സെപ്റ്റംബർ പകുതി മുതൽ ഒക്ടോബർ പകുതി വരെ അഞ്ച് ആഴ്‌ച പാർലമെന്റ് താത്കാലികമായി നിർത്തിവെക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ രാജ്ഞിയോട് ആവശ്യപ്പെട്ടിരുന്നു. ഇതുമൂലം നോ ഡീൽ ബ്രെക്സിറ്റ്‌ തടയാനുള്ള ശ്രമങ്ങൾ നടത്തുന്നതിന് പ്രതിപക്ഷ എംപിമാർക്ക് തടസ്സം നേരിടും. എന്നാൽ പാർലമെന്റ് താത്കാലികമായി നിർത്തിവെക്കാനുള്ള ജോൺസന്റെ തീരുമാനത്തിനെതിരെ എങ്ങും ശക്തമായ പ്രതിഷേധം അലയടിച്ചുയരുകയാണ്. പാർലമെന്റിനെ സസ്‌പെൻഡ് ചെയ്യാനുള്ള പദ്ധതിയെ പ്രതിപക്ഷ പാർട്ടികളും ചില കൺസേർവേറ്റിവ് എംപിമാരും രൂക്ഷമായി വിമർശിച്ചു. പാർലമെന്റ് സസ്പെൻഷൻ തടയാൻ നിയമപരമായ ശ്രമങ്ങൾ യുകെയിൽ ആരംഭിച്ചുകഴിഞ്ഞു. ഇംഗ്ലീഷ്, സ്കോട്ടിഷ് കോടതികളിൽ നിയമപരമായ വെല്ലുവിളികളുമുണ്ട്. പ്രധാനമന്ത്രിയുടെ ഈ തീരുമാനം രാജ്യത്തിലുടനീളം പ്രതിഷേധത്തിനും കാരണമായി. ബ്രെക്സിറ്റ്‌ വിഷയത്തിൽ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് പാർലമെന്റിനെ സസ്‌പെൻഡ് ചെയ്യരുതെന്ന് ജോൺസനോട്‌ ആവശ്യപ്പെടുന്ന ഒരു ഇ – നിവേദനത്തിൽ ദശലക്ഷത്തിലധികം ആളുകൾ ഒപ്പിട്ടു.എന്നാൽ പ്രകോപനം വ്യാജമാണെന്നും പ്രധാനമന്ത്രിയുടെ ഈയൊരു നടപടി ഭരണഘടനാപരവും ഉചിതവുമാണെന്നും കോമൺസ് നേതാവ് ജേക്കബ് റീസ് – മോഗ് അഭിപ്രായപ്പെട്ടു. ഈ പാർലമെന്ററി സമ്മേളനം ഏകദേശം 400 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ ഒന്നാണെന്നും അതിനാൽ ഇത് താത്കാലികമായി നിർത്തി പുതിയ സെഷൻ ആരംഭിക്കുന്നത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു.

ജോൺസന്റെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപിച്ചുകൊണ്ട് ജോർജ് യംഗ്, ഹൗസ് ഓഫ് ലോർഡ്‌സിലെ ടോറി വിപ്പ് സ്ഥാനം രാജിവെച്ചു. നമ്മുടെ ചരിത്രത്തിലെ ഒരു നിർണായക സമയത്ത് ഇത്തരം ഒരു തീരുമാനത്തിലൂടെ പാർലമെന്റിന്റെ പങ്ക് ദുർബലപ്പെടുത്തുകയാണെന്ന് തന്റെ രാജികത്തിലൂടെ അദ്ദേഹം വിശദമാക്കി. അതേസമയം റൂത്ത് ഡേവിഡ്‌സൺ, സ്കോട്ടിഷ് കൺസേർവേറ്റിവുകളുടെ നേതാവ് സ്ഥാനം രാജിവെച്ചു. കുടുംബ പ്രതിബദ്ധത മൂലമാണ് തീരുമാനമെടുത്തതെന്ന് രാജിക്കത്തിൽ അവർ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിയമനിർമാണത്തിലൂടെ ജോൺസനെ രാഷ്ട്രീയമായി തടയുമെന്ന് ജെറമി കോർബിൻ പറഞ്ഞു. നോ ഡീൽ ബ്രെക്സിറ്റ്‌ തടയുന്നതിനായി ചൊവ്വാഴ്ച പാർലമെന്റ് പുനരാരംഭിക്കുമ്പോൾ അതിവേഗം നിയമനിർമാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജോൺസന്റെ ഈയൊരു തീരുമാനം നമ്മുടെ ജനാധിപത്യത്തിന്റെ തകർച്ചയ്ക്കാണ് കാരണമാവുന്നതെന്നും ഈ നിർണായക കാലയളവിൽ പാർലമെന്റ് അടച്ചുപൂട്ടുന്നത് തടയാൻ ശ്രമിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. ജെറമി കോർബിനെ പിന്തുണയ്ക്കുന്നതിനായി രൂപീകരിച്ച മൊമന്റം എന്ന ഗ്രൂപ്പ്, ജോൺസന്റെ ഈ നീക്കത്തെ തടയാൻ തെരുവ് പ്രതിഷേധത്തിനും റോഡ് ഉപരോധത്തിനും ആഹ്വാനം ചെയ്തു. ട്രേഡ് യൂണിയനുകൾക്കൊപ്പം ബ്രിട്ടനിലെ വിവിധയിടങ്ങളിൽ ശനിയാഴ്ച പ്രതിഷേധം നടത്തുമെന്നും അവർ അറിയിച്ചു. ജോൺസന്റെ തീരുമാനത്തിൽ പ്രകോപിതരായ ആയിരക്കണക്കിന് ആളുകൾ പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ചു. എന്തായാലും പ്രധാനമന്ത്രിയുടെ ഈ തീരുമാനം ബ്രിട്ടനിൽ രാഷ്ട്രീയ പ്രതിസന്ധിയ്ക്കും ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിനും കാരണമായി മാറി.