യുകെയിലേക്കുള്ള ഏറ്റവും വലിയ മലയാളി കുടിയേറ്റത്തിന്റെ കാലഘട്ടത്തിൽ മലയാളി സമൂഹത്തോടൊപ്പം സഞ്ചരിക്കുകയും അവരുടെ ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും ക്രിസ്‌തുവിന്റെ സാന്നിധ്യം പകർന്നുനൽകുകയും ചെയ്‌ത ഫാ. സജി മലയിൽ പുത്തൻപുരയിൽ 19 വർഷത്തെ സ്‌തുത്യർഹമായ സേവനത്തിനുശേഷം നാട്ടിലേക്ക് മടങ്ങുമ്പോൾ അദ്ദേഹത്തിന് വമ്പിച്ച യാത്രയയപ്പ് നൽകാനൊരുങ്ങുകയാണ് യുകെയിലെ ക്‌നാനായ കത്തോലിക്കാ വിശ്വാസി സമൂഹം.

യുകെയിലേക്കുള്ള കുടിയേറ്റത്തിന്റെ ആദ്യഘട്ടങ്ങളിൽ നിരവധി പ്രതിസന്ധികളിലൂടെയായിരുന്നു മലയാളികളായ വിശ്വാസി സമൂഹം കടന്നുപോയത്. ആ കാലയളവിൽ സജിയച്ചൻ യുകെയിലെ പലഭാഗങ്ങളിലും വിശ്രമില്ലാതെ യാത്രചെയ്‌തുകൊണ്ട് മലയാളികളായ വിശ്വാസി സമൂഹത്തിനു വേണ്ടി വിശുദ്ധകുർബാനും മറ്റു ശുശ്രൂഷകളും ഒരുക്കിക്കൊണ്ട് അവരെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നതിന് സഹായിച്ചു. ക്‌നാനായ സമുദായത്തെ എന്നും ഹൃദയത്തോട് ചേർത്തുനിറുത്തിയ സജിയച്ചൻ ആദ്യകാലം മുതൽ തന്നെ യുകെയിലെ ക്നാനായ സമൂഹത്തെ ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് ക്നാനായ കുടുംബങ്ങളുടെ കെട്ടുറപ്പിനും വിശ്വാസ പാരമ്പര്യ സംരക്ഷണത്തിനും ഉതകുന്ന നിരവധി പദ്ധതികൾ നടപ്പിൽ വരുത്തി.

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത സ്ഥാപിതമാകുന്നതിനു മുൻപുതന്നെ, യുകെയിലെ ക്‌നാനായ സമൂഹം ഒരു ആട്ടിൻപറ്റവും ഒരു ഇടയനുമായി ഏകമനസ്സോടെ വളരുന്നതിനുവേണ്ടി ഷൂഷ്ബറി രൂപതയുടെ കീഴിൽ ക്‌നാനായ ചാപ്ലൻസി ലഭ്യമാക്കിയതിനും, ഇത്തരം സംവിധാനങ്ങൾ യുകെ മുഴുവൻ നിലവിൽ വരുന്നതിനുള്ള ശ്രമങ്ങൾ നടത്തിയതിനും, പിന്നീട് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ കീഴിൽ 15 ക്‌നാനായ മിഷനുകൾ സ്ഥാപിക്കുന്നതിനും അത് വളർത്തിയെടുക്കുന്നതിനും സജിയച്ചൻ നടത്തിയ മഹത്തായ സേവനങ്ങൾ ക്‌നാനായ സമൂഹം എന്നും നന്ദിയോടെ ഓർമ്മിക്കും.

എല്ലാ കാര്യങ്ങളും ദീർഘവീക്ഷണത്തോടെ കാണുകയും ഏതു പ്രതിസന്ധികളെയും ക്രിസ്‌തുവിലുള്ള അടിയുറച്ച വിശ്വാസത്തിലൂടെ അതിജീവിച്ചുകൊണ്ട് വിശ്വാസി സമൂഹത്തിന് ആവശ്യമായ കാര്യങ്ങൾ നടപ്പിൽ വരുത്തുകയും ചെയ്യുന്ന സജിയച്ചൻ പുതിയ തലമുറയിലെ വൈദികർക്ക് എന്നും ഒരു മാതൃകയാണ്. ഇപ്രകാരം അദ്ദേഹം തുടക്കം കുറിച്ച നിരവധി ആത്മീയ സംരംഭങ്ങൾ പിന്നീട് യുകെയിൽ അനേകർക്ക് വലിയ ക്രൈസ്‌തവ സാക്ഷ്യത്തിനുള്ള വേദികളായി മാറി എന്നതിന് ചരിത്രം സാക്ഷിയാണ്.

ആധുനിക കാലഘട്ടത്തിൽ ക്‌നാനായ യുവതലമുറ നേരിടാൻ സാധ്യതയുള്ള വെല്ലുവിളികൾ മുൻകൂട്ടി തിരിച്ചറിഞ്ഞ സജിയച്ചൻ കുട്ടികൾക്ക് നൽകേണ്ട കത്തോലിക്കാ വിശ്വാസത്തിന്റെയും ക്നാനായ പാരമ്പര്യത്തിന്റെയും പരിശീനത്തെക്കുറിച്ച് ഉത്തമബോധ്യമുണ്ടായിരുന്നു. അതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് അദ്ദേഹം UKKCYL, സാന്തോം യൂത്ത് തുടങ്ങിയ യുവജന സംഘടനകൾക്ക് തുടക്കം കുറിച്ചു. അങ്ങനെ ക്‌നാനായ കത്തോലിക്കാ വിശ്വാസി സമൂഹം യുകെയിലെ ഏറ്റവും ശക്തമായ പ്രവാസി സമൂഹമായി വളർന്നു വരുന്നതിനും, വിശ്വസത്തിലും പാരമ്പര്യത്തിലും അടിയുറച്ച ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നതിനും സുപ്രധാന പങ്കുവഹിച്ച ഫാ. സജി മലയിൽ പുത്തൻപുരയിൽ നാട്ടിലേക്ക് മടങ്ങുമ്പോൾ അദ്ദേഹത്തിന് ഈ മാസം പതിനൊന്നാം തിയതി ശനിയാഴ്ച, മാഞ്ചസ്‌റ്റർ ക്‌നാനായ കാത്തലിക് മിഷന്റെ നേതൃത്വത്തിൽ വമ്പിച്ച യാത്രയയപ്പ് നൽകുവാൻ യുകെയിലെ ക്‌നാനായ സമൂഹം തയ്യാറെടുക്കുന്നു.