പത്തനംതിട്ട ഒളിപ്പിച്ച് വച്ചിരുന്ന രാഷ്ട്രീയ ചിത്രങ്ങൾ വിചിത്രമായി തുടരുകയാണ്. ശബരിമല വിഷയം വലിയ ചർച്ചയാക്കി ബിജെപി വലിയ മുന്നേറ്റമാണ് തുടങ്ങി വച്ചത്. ത്രികോണ മൽസരത്തിന്റെ പ്രതീതി അവസാനനിമിഷം വരെ നിലനിർത്തിയ പത്തനംതിട്ടയുടെ ഫലം വന്നപ്പോൾ ബിജെപി മൂന്നാമതായി. എന്നാൽ ഇപ്പോൾ വേറെ ചില കണക്കുകളാണ് പുറത്തുവരുന്നത്. മണ്ഡലത്തിൽ ഹാട്രിക് തികച്ച ആന്റോ ആന്റണിയുടെ സ്വന്തം ബൂത്തിൽ കെ.സുരേന്ദ്രൻ മുന്നില്‍. വീണാ ജോർജിന്റെ ബൂത്തിലാകട്ടെ, ആന്റോ ആന്റണിയും ഒന്നാമനായി.
നാടിളക്കി മറിച്ചു വോട്ടഭ്യർഥിച്ച നേതാക്കളിൽ പലരും സ്വന്തം ബൂത്തിൽ വലിയ പരുങ്ങലിലായിരുന്നു. പത്തനംതിട്ട കാതോലിക്കേറ്റ് സ്കൂളിലെ 231ാം നമ്പർ ബൂത്തിലാണ് യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി വോട്ടു ചെയ്തത്. ഡിസിസി മുൻ പ്രസിഡന്റ് പി. മോഹൻരാജിന്റെ ബൂത്തു കൂടിയാണിത്. ഇവിടെ ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രൻ 287 വോട്ടു നേടിയപ്പോൾ വീണാ ജോർജ് 145 വോട്ടുമായി രണ്ടാമതായി. 110 വോട്ടുമായി മൂന്നാം സ്ഥാനം മാത്രമേ ആന്റോയ്ക്കുള്ളു.
ആനപ്പാറ ഗവ എൽപി സ്കൂളിലെ 238ാം നമ്പർ ബൂത്തിൽ ആന്റോ ആന്റണി 467 വോട്ട് നേടിയപ്പോൾ വീണയ്ക്കു കിട്ടിയത് 348 വോട്ട്. കെ.സുരേന്ദ്രൻ 51. ആറന്മുള മണ്ഡലത്തിൽ ആന്റോ ആന്റണിക്ക് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് മുണ്ടുകോട്ടയ്ക്കൽ എസ്എൻഎസ്‌വിഎംയുപി സ്കൂളിലെ 225ാം നമ്പർ ബൂത്തിലാണ്. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ സജി കെ.സൈമണിന്റെ വാർഡായ ഇവിടെ ആന്റോയ്ക്ക് 491 വോട്ട് ലഭിച്ചു.
കോന്നി മണ്ഡലത്തിലെ കലഞ്ഞൂർ ഇടത്തറ സെന്റ് തോമസ് യുപി സ്കൂളിലെ 164ാം നമ്പർ ബൂത്തിൽ ആന്റോ 171, വീണ 251, സുരേന്ദ്രന് 152 എന്നിങ്ങനെയാണ് വോട്ട്. അതേസമയം, സിപിഎം ജില്ലാ സെക്രട്ടറി എ.പി. ഉദയഭാനുവിന്റെ ബൂത്തിൽ ആന്റോയാണ് മുന്നിൽ.
കോന്നി മണ്ഡലത്തിലെ 150ാം നമ്പർ ബൂത്തിൽ യുഡിഎഫ് 299, എൽഡിഎഫ് 150, എൻഡിഎ 63 എന്ന നിലയിലാണ് വോട്ടു വിഹിതം. ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട മാനം കാത്തു. ആറന്മുള മണ്ഡലത്തിലെ 159ാം നമ്പർ ബൂത്തിൽ സുരേന്ദ്രൻ 416 വോട്ട് പിടിച്ചു. ആന്റോ 268, വീണ 124 എന്നിവർ പിന്നിലായി. റാന്നി എംഎൽഎ രാജു ഏബ്രഹാമിന്റെ ബൂത്തിൽ ആന്റോയാണ് ജേതാവ്. അങ്ങാടി പഞ്ചായത്തിലെ കരിങ്കുറ്റി സെന്റ് തോമസ് യുപി സ്കൂളിലെ 95ാം നമ്പർ ബൂത്തിൽ ആന്റോ ആന്റണി 256 വോട്ടും വീണാ ജോർജ് 162 വോട്ടും കെ. സുരേന്ദ്രൻ 146 വോട്ടും പിടിച്ചു. തിരുവല്ല എംഎൽഎ മാത്യു ടി. തോമസിന്റെ ബൂത്തിലും വീണ പിന്നിൽ പോയി. തിരുവല്ല മണ്ഡലത്തിലെ 91ാം നമ്പർ ബൂത്തിൽ യുഡിഎഫ് 276, എൽഡിഎഫ് 235, എൻഡിഎ 22 എന്നിങ്ങനെയാണ് വോട്ട് നില.
Leave a Reply