ടോക്കിയോ ഒളിംപിക്സിന് നാളെ തിരിതെളിയുമ്പോൾ ആദ്യ മലയാളി ഒളിംപ്യൻ വിസ്മൃതിയിൽ. 7 പതിറ്റാണ്ട് മുൻപ് ലണ്ടൻ ഒളിംപിക്സിൽ പങ്കെടുത്ത ഫുട്ബോൾ ടീമിലെ മലയാളി താരം തിരുവല്ല പാപ്പനാണ് വിസ്മൃതിയിലായത്. സ്വതന്ത്ര ഇന്ത്യ ആദ്യമായി ബൂട്ടണിഞ്ഞ ലണ്ടൻ ഒളിംപിക്‌സിൽ (1948) ടീമിലെ പ്രധാനിയായിരുന്ന തിരുവല്ല തേൻമഠത്തിൽ ടി.എം.വർഗീസ് എന്ന തിരുവല്ല പാപ്പൻ ജിവീതത്തിന്റെ കളമൊഴിഞ്ഞിട്ട് 4 പതിറ്റാണ്ടായി. ജന്മനാട്ടിൽ ഇദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും പാഴ്‌വാക്കായി.

1948-ലെ ലണ്ടൻ ഒളിമ്പിക്‌സിൽ പങ്കെടുക്കുകയും 1951-ലെ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ നേടിയ ടീമിൽ കളിക്കുകയും ചെയ്ത കേരളീയനായ ഫുട്ബോൾ താരമാണ് തിരുവല്ല പാപ്പൻ എന്നറിയപ്പെട്ടിരുന്ന ടി.എം. വർഗീസ്. തിരുവല്ല എം.ജി.എം. ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചു.ടാറ്റാ ഫുട്ബാൾ ടീമിലംഗമായ പാപ്പൻ 1952 വരെ അതിന്റെ ക്യാപ്റ്റനുമായിരുന്നു.

1942 മുതൽ 52 വരെ ദേശീയ ടീമിൽ കളിച്ചു. പ്രഥമ ഏഷ്യാഡിൽ (1951) ഇന്ത്യ സ്വർണം നേടിയപ്പോൾ ടീമംഗമായിരുന്നു. 1951 ഏഷ്യൻ ഗെയിംസ് ഫൈനലിൽ ഇറാൻ താരവുമായി കൂട്ടിയിടിച്ച് മൂക്കിൽ നിന്ന് േചാര ചീറ്റിയ പാപ്പനോട് റഫറി കളത്തിൽ നിന്ന് കയറാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല.

തുവാലകൊണ്ടു മൂക്ക് പൊത്തിപ്പിടിച്ചാണ് കളി പൂർത്തിയാക്കിയത്. ഫുൾബാക്ക് സ്‌ഥാനത്ത് കളിച്ചിരുന്ന പാപ്പൻ സ്വീഡൻ, റഷ്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾക്കെതിരെയും കളിച്ചിട്ടുണ്ട്. 8 പതിറ്റാണ്ട് മുൻപ് തിരുവല്ലയിലും സമീപപ്രദേശങ്ങളിലും ഫുട്‌ബോളിന്റെ ആവേശം വിതറാൻ പാപ്പനു കഴിഞ്ഞു.

ഒളിംപിക്‌സിൽ പങ്കെടുത്ത ആദ്യ മലയാളി തിരുവല്ല പാപ്പന് ജന്മനാട്ടിൽ സ്‌മാരകം വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. പഴയ തലമുറയിലെ പ്രമുഖ കായിക താരങ്ങൾക്കെല്ലാം ജന്മനാട്ടിൽ സ്മാരകം ഉയർന്നു കഴിഞ്ഞു. എന്നാൽ ആദ്യ മലയാളി ഒളിംപ്യന്റെ സ്മരണ ഇപ്പോഴുള്ളത് ചില പഴയകാല ഫുട്ബോൾ പ്രേമികളിൽ മാത്രം.