ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ അവസാന ഓപ്പൺകാസ്റ്റ് കൽക്കരി ഖനിയുടെ നടത്തിപ്പുകാർ ലൈസൻസ് ലംഘിച്ചതായി ആരോപണം. ഖനിക്ക് അനുവദനീയമായ സ്ഥലത്തിന് പുറത്ത് ഖനനം നടത്തുന്നതായി ഇൻസ്‌പെക്ടർമാർ കണ്ടെത്തിയതിന് പിന്നാലെയാണിത്. മെർതിർ ടിഡ്ഫിലിൻെറ എഫ്ഫോസ്-വൈ-ഫ്രാൻ ഖനി യുകെയുടെ കൽക്കരിയുടെ മൂന്നിൽ രണ്ട് ഭാഗവും ഉത്പാദിപ്പിക്കുന്നു. കഴിഞ്ഞ സെപ്തംബറിൽ പ്ലാനിംഗ് പെർമിഷൻ കാലാവധി തീരുന്നതിനാൽ ഖനി അടയ്ക്കേണ്ടതായിരുന്നു. കാലാവധിക്ക് ശേഷം 200,000 ടണ്ണിലധികം കൽക്കരി ഖനിയിൽ വേർതിരിച്ചെടുത്തിട്ടുണ്ട്.

ഈ വർഷം ആദ്യം ഖനനം നിർത്താൻ ഉടമയ്ക്ക് ലോക്കൽ അതോറിറ്റി എൻഫോഴ്‌സ്‌മെന്റ് ഉത്തരവ് നൽകിയിരുന്നു. ഇതിൻ പ്രകാരം ജൂലൈ അവസാനത്തോടെ ഉത്പാദനം അവസാനിപ്പിക്കണം. എന്നാൽ ഈ തീരുമാനത്തിനെതിരെ കമ്പനി അപ്പീൽ നൽകി.യുകെയിൽ ലൈസൻസ് നൽകുന്ന കൽക്കരി അതോറിറ്റി ഇപ്പോൾ കമ്പനിക്ക് അന്തിമ എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചിട്ടുണ്ട്. ലൈസൻസ് ഏരിയയ്ക്ക് പുറത്തുള്ള കൽക്കരി ഖനനം ഉടനടി നിർത്തുകയും ഇത് നടന്നതായി അധികാരിയെ അറിയിക്കുകയും വേണമെന്ന് കത്തിൽ പറയുന്നു.

സ്റ്റീൽ വ്യവസായത്തിന് ഖനിയിൽ നിന്നുള്ള കൽക്കരി ആവശ്യമാണെന്ന് വാദിച്ച് 2024 വരെ ലൈസൻസ് നീട്ടാൻ കമ്പനി അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള വെൽഷ് ഗവൺമെന്റ് നയങ്ങൾക്ക് വിരുദ്ധമാണിതെന്ന് ചൂണ്ടിക്കാട്ടി കൗൺസിൽ പ്ലാനിംഗ് ഉദ്യോഗസ്ഥർ ഏപ്രിലിൽ അപേക്ഷ നിരസിച്ചു. അതിനാൽ 16 വർഷത്തെ ഉത്ഖനനത്തിന് ശേഷം എഫ്ഫോസ്-വൈ-ഫ്രാൻ ഖനിയിലെ ഉൽപ്പാദനം അവസാനിക്കും. 2005-ൽ അനുമതി ലഭിച്ച ഖനി ഏകദേശം 11 ദശലക്ഷം ടൺ കൽക്കരി ഖനനം ചെയ്‌തിരുന്നു