അമ്മയെക്കുറിച്ച് അറിയുന്നതിൽ വളരെയധികം ആഗ്രഹമുണ്ടായി. ‘നന്മനിറഞ്ഞ മറിയമേ’ എന്ന പ്രാർത്ഥനയും അവളെ പഠിപ്പിക്കുവാൻ അവൾ എന്നോട് ആവശ്യപ്പെട്ടു. അവളെ ഞാൻ ആ പ്രാർത്ഥന പഠിപ്പിക്കുകയും പിന്നീട് പലപ്പോഴും സ്കൂളിൽ നിന്നും വീട്ടിലേക്കുള്ള യാത്രയിൽ ഞങ്ങൾ ആ പ്രാർത്ഥന ഒരുമിച്ച് ചൊല്ലുകയും ചെയ്തു. പലപ്പോഴും പഠനസമയത്ത് പല വിഷയങ്ങളും ഞങ്ങൾക്ക് പഠിക്കുവാൻ ബുദ്ധിമുട്ടായ സമയങ്ങളിൽ, ഞങ്ങൾ പള്ളിയിൽ പോയി ഈ പ്രാർത്ഥന മൂന്നു വട്ടം ചൊല്ലുമായിരുന്നു.

മോഡൽ പരീക്ഷയുടെ സമയങ്ങളിൽ ഞങ്ങളിരുവരും പള്ളിയിൽ പോയി കൊന്തയുടെ ഒരു ദശകം ചൊല്ലുന്നത് പതിവായിരുന്നു. അവസാന പരീക്ഷയുടെ സമയങ്ങളിൽ ഞങ്ങൾ പലപ്പോഴും ഒരു കൊന്ത മുഴുവനും ചൊല്ലി തീർക്കുമായിരുന്നു. ഞങ്ങൾ കൊന്ത ചൊല്ലുന്നത് കണ്ട് ഞങ്ങളുടെ പല സുഹൃത്തുക്കളും ഞങ്ങളോടൊപ്പം പള്ളിയിൽ പൂക്കളുമായി വരികയും മാതാവിന്റെ രൂപത്തിന്റെ മുൻപിൽ മുട്ടുകുത്തി പ്രാർത്ഥിക്കുകയും രൂപമലങ്കരിക്കുകയും ചെയ്യുമായിരുന്നു. ഒരിക്കൽ ഇത്തരത്തിൽ എത്തിയ പെൺകുട്ടികളിൽ ഒരാൾ എന്റെ മുസ്ലിം സുഹൃത്തിനോട് നീ എന്തിനാണ് പള്ളിയിൽ വരുന്നത് എന്ന ചോദ്യം ചോദിച്ചപ്പോൾ പരിശുദ്ധ മാതാവ് എല്ലാവരുടെയും അമ്മയാണെന്നും, അമ്മ എന്റെ പ്രാർത്ഥന കേൾക്കുമെന്നും എന്റെ ആഗ്രഹങ്ങൾ നൽകി തരികയും ചെയ്യുമെന്നും അവൾമറുപടി പറഞ്ഞു. അവളുടെ ആ മറുപടി എന്നിൽ കൂടുതൽ തീക്ഷ്ണത ഉളവാക്കി.

ഒരു മുസ്ലിം പെൺകുട്ടിക്ക് ഇത്രയും പറയാൻ സാധിക്കുമെങ്കിൽ എനിക്ക് എന്റെ അമ്മയ്ക്ക് വേണ്ടി ഇതിലധികം ചെയ്യുവാൻ സാധിക്കുമെന്ന് ഞാൻ മനസ്സിലാക്കി. ദിവസങ്ങൾ കടന്ന് പോയപ്പോൾ എന്റെ കൂടുതൽ സഹപാഠികളും സുഹൃത്തുക്കളും ഞങ്ങളോടൊപ്പം ശനിയാഴ്ചകളിൽ പള്ളിയിൽ പ്രാർത്ഥിക്കാനായി വരുകയും പള്ളിയുടെ പരിസരങ്ങളും മറ്റും വൃത്തിയാക്കുന്നതിൽ സഹായികൾ ആവുകയും ചെയ്തു. എന്റെ സ്കൂൾ കാലം അവസാനിച്ചപ്പോഴും എന്റെ ഉള്ളിൽ എന്റെ അമ്മയോടുള്ള സ്നേഹം ദിനംപ്രതി വർദ്ധിച്ചു വരികയായിരുന്നു.

എന്റെ കോളേജ് സമയത്ത് പലപ്പോഴും എന്റെ അമ്മയെ ഞാൻ അടുക്കള ജോലിയിൽ സഹായിച്ചിരുന്നു. ആ സമയത്ത് ഞങ്ങൾ ഇരുവരും ഒരുമിച്ച് കൊന്ത ചൊല്ലി പ്രാർത്ഥിച്ചാണ് ജോലിചെയ്തിരുന്നത്. ചില സമയങ്ങളിൽ രാവിലെ കുറച്ചു സമയം കൂടി ഉറങ്ങുവാൻ ആഗ്രഹിച്ചിരുന്നെങ്കിലും, പരിശുദ്ധ അമ്മയോടുള്ള എന്റെ സ്നേഹത്തെ ഓർക്കുമ്പോൾ ഞാൻ പെട്ടെന്ന് തന്നെ പള്ളിയിൽപോകുവാൻ തയ്യാറാകുമായിരുന്നു. പള്ളിയിൽ പോകുന്നതിനു മുൻപ് കൊന്ത ചൊല്ലി പൂർത്തീകരിക്കാനാകാത്ത സാഹചര്യങ്ങളിൽ, ഞങ്ങൾ കുട്ടികൾ വഴിയിലൂടെ നടക്കുന്ന സമയത്ത് ഉറക്കെ പ്രാർത്ഥിച്ചാണ് പോകാറ്. മാതാവ് നിങ്ങളുടെ പഠനത്തെ അനുഗ്രഹിക്കുകയും, നിങ്ങൾക്ക് നല്ല ആരോഗ്യം നൽകുകയും, നിങ്ങളെ നല്ല കുട്ടികൾ ആക്കി തീർക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നത് കാണുമ്പോൾ എന്റെ അമ്മ പറയുമായിരുന്നു. എന്റെ വീട്ടിൽ അധികം പൂക്കൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ, പോകുന്ന വഴിയിൽ റോഡിന്റെ അരികത്തു നിന്നും പൂക്കൾ പറിച്ച് ഞങ്ങൾ മാതാവിന് അർപ്പിക്കുമായിരുന്നു.

ഒക്ടോബർ മാസത്തിൽ രാവിലെ മൂന്നുമണിക്ക് പള്ളിയിൽ കൊന്ത ചൊല്ലണം എന്നുള്ളത് വർഷങ്ങളായി നടന്നു വന്നിരുന്ന ഒരു ആചാരമായിരുന്നു. ഒരു കൈയ്യിൽ വിളക്ക് പിടിച്ച് മറ്റേ കൈയിൽ തിളങ്ങുന്ന കൊന്തയുമായി ഞങ്ങൾ കുട്ടികൾ ഈ സമയത്ത് പള്ളിയിൽ പോകുന്നത് ഇപ്പോഴും വ്യക്തമായ ഓർമ്മയാണ്. പലപ്പോഴും കൊന്ത ചൊല്ലുന്നത് നേതൃത്വം നൽകുവാൻ ഞങ്ങൾ കുട്ടികൾക്കാണ് അവസരം ലഭിച്ചത്. മുട്ടുകുത്തി ഉറങ്ങാതെ കൊന്ത ചൊല്ലി പ്രാർത്ഥിക്കുന്ന കുട്ടികൾക്ക് ഞങ്ങളുടെ പള്ളിയിലെ വികാരിയച്ചൻ മാതാവിന്റെ ഒരു ചെറിയ മെഡലും ചിത്രവും സമ്മാനമായി നൽകുമായിരുന്നു. ഞങ്ങൾ കുട്ടികളെ എല്ലാവരെയും തന്നെ പള്ളിയിലേക്ക് പറഞ്ഞയക്കാൻ അമ്മ വളരെയധികം ഉത്സാഹം കാണിച്ചിരുന്നു. അതോടൊപ്പം തന്നെ പള്ളിയിൽ പോകുവാൻ ഞങ്ങൾ കുട്ടികൾക്ക് എല്ലാവർക്കും തന്നെ സന്തോഷവും ആയിരുന്നു.

അങ്ങനെയിരുന്ന ഒരു സമയത്താണ് ഞാൻ ഒരു ദിവസം കോൺവെന്റിൽ ചേരാനുള്ള എന്റെ ആഗ്രഹം എന്റെ അമ്മയോട് പറയുന്നത്. പത്താംക്ലാസ് നല്ല മാർക്കോട് കൂടി പാസായാൽ കോൺവെന്റിൽ ചേരാൻ അനുവദിക്കാം എന്നതായിരുന്നു എന്റെ അമ്മ എന്നോട് പറഞ്ഞ മറുപടി. ഇതിനായി ഞാൻ പരിശുദ്ധ അമ്മയുടെ സഹായം ലഭിക്കുന്നതിനായി കൂടുതൽ കൊന്ത ചൊല്ലി പ്രാർത്ഥിക്കുവാൻ തുടങ്ങി. എന്റെ റിസൽട്ട് വന്നപ്പോൾ ഞാൻ വളരെയധികം സന്തോഷവതിയായിരുന്നു. നല്ല മാർക്കോടുകൂടി തന്നെ പത്താം ക്ലാസ് പാസ്സാകുവാൻ എനിക്ക് സാധിച്ചു. ഒരു മിഷനറി കോൺഗ്രിഗേഷനിൽ ചേരാനുള്ള എന്റെ താല്പര്യം ഞാനെന്റെ പിതാവിനോട് അറിയിച്ചപ്പോൾ അദ്ദേഹം എന്നെ നിരുത്സാഹപ്പെടുത്തുകയും പകരം ലോക്കൽ കോൺഗ്രിഗേഷനിൽ ചേരുവാൻ എന്നോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഈ കാരണം വെച്ച് ഞാൻ കൂടുതൽ നൊവേനകൾ നിത്യസഹായ മാതാവിനോട് പ്രാർത്ഥിക്കുവാൻ ആരംഭിച്ചു. എന്റെ തീരുമാനം ശക്തമാണെന്ന് എന്റെ മാതാപിതാക്കൾ പതിയെ തിരിച്ചറിഞ്ഞു.

എവിടെപ്പോയാലും കൊന്തയുമായി ഞാൻ പോകുന്നത് എന്റെ മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. ഡോട്ടർസ് ഓഫ് സെന്റ് പോൾ കോൺഗ്രിഗേഷനിലെ സിസ്റ്റേഴ്സ് എന്റെ വീട്ടിൽ എത്തിയപ്പോൾ ഞാൻ ഒരു കോൺവെന്റിൽ വെക്കേഷൻ ക്യാമ്പിൽ പങ്കെടുക്കുകയായിരുന്നു. ക്യാമ്പ് ദിവസങ്ങളിൽ ഞാൻ എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് കൊന്ത ചൊല്ലുമായിരുന്നു. ക്യാമ്പിലെ സിസ്റ്റേഴ്സ് എന്തുകൊണ്ടാണ് ഞാൻ രാവിലെ എഴുന്നേറ്റ് കൊന്ത ചൊല്ലുന്നത് എന്ന് എന്നോട് ചോദിക്കുമായിരുന്നു. എന്റെ പ്രത്യേക ആഗ്രഹങ്ങൾക്ക് വേണ്ടി ഞാൻ അധികമായി കൊന്ത ചൊല്ലുകയായിരുന്നു എന്നായിരുന്നു ഞാൻ കൊടുത്ത മറുപടി. എനിക്ക് ഒരു വലിയ മിഷനറി ആകാനായിരുന്നു ആഗ്രഹം. അവസാനം എന്റെ ആഗ്രഹപ്രകാരം മിഷനറി കോൺഗ്രിഗേഷനിൽ ചേരുവാൻ എന്റെ മാതാപിതാക്കൾ എന്നെ അനുവദിച്ചു. അതിൻപ്രകാരം ഞാൻ ഡോട്ടർസ് ഓഫ് സെന്റ് പോൾ കോൺഗ്രിഗേഷനിൽ ചേർന്നു. ഞങ്ങൾ ഡോട്ടർസ് ഓഫ് സെന്റ് പോൾ കോൺഗ്രിഗേഷന് പ്രത്യേക സമർപ്പണം അപ്പോസ്തോലന്മാരുടെ രാജ്ഞിയായ മാതാവിനോട് ആയിരുന്നു. അപ്പോസ്തോലന്മാരുടെ രാജ്ഞിയായ മാതാവിന്റെ സ്വരൂപം കോൺഗ്രിഗേഷന്റെ ചാപ്പലിൽ ഞാൻ കണ്ടപ്പോൾ വളരെയധികം സന്തോഷവതിയായിരുന്നു. ഞാൻ എന്നോടു തന്നെ പറഞ്ഞു. മാതാവ് ഒരിക്കലും തന്റെ മകനായ യേശുവിനെ തന്നോട് മാത്രം ചേർത്തുവെച്ചില്ല. പകരം ഈ ലോകത്തിന് കാണിച്ചു കൊടുക്കുകയാണ് ചെയ്തത്. അതുപോലെ ഈ ലോകത്തിന് യേശുവിനെ പകരാനാണ് ഞാനും എൻ്റെ ദൗത്യത്തിലൂടെ വിളിക്കപ്പെട്ടിരിക്കുന്നത്.

സുകൃത ജപം

കുരിശിലെ യാഗവേദിയിൽ സന്നിഹിതയായ ദൈവമാതാവേ, ഞങ്ങളുടെ ജീവിത ബലി പൂർത്തിയാക്കുവാൻ സഹായിക്കണമേ..

പരി. ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.

https://youtu.be/um-Q9wqm-Ic