ന്യൂസ് ഡെസ്ക് മലയാളം യുകെ
എൻഎച്ച്എസിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം ഓരോ ദിവസം കഴിയുംതോറും കുതിച്ചുയരുകയാണ്. എൻഎച്ച് എസിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം കുറയ്ക്കുന്നതിന് തന്ത്രപ്രധാനമായ ഒരു നീക്കം നടത്തിയിരിക്കുകയാണ് സർക്കാർ . ഇതു പ്രകാരം വെയിറ്റിംഗ് ലിസ്റ്റിൽ വളരെ നാളായി തുടരുന്ന ഇതുവരെ ചികിത്സ ലഭിക്കാത്ത രോഗികൾക്ക് രാജ്യത്തെ മറ്റ് എവിടെയെങ്കിലും ചികിത്സ ലഭിക്കുന്നതിനുള്ള ക്രമീകരണം ചെയ്യും .ഇതിൻ പ്രകാരം രാജ്യത്തെ ആയിരക്കണക്കിന് രോഗികൾക്ക് മറ്റു ഹോസ്പിറ്റലുകളിൽ നിന്ന് ചികിത്സാസഹായം ലഭിക്കും.
40 ആഴ്ചയിൽ കൂടുതൽ കാത്തിരിക്കുന്ന രോഗികൾക്കും അടുത്ത 8 ആഴ്ച വരെ അപ്പോയിൻമെന്റ് ലഭിക്കാത്തവർക്കും ആണ് ഈ സ്കീമിന്റെ പ്രയോജനം ലഭിക്കുന്നത്. അർഹരായവർക്ക് അവരുടെ ഹോസ്പിറ്റലുകളിൽ നിന്ന് ഇ-മെയിൽ മുഖേനയോ ടെക്സ്റ്റ് മെസ്സേജ് ആയോ കൂടുതൽ വിവരങ്ങൾ കൈമാറപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എൻഎച്ച്എസും സർക്കാരും ഈ വർഷം ആദ്യം പ്രഖ്യാപിച്ച ഈ പദ്ധതി ചികിത്സയ്ക്കായി കാത്തിരിക്കുന്ന 4 ലക്ഷം രോഗികൾക്ക് ഉടൻ പ്രയോജനം ചെയ്യും. ഇത് മൊത്തത്തിലുള്ള വെയ്റ്റിംഗ് ലിസ്റ്റിന്റെ 5 ശതമാനം ആണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അർഹരായവർക്ക് മറ്റു സ്ഥലങ്ങളിൽ അപ്പോയിൻമെന്റ് എടുക്കാനുള്ള സംവിധാനം എൻഎച്ച്എസ്സിന്റെ സംവിധാനത്തിലൂടെയാണ് തിരിച്ചറിയുന്നത്. ഒരു രോഗിക്ക് ഉചിതമായ മറ്റൊരു സ്ഥലം ലഭിച്ചില്ലെങ്കിൽ നിലവിലെ സംവിധാനത്തിൽ തന്നെ തുടരുകയും വെയിറ്റിംഗ് ലിസ്റ്റിൽ അവർക്ക് കിട്ടണ്ടിയിരുന്ന മുൻഗണനാക്രമം നഷ്ടമാവുകയും ചെയ്യുകയില്ല. ഇങ്ങനെ മറ്റു ഹോസ്പിറ്റലുകളിൽ ചികിത്സാർത്ഥം പോകുന്നവർക്ക് ടാക്സി, മറ്റ് താമസം എന്നിവയുടെ ചിലവുകൾ എൻഎച്ച്എസ് ആണ് വഹിക്കുന്നത്. ഇനി പണിമുടക്കുകൾ ഒന്നും നടന്നില്ലെങ്കിൽ കൂടി എൻ എച്ച് എസ് വെയിറ്റിങ് ലിസ്റ്റ് അടുത്ത വേനൽ അവധിക്കാലത്ത് 8 ദശലക്ഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ .
Leave a Reply