ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹീത്രൂ, ഗാറ്റ്‌വിക്ക്, എഡിൻബർഗ്, ബർമിംഗ്ഹാം, ബ്രിസ്റ്റോൾ, ന്യൂകാസിൽ, മാഞ്ചസ്റ്റർ എന്നിവയുൾപ്പെടെയുള്ള എല്ലാ വിമാനത്താവളങ്ങളും സാങ്കേതിക തകരാർ നീണ്ട ക്യൂവിന് കാരണമായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പാസ്പോർട്ട് ഉപയോഗിച്ച് നിയന്ത്രിക്കുന്ന ഇ- ഗേറ്റുകളുടെ തകരാറാണ് മലയാളികൾ ഉൾപ്പെടെ ഒട്ടനവധി യാത്രക്കാരെ വലച്ച പ്രശ്നത്തിന് പിന്നിൽ. പല യാത്രക്കാരും തങ്ങൾ നേരിട്ട പ്രശ്നത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ രോഷം അറിയിച്ചു. 90 മിനിറ്റ് ക്യൂവിൽ നിൽക്കേണ്ടതായി വന്നുവെന്നാണ് ഒരാൾ അറിയിച്ചത്.

എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാൻ സാങ്കേതിക സഹായം നൽകുന്ന ഏജൻസികളുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ മാപ്പ് ചോദിക്കുന്നു എന്നും ഹോം ഓഫീസ് അറിയിച്ചു. ഇ- ഗേറ്റിന്റെ മേൽനോട്ടം വഹിക്കുന്ന ബോർഡർ ഫോഴ്സ് ഹോം ഓഫീസിന്റെ കീഴിലാണ് സാങ്കേതിക തകരാറിൻ്റെ സ്വഭാവത്തെ കുറിച്ചോ അത് എങ്ങനെ സംഭവിച്ചുവെന്നതിനെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

ഇ-ഗേറ്റുകൾ ഒരു വ്യക്തിയുടെ ഐഡൻ്റിറ്റി പരിശോധിക്കുന്നതിനും അതിർത്തി സേനയിലെ ഉദ്യോഗസ്ഥനുമായി സംസാരിക്കാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നതിനും മുഖം തിരിച്ചറിയൽ ഉപയോഗിക്കുന്ന ഓട്ടോമേറ്റഡ് ഗേറ്റുകളാണ്. ഇ- ഗേറ്റുകളുടെ തകരാർ മൂലം കാലതാമസം നേരിട്ടവർക്ക് സഹായം എത്തിക്കുന്നതിനായി എയർപോർട്ട് കസ്റ്റം സർവീസ് സ്റ്റാഫ് പ്രവർത്തിക്കുന്നുണ്ടായിരുന്നു . പലസ്ഥലങ്ങളിലും നീണ്ട ക്യൂവിൽ നിന്നവർക്ക് കുടിവെള്ളം വിതരണം ചെയ്തു. പ്രശ്നത്തെ തുടർന്ന് കാർ പാർക്കിങ്ങുകളിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നവർക്കുള്ള അധിക ചാർജുകൾ ഒഴിവാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.