കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്നു തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെയും കൊണ്ട് യുവതി കുലശേഖരപതിയിൽ എത്തിയതായി ദൃക്സാക്ഷികൾ. കണ്ണങ്കര, കുലശേഖരപതി, കുമ്പഴവടക്ക്, മൈലപ്ര, പള്ളിപ്പടി എന്നിവിടങ്ങളിൽ വ്യാപകമായ തിരച്ചിൽ. നാട്ടുകാരും പൊലീസും ചേർന്ന് ഊടുവഴികളും ആളൊഴിഞ്ഞ വീടുകളും പുരയിടങ്ങളും അരിച്ചുപെറുക്കിയിട്ടും ആരെയും കണ്ടെത്താനായില്ല.
ഉച്ചയ്ക്ക് ഒരുമണിയോടെ സ്വർണ നിറമുള്ള ചുരിദാർ ധരിച്ച യുവതി കൈക്കുഞ്ഞുമായി മുകളിലേക്കു നടന്നു പോകുന്നതു കണ്ടതായി കുലശേഖരപതി പമ്മം വളവിലെ വീട്ടിൽ താമസിക്കുന്ന റംല പറഞ്ഞു. പൊക്കിൾക്കൊടിയുള്ള കുഞ്ഞിന്റെ ദേഹത്ത് തുണി പോലുമില്ലാതെ കൊണ്ടുപോകുന്നതു കണ്ട് ഒന്നുകൂടി നോക്കി. അപ്പോഴേക്കും വേഗം നടന്നുപോയി എന്നാണ് അവർ അറിയിച്ചത്.

ഡിസിസിഎസ് പേവാർഡിനു മുന്നിലൂടെ കുഞ്ഞുമായി പുറത്തേക്ക്. 2. ഓട്ടോറിക്ഷയിൽ കയറി ആശുപത്രിക്കു പുറത്തേക്കു നീങ്ങുന്നു….
രണ്ടരയോടെയാണ് പൊലീസ് തിരഞ്ഞ് എത്തിയത്. ഇതുവഴി യുവതി കുഞ്ഞുമായി പോകുന്നതു കണ്ടോ എന്നു പൊലീസ് ചോദിച്ചപ്പോൾ കണ്ടതായും ലക്ഷണങ്ങളും റംല പറഞ്ഞു. യുവതിക്ക് 25 വയസ്സ് തോന്നിക്കും. കറുത്ത നിറം, അധികം വണ്ണമില്ല. തുടങ്ങിയ അടയാളങ്ങൾ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ യുവതിയുടെ സിസിടിവി ദൃശ്യങ്ങളുമായി യോജിക്കുന്നതായിരുന്നു. ഇതെ തുടർന്ന് ആറന്മുള, പത്തനംതിട്ട സ്റ്റേഷനുകളിലെ പൊലീസ് ഇവിടെ വ്യാപകമായ തിരച്ചിൽ നടത്തി. ഒപ്പം നാട്ടുകാരും കൂടി. ലക്ഷംവീട് ഭാഗത്തു കൂടി കുമ്പഴ വടക്കിലേക്കു കടന്നതായി ഇതിനിടെ വിവരം കിട്ടി. ഉടനെ പൊലീസ് അവിടേക്കു തിരിച്ചു. റബർ തോട്ടങ്ങളും ഇതര സംസ്ഥാനക്കാർ താമസിക്കുന്ന വീടുകളും പൊലീസും നാട്ടുകാരും തിരഞ്ഞു.

pathanamthitta-child-missing-02.jpg.image.784.410

കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ നിന്നു കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ. 1. കുഞ്ഞിനെ കൈക്കലാക്കാൻ പ്രസവമുറിക്കകത്തു നിന്നു പുറത്തേക്കു വരുന്ന യുവതി. 2. കുഞ്ഞിനെ കൈക്കലാക്കിയ ശേഷം പ്രസവ മുറിക്കകത്തേക്കു തിരികെ കയറുന്നു
കുലശേഖരപതിയിൽ അടഞ്ഞു കിടക്കുന്ന മിൽമ ചില്ലിങ് പ്ലാന്റിന്റെ സ്ഥലത്തും നാട്ടുകാർ മതിൽ ചാടിക്കടന്നു തിരച്ചിൽ നടത്തി. സംഭവം അറിഞ്ഞ് വിവിധ സ്ഥലങ്ങളിൽ നിന്ന് ഇരുചക്രവാഹനങ്ങളിലും ഓട്ടോയിലും ആളുകൾ എത്തി. ഇതിനിടെ പമ്മം അങ്കണവാടിയോടു ചേർന്നുള്ള ഒറ്റമുറിയിൽ സ്ത്രീയും പുരുഷനും താമസിക്കുന്നുണ്ടെന്നും സിസിടിവിയിൽ കണ്ട യുവതിയുമായി സാമ്യം ഉണ്ടെന്നും ചിലർ പൊലീസിനോടു പറഞ്ഞു.

ഉണ്ടായിരുന്ന മുഴുവൻ പൊലീസിനെയും വിളിച്ചുവരുത്തി വീട് വളഞ്ഞു. അപ്പോഴാണ് അറിയുന്നത് ഒന്നര മണിക്കൂർ മുമ്പ് സ്ത്രീ വീടു പൂട്ടി പുറത്തുപോയെന്ന്. ഇതോടെ പൊലീസിനും നാട്ടുകാർക്കും സംശയം ഇരട്ടിച്ചു. ഇവരെ കണ്ടാൽ അപ്പോൾ തന്നെ അടി കൊടുക്കണമെന്നു വരെ ചിലർ പദ്ധതിയിട്ടു. ഇതിനിടെ ഈ യുവതിയോടൊപ്പം താമസിക്കുന്ന പുരുഷനെ പൊലീസ് കണ്ടെത്തി. കൂടൽ സ്വദേശികളാണെന്നും ഇവിടെ വാടകയ്ക്കു താമസിക്കാൻ തുടങ്ങിയിട്ടു രണ്ടാഴ്ചയേ ആയിട്ടുള്ളൂവെന്നും അദ്ദേഹം പൊലീസിനോടു വിശദീകരിച്ചു. യുവതിയുടെ ഫോണിൽ വിളിപ്പിച്ചപ്പോൾ കോഴഞ്ചേരിയിൽ നിന്നു ബസിൽ അവർ പത്തനംതിട്ടയിലേക്കു വരുന്നതായി വിവരം കിട്ടി. ബസിനു പിന്നാലെ പൊലീസ് കൂടി.

pathanamthitta-child-missing-01.jpg.image.784.410

ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ഇവരെ വനിതാ പൊലീസ് തടഞ്ഞു. നേരെ സ്റ്റേഷനിൽ കൊണ്ടുപോയി. യുവതിയെ കണ്ടതായി പറഞ്ഞ റംലയെ പമ്മത്തുനിന്നു പൊലീസ് വരുത്തി ഇവരെ കാണിച്ചു. പക്ഷേ, ഇവരല്ലെന്നും കുറേക്കൂടി കറുപ്പുനിറമുള്ള യുവതിയാണ് കുഞ്ഞിനെയും കൊണ്ടു പോയതെന്നും പറഞ്ഞതിനെ തുടർന്നു വിട്ടയച്ചു. നിരാശയോടെ പൊലീസ് വീണ്ടും തിരച്ചിലിന് ഇറങ്ങി.