സ്ത്രീകള്‍ എവിടെയും എപ്പോഴും ലൈംഗിക ചൂഷണത്തിന് ഇരയാകാറുണ്ടെന്നും ഇതുവരെ അങ്ങനെയൊന്നും അനുഭവപ്പെട്ടിട്ടില്ലെന്ന് പറയുന്ന ഒറ്റ സ്ത്രീയെപ്പോലും തനിക്കറിയില്ല എന്നും പാര്‍വതി. കടയിലും മറ്റും വരുന്ന കൊച്ച് പെണ്‍കുട്ടികളുടെ അടുത്ത് ചെന്ന് മുണ്ട് പൊക്കി കാണിക്കുന്ന ആളുകള്‍ നമുക്കിടയിലുണ്ട്. പാര്‍വതി ഒരു അഭിമുഖത്തിലായിരുന്നു ഇപ്രകാരം തുറന്നടിച്ചത്.
തന്റെ ഇരുപത്തിയെട്ട് വര്‍ഷത്തെ ജീവിതത്തിനിടയില്‍ ലൈംഗിക ചൂഷണത്തിന് ഒരുതവണയെങ്കിലും അടിമപ്പെടാത്തവരെ കാണാന്‍ സാധിച്ചിട്ടില്ലെന്നാണ് പാര്‍വതി പറയുന്നത്.ഒരു ആണിനെ ലൈംഗികമായി തൃപ്തിപ്പെടുത്തേണ്ടവരാണ് സ്ത്രീ എന്ന നിലപാടില്‍ നിന്നും മാറി ചിന്തിക്കുന്ന ആകെ മൂന്ന് പുരുഷന്മാരെ താന്‍ കണ്ടിട്ടുള്ളൂ. ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും ഒരു അതിക്രമത്തിന് ഇരയായേക്കാം. അതില്‍ വിഷമിച്ചിരിക്കേണ്ട കാര്യമൊന്നുമില്ല. ജോലിയും മറ്റു കാര്യങ്ങളുമായി ധൈര്യപൂര്‍വ്വം മുന്നോട്ട് പോവുക, അതാണ് വേണ്ടതെന്നും പാര്‍വതി വ്യക്തമാക്കി.
പെണ്‍കുട്ടികള്‍ക്ക് അച്ചടക്കം പഠിപ്പിച്ചുകൊടുക്കേണ്ടത് ആദ്യം വീട്ടില്‍ നിന്നു തന്നെയാണ്. ഒരു സ്ത്രീയെ എങ്ങനെ ബഹുമാനിക്കണമെന്ന് ആണ്‍കുട്ടികളെയും പഠിപ്പിക്കണം. അച്ഛന്‍ അമ്മയോട് എങ്ങനെ പെരുമാറുന്നു അതുകണ്ടാണ് ആണ്‍കുട്ടികളില്‍ സ്ത്രീ സങ്കല്പങ്ങളും അവരെ കുറിച്ചുള്ള കാഴ്ചപ്പാടുകളും ഉടലെടുക്കുന്നത്. വീട്ടില്‍ മാത്രമല്ല സ്‌കൂളിലും ടീച്ചര്‍മാര്‍ പെണ്‍കുട്ടികളെ അച്ചടക്കം പഠിപ്പിക്കുന്നതിനാണ് മുന്‍തൂക്കം നല്‍കാറ്. ആണ്‍ കുട്ടികളും അച്ചടക്കത്തില്‍ വളരണമെന്ന് പാര്‍വതി കൂട്ടിച്ചേര്‍ത്തു.