ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- മെയിൽ പത്രം നടത്തിയ അന്വേഷണത്തിൽ ബ്രിട്ടന്റെ ആരോഗ്യരംഗത്ത് നടക്കുന്ന വൻ അഴിമതികളാണ് പുറത്തുവന്നിരിക്കുന്നത്. ഹോം ഓഫീസിന്റെ നിയമങ്ങളിലെ പഴുതുകൾ മുതലെടുത്ത്, യോഗ്യതയില്ലാത്ത കുടിയേറ്റക്കാർ ബ്രിട്ടനിൽ കെയർ ഹോമുകളിൽ നിയമനം നേടുകയാണെന്ന് മെയിൽ പത്രം നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരിക്കുകയാണ്. ഇത്തരത്തിൽ യോഗ്യതയില്ലാത്ത ആരോഗ്യ പ്രവർത്തകരാണ് ബ്രിട്ടനിൽ അപകടവസ്ഥയിലുള്ള രോഗികളെ ശുശ്രൂഷിക്കുന്നത് എന്നത് തികച്ചും ആശങ്കയുളവാക്കുന്ന വസ്തുതയാണ്. വൻതോതിലുള്ള ഒഴിവുകൾ നികത്താനുള്ള പ്രവർത്തനങ്ങൾക്കിടെ, കെയർ ഹോമുകളിൽ തികച്ചും യോഗ്യതയില്ലാത്ത, ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുവാൻ പോലും അറിയാത്തവരാണ് നിയമനം നേടുന്നത്. വിദേശത്തുള്ള ഇടനിലക്കാർ ഇത്തരത്തിലുള്ള കുടിയേറ്റക്കാർക്ക് ബ്രിട്ടനിൽ ജോലി നേടാൻ സഹായിക്കുന്നതിനായി 20,000 പൗണ്ട് വരെ ഈടാക്കുന്നുമുണ്ട്. 9000 പൗണ്ട് നൽകിയാൽ മൂന്ന് ദിവസത്തിനുള്ളിൽ ബ്രിട്ടനിൽ ജോലി ശരിയാക്കി തരാമെന്ന് ഒരു ബാപ്ടിസ്റ്റ് പ്രവർത്തകൻ മെയിൽ പത്രം നടത്തിയ രഹസ്യന്വേഷണത്തിൽ വെളിപ്പെടുത്തി. 2022 തുടക്കത്തിൽ ഇമിഗ്രേഷൻ നിയമങ്ങളിൽ നടത്തിയ ഇളവുകൾ മൂലം അന്ന് മുതൽ തന്നെ ഇത്തരത്തിലുള്ള ചൂഷണങ്ങൾ നടന്നുവരികയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


2021-22 കാലഘട്ടത്തിൽ മുതിർന്നവരുടെ പരിചരണ വിഭാഗത്തിൽ റെക്കോർഡ് ഒഴിവുകളാണ് രേഖപ്പെടുത്തിയിരുന്നത്. ഏകദേശം 164,000 ത്തോളം ഒഴിവുകൾ ഈ വിഭാഗത്തിൽ അന്ന് ബ്രിട്ടനിൽ ഉണ്ടായിരുന്നു. ഈ ഒഴിവുകൾ നികത്തുന്നത് മുൻഗണന നൽകിയതിനാൽ ഇത്തരം ജീവനക്കാർക്ക് ബ്രിട്ടനിലേക്ക് എത്തുന്നതിനുള്ള നിയമ തടസ്സങ്ങൾ സർക്കാർ ലഘൂകരിച്ചിരുന്നു. ഇതോടെ ബ്രിട്ടനിലേക്ക് എത്തുന്ന ജീവനക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവാണ് കഴിഞ്ഞവർഷം ഉണ്ടായത്. കഴിഞ്ഞവർഷം മാത്രം 89,000 ത്തോളം കെയർ വർക്കർ വിസകളാണ് ഇഷ്യൂ ചെയ്തിരിക്കുന്നത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യ, നൈജീരിയ, സിംബാവേ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ ബ്രിട്ടനിൽ എത്തിയിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ നിയമങ്ങൾ ലഘൂകരിച്ചത്, അത് ചൂഷണം ചെയ്യുന്നവർ ഒരു എളുപ്പമാർഗമായി കണ്ടിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതോടെ വേണ്ടത്ര യോഗ്യതയില്ലാത്തവർ ബ്രിട്ടന്റെ ആരോഗ്യ ഇടങ്ങളിൽ സ്ഥാനം പിടിച്ചതായി വാർത്തകൾ വ്യക്തമാക്കുന്നു. ഈ സംഭവത്തിൽ ആഭ്യന്തര ഓഫീസ് അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞിട്ടുണ്ട്.