ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടീഷ് മ്യൂസിയത്തിൽ നിന്ന് ഇതുവരെ മോഷ്ടിക്കപ്പെട്ടത് രണ്ടായിരത്തോളം വസ്തുക്കളെന്ന് വെളിപ്പെടുത്തൽ. എന്നാൽ ഇതിൽ ചിലത് വീണ്ടെടുക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് ചെയർമാൻ ജോർജ്ജ് ഓസ്ബോൺ പറഞ്ഞു. മ്യൂസിയത്തിൽ നിന്ന് നഷ്ടപ്പെട്ട വസ്തുക്കളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മ്യൂസിയം ജീവനക്കാരനെ പിരിച്ചുവിട്ടിരുന്നു. അതേസമയം, 2021 ലെ അന്വേഷണം തെറ്റായി കൈകാര്യം ചെയ്തതിനെ തുടർന്ന് മ്യൂസിയത്തിന്റെ ഡയറക്ടർ ഹാർട്ട്വിഗ് ഫിഷർ ഉടൻ സ്ഥാനമൊഴിയുമെന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. യുകെയിലെ ഏറ്റവും പ്രശസ്തമായ സാംസ്കാരിക സ്ഥാപനങ്ങളിലൊന്നായ മ്യൂസിയം ഈ മാസം ആദ്യം മുതലാണ് വാർത്തകളിൽ നിറഞ്ഞത്.

മ്യൂസിയത്തിലെ എല്ലാ ഇനങ്ങളും “ശരിയായി കാറ്റലോഗ് ചെയ്യുകയും രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടില്ല” എന്ന് ഓസ്ബോൺ പറഞ്ഞു. പോലീസുമായി മ്യൂസിയം അധികൃതർ സഹകരിക്കുന്നുണ്ടെന്നും എന്തൊക്കെ നഷ്ടമായെന്ന് കണ്ടെത്താൻ ഫോറൻസിക് ജോലികൾ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. മ്യൂസിയത്തിന്റെ സുരക്ഷ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2021 ഫെബ്രുവരിയിൽ മോഷണത്തെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിച്ചുവെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.

ബി.സി പതിനഞ്ചാം നൂറ്റാണ്ട് മുതൽ എ.ഡി പത്തൊൻപതാം നൂറ്റാണ്ടിനിടയ്ക്ക് പഴക്കമുള്ള അപൂർവ്വ വസ്തുക്കൾ മ്യൂസിയത്തിലുണ്ട്. 1753-ൽ സ്ഥാപിതമായ ബ്രിട്ടീഷ് മ്യൂസിയത്തിൽ ഏകദേശം 80 ലക്ഷം വസ്തുക്കളുടെ ശേഖരം ഉണ്ട്. എന്നാൽ 2019 ലെ കണക്കനുസരിച്ച് ഏകദേശം 80,000 എണ്ണം മാത്രമേ പൊതു പ്രദർശനത്തിൽ ഉൾപ്പെട്ടിട്ടുള്ളൂ.