സ്വാന്‍സിയിലെ പ്രമുഖ റീട്ടെയില്‍ വ്യാപാര മേഖലയായ പാര്‍ക്ക് ടാവേ റീട്ടെയില്‍ പാര്‍ക്കിലെ വ്യാപാര സ്ഥാപനങ്ങള്‍ താത്ക്കാലികമായി ഒഴിപ്പിക്കുന്നു. സിറ്റി സെന്‍റര്‍ വികസനങ്ങളുടെ ഭാഗമായി നടത്തുന്ന പുനര്‍ നിര്‍മ്മാണ പ്രക്രിയകള്‍ക്കായാണ് പാര്‍ക്ക് ടാവേയിലെ വ്യാപാര സ്ഥാപനങ്ങള്‍ ഒഴിപ്പിക്കുന്നതിനായി തീരുമാനമെടുത്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇത് സംബന്ധിച്ച് നടന്ന നിയമയുദ്ധത്തില്‍ ഡെവലപ്പര്‍ ആയ ഹാമെഴ്സന് അനുകൂലമായ വിധി ലഭിച്ചത്.
പത്ത് മില്ല്യന്‍ പൗണ്ടിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ലക്‌ഷ്യം വയ്ക്കുന്ന പാര്‍ക്ക് പുനര്‍ നിര്‍മാണം പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ മുന്നൂറോളം പേര്‍ക്ക് കൂടി പുതിയതായി ജോലി ലഭിക്കുമെന്നും ഹാമെഴ്സന്‍ പറഞ്ഞു. ഇപ്പോഴുള്ള പഴയ കെട്ടിടങ്ങള്‍ എല്ലാം പുനര്‍ നിര്‍മ്മിക്കുന്നതിനൊപ്പം ഫാമിലി ഫ്രണ്ട്ലിയായിട്ടുള്ള പുതിയ ഒരു ബിസിനസ്, റീട്ടെയില്‍ പാര്‍ക്ക് ആണ് ലക്ഷ്യമിടുന്നതെന്നും ഇദ്ദേഹം അറിയിച്ചു. ലെഷര്‍ സെന്ററുകളും ഓഫീസുകളും ഒക്കെയുള്‍പ്പെടെ ആധുനിക രീതിയില്‍ ആയിരിക്കും പുതിയ പാര്‍ക്ക് വരിക.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി കഴിഞ്ഞു. ഇതനുസരിച്ച് പല സ്ഥാപനങ്ങളും പുതിയ ലാവണങ്ങള്‍ തേടിക്കഴിഞ്ഞു. 21 വര്‍ഷമായി പാര്‍ക്ക് ടാവെയില്‍ പ്രവര്‍ത്തിക്കുന്ന ജോ ഐസ്ക്രീം പൂട്ടാന്‍ തീരുമാനിച്ചു കഴിഞ്ഞു. നഗരത്തില്‍ മറ്റെവിടെയെങ്കിലും സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് സ്ഥാപന ഉടമകള്‍. ഇത് നേരത്തെ പ്രതീക്ഷിച്ച തങ്ങള്‍ ലാന്‍സാംലെറ്റില്‍ അസ്ദയുടെ സമീപ്പത്ത് ആരംഭിച്ച പുതിയ ഷോപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കഴിഞ്ഞുവെന്ന്‍ ജോ ഐസ്ക്രീം കമ്പനി ഡയരക്ടര്‍ സ്റ്റീഫന്‍ പീറ്റര്‍ പറഞ്ഞു.
വൈബ്രന്‍റ് വേപ്പേഴ്സ്, കോഫീ ലോഞ്ച് എന്നീ സ്ഥാപനങ്ങള്‍ പ്രിന്‍സ്സസ് വേയിലേക്ക് മാറുവാന്‍ തീരുമാനം എടുത്തു. ജനുവരി 26 മുതല്‍ ഇവര്‍ പ്രിന്‍സ്സസ് വേയിലെ പുതിയ ഷോപ്പുകളില്‍ പ്രവര്‍ത്തനം ആരംഭിക്കും. ടോയ്സ് ആര്‍ അസ്, ഓഡിയോണ്‍ തുടങ്ങിയ വലിയ സ്ഥാപനങ്ങള്‍ പാര്‍ക്ക് റീ ഓപ്പണ്‍ ചെയ്യുമ്പോള്‍ അതില്‍ തന്നെ വീണ്ടും തുടങ്ങാന്‍ ആണ് തീരുമാനം.
മോര്‍ ഗ്രീന്‍ കമ്മ്യൂണിറ്റി ഷോപ്പ് അടച്ച് പൂട്ടാന്‍ ആണ് തീരുമാനിച്ചിരിയ്ക്കുന്നത്. തന്മൂലം ഇപ്പോഴുള്ള സ്റ്റോക്ക് വില കുറച്ച് വിറ്റഴിച്ച് ഫെബ്രുവരി 25ന് ഷോപ്പിന്‍റെ പ്രവര്‍ത്തനം നിര്‍ത്താന്‍ ആണ് ഇവരുടെ ശ്രമം.