ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റോം ഇൻഗ്രിഡിന്റെ ശക്തമായ തിരമാലകളിലും കനത്ത മഴയിലും ഡെവോണിലെ ചരിത്രപ്രസിദ്ധമായ ടെഗ്ന്മൗത്ത് ഗ്രാൻഡ് പിയറിന്റെ ഒരു വലിയ ഭാഗം കടലിൽ ഒലിച്ചുപോയി. 1865ൽ നിർമിച്ച ഈ കടൽ പാലം ഇതിനകം തന്നെ ദുർബലാവസ്ഥയിലായിരുന്നുവെന്ന് ടെഗ്ന്മൗത്ത് മേയർ കൗൺസിലർ കെയ്റ്റ് വില്യംസ് പറഞ്ഞു. നിരവധി കൊടുങ്കാറ്റുകളും യുദ്ധങ്ങളും അതിജീവിച്ച പിയറിന്റെ ഒരു ഭാഗം പൂർണമായും ഇല്ലാതായതായാണ് ദൃശ്യങ്ങളിൽ കാണുന്നത്. ചരിത്ര പ്രാധാന്യമുള്ള ഈ പിയർ വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഏറെ പ്രാധാന്യമുള്ളതാണെന്നും അവർ വ്യക്തമാക്കി.

ഡെവൺ, കോർണ്വാൾ, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, സൗത്ത് വെയിൽസ് എന്നിവിടങ്ങളിൽ മെറ്റ് ഓഫീസ് യെല്ലോ മുന്നറിയിപ്പ് നൽകിയതോടെ കനത്ത മഴയും വെള്ളപ്പൊക്കവും യാത്രാതടസവും റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച പുലർച്ചെ 2 മുതൽ രാത്രി 10 വരെ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച വൈകിട്ട് മുതൽ ചൊവ്വാഴ്ച ഉച്ചവരെ വീണ്ടും സമാന മുന്നറിയിപ്പ് നിലനിൽക്കും. സ്കോട്ട് ലൻഡിലെ ഗ്രാംപിയൻ, ആംഗസ്, പെർത്ത് മേഖലകളിലും വെള്ളപ്പൊക്ക സാധ്യത മുന്നറിയിപ്പായി പ്രഖ്യാപിച്ചിട്ടുണ്ട്.

കടൽക്ഷോഭത്തെ തുടർന്ന് റെയിൽ ഗതാഗതവും താറുമാറായി. എക്സിറ്റർ സെന്റ് ഡേവിഡ്സും ന്യൂട്ടൺ ആബോട്ടും തമ്മിലുള്ള ട്രെയിൻ സർവീസ് ശനിയാഴ്ച വൈകിട്ട് വരെ നിർത്തിവച്ചതായി ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ഡോളിഷ് സീവാളിൽ കടൽ തിരമാലകൾ ശക്തമായതാണ് കാരണം. നിലവിൽ പിയർ സ്വകാര്യ ഉടമസ്ഥതയിലായതിനാൽ അടിയന്തിര അറ്റകുറ്റപ്പണികൾക്ക് കൗൺസിലിന് നിയമപരമായ അധികാരമില്ലെന്നും മേയർ വ്യക്തമാക്കി.











Leave a Reply