സ്പിരിച്വൽ ഡെസ്ക്, മലയാളം യുകെ

പരിശുദ്ധ ദൈവമാതാവിനെക്കുറിച്ച് പറയുമ്പോൾ ഒരു പാട് ഓർമ്മകളുണ്ട് എൻ്റെ മനസ്സിൽ. കുട്ടിയായിരുന്നപ്പോൾ എൻ്റെ അമ്മച്ചി ജപമാല ചൊല്ലി പഠിപ്പിച്ചതു മുതൽ ഒക്ടോബർ മാസത്തിൽ ഞങ്ങളുടെ ഇടവകയിലെ കുടുംബ യൂണിറ്റിലെ ഓരോ വീടുകളിലും ജപമാല ചൊല്ലുന്നതും മാതാവിൻ്റെ മനോഹര ഗാനങ്ങൾ പാടുന്നതു വരെ. മാതാവിൻ്റെ വണക്കമാസം എത്തിക്കുന്നത് സന്തോഷകരമായ ഓർമ്മകളിലൂടെയാണ്. കാര്യ ഗൗരവം കാര്യമായി ഇല്ലാതിരിന്നിട്ടും ഓരോ ദിവസത്തെ സുകൃതജപം എന്താണെന്നറിയുവാൻ ഞങ്ങൾ സഹോദരങ്ങൾക്ക് ആകാംഷ ഉണ്ടായിരുന്നു. സുകൃതജപം കേട്ടു കഴിയുമ്പോൾ അപ്പച്ചൻ പാടിത്തരുന്ന ഗാനമാണ് ഇന്നും, ഞങ്ങൾ സഹോദരങ്ങളെപ്പോലെ തന്നെ എല്ലാ മരിയ ഭക്തരും ഓർത്തിരിക്കുന്നത് എന്നാണ് എൻ്റെ വിശ്വാസം.
” നല്ല മാതാവേ മരിയേ…
നിർമ്മല യൗസേപ്പിതാവേ..” ഇതാണ് ആ ഗാനം.

കാലത്തിൻ്റെ മുന്നോട്ടുള്ള കുതിപ്പനുസരിച്ച് ഇനി ഭൂമിയിൽ നടക്കാൻ സാധ്യത കുറവുള്ള വണക്കമാസം, അത് കാലം കൂടുമ്പോഴുണ്ടായിരുന്ന ആഘോഷത്തേക്കുറിച്ചാണ് പറയുന്നത്. വണക്കമാസം കാലം കൂടുമ്പോൾ എല്ലാ കുടുംബാംഗങ്ങളും ഒത്തുചേർന്ന് പ്രാർത്ഥിക്കുന്നതും പാച്ചോറ് ഉണ്ടാക്കുന്നതും വാഴയില നിരത്തി ചക്കപ്പഴവും കൂട്ടി സൗഹൃദത്തോടെ കഴിക്കുന്നത് ഒരാഘോഷമായിരുന്നു. ഇനിയത് നമുക്കോ പുതു തലമുറയ്ക്കോ സ്വപ്നം കാണാൻ സാധിക്കുമോ??. യാതൊരുറപ്പുമില്ല. പ്രായത്തിൻ്റെ പരിധിയിലുള്ള കൊച്ചു കൊച്ചു ഓർമ്മകൾ മാത്രമല്ല ഇത്. എൻ്റെ വിശ്വാസത്തിൻ്റെ താഴ് വേരുകളാണിത്.

വിശ്വാസിയുടെ ആദ്യ വിദ്യാലയം കുടുംബമാണ്. സമർപ്പിത ജീവിതത്തിൽ ഞാൻ എത്തിയതും കുടുംബമാകുന്ന വിദ്യാലയത്തിൽ നിന്നാണ്. അനുഭവം കൊണ്ട് എൻ്റെ സന്യാസജീവിതത്തിൽ മാതാവിനോടുള്ള ഭക്തിയും സ്നേഹവും വർദ്ധിച്ചു എന്ന് പറയാതെ വയ്യാ. എന്തും തുറന്ന് പറയാൻ എനിക്കൊരമ്മയുണ്ട് എന്ന ആഴമേറിയ ബോധമാണ് എന്നെ ഈ വിധത്തിൽ എത്തിച്ചത്.

ഒന്നോർക്കുക..
പരി. ദൈവമാതാവ് വലിയ ശക്തിയാണ്.
ജപമാല വലിയൊരു ആയുധമാണ്.
ജപമാല കൈയ്യിലെടുത്ത് ഈശോയുടെ ദിവ്യരഹസ്യങ്ങൾ ധ്യാനിക്കുമ്പോൾ നമ്മുടെ മനസ്സിൽ ശാന്തിയും സമാധാനവും സ്നേഹവും സന്തോഷവും നിറയുന്നു.

പറയാതെ വയ്യാ! എല്ലാം ഉണ്ടായിട്ടും നമ്മൾ മലയാളികൾ സങ്കടങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്.
അമ്മയെ മാറോട് ചേർത്ത് നിർത്തുക. എല്ലാം ശരിയാകും.

സുകൃതജപം

അറിവിൻ്റെ ദർപ്പണമായ മറിയമേ.. ദൈവീക കാര്യങ്ങളിൽ ഞങ്ങളെ അറിവുള്ളവരാക്കേണമേ..

പരി. അമ്മയുടെ സ്തുതിപ്പു ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.

https://youtu.be/5uvwf3x8DOA