വത്തിക്കാൻ സിറ്റി: പോൾ ആറാമൻ മാർപാപ്പ, ദരിദ്രരോടു പക്ഷം ചേർന്നു പ്രവർത്തിച്ചതിന്റെ പേരിൽ സ്വേച്ഛാധിപത്യ ഭരണകൂടം ദേവാലയത്തിൽ വിശുദ്ധ കുർബാനമധ്യേ വധിച്ച ആർച്ച്ബിഷപ് ഓസ്കർ റൊമേറോ എന്നിവരും മറ്റ് അഞ്ചുപേരും ഇന്നു വിശുദ്ധരുടെ പട്ടികയിൽ. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ചത്വരത്തിൽ നടക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിക്കും.
1963 മുതൽ 78 വരെ കത്തോലിക്കാസഭയെ നയിച്ച പോൾ ആറാമൻ മാർപാപ്പയുടെ കാലത്താണു വത്തിക്കാൻ സൂനഹദോസിന്റെ പ്രധാന സമ്മേളനങ്ങളെല്ലാം നടന്നത്. പുരോഗമന ചിന്തയെയും യാഥാസ്ഥിതികത്വത്തെയും സംയോജിപ്പിച്ചു സഭയിൽ മാറ്റങ്ങൾ വരുത്തിയ ആളാണ് അദ്ദേഹം. ഇന്ത്യയിൽ ആദ്യം സന്ദർശനം നടത്തിയ (1964 ഡിസംബർ, മുംബൈ) മാർപാപ്പ, സഭൈക്യ നീക്കങ്ങൾക്കു കരുത്തുപകർന്നു മറ്റു ക്രിസ്തീയ സഭാ അധിപന്മാരുമായി കൂടിക്കാഴ്ചകൾ തുടങ്ങിയ മാർപാപ്പ എന്നിങ്ങനെ പല വിശേഷണങ്ങളും അദ്ദേഹത്തിനുണ്ട്. സെപ്റ്റംബർ 26 ആണ് തിരുനാൾ ദിനം.
ലാറ്റിനമേരിക്കയിലെ എൽസാൽവദോറിലായിരുന്നു ആർച്ച്ബിഷപ് ഓസ്കർ റൊമേറോയുടെ (1917-80) ജീവിതം. 1980 മാർച്ച് 24-നാണ് ഭരണകൂടത്തിന്റെ വാടകക്കൊലയാളികൾ ദിവ്യബലി മധ്യേ അദ്ദേഹത്തെ വെടിവച്ചു വീഴ്ത്തിയത്. വിമോചന ദൈവശാസ്ത്രത്തിന്റെ അനുയായി ആയിരുന്നില്ലെങ്കിലും സ്വേച്ഛാധിപത്യത്തിനും ചൂഷണത്തിനുമെതിരേ ശക്തമായി പോരാടിയ ആളാണ് അദ്ദേഹം. മറ്റു ക്രൈസ്തവ വിഭാഗങ്ങളും അദ്ദേഹത്തിന്റെ തിരുനാൾദിനം (മാർച്ച് 24) തങ്ങളുടെ ആരാധനക്രമ കലണ്ടറിൽ പെടുത്തിയിട്ടുണ്ട്. സിസ്റ്റേഴ്സ് അഡോറേഴ്സ് ഓഫ് ദ മോസ്റ്റ് ഹോളി സാക്രമെന്റ് എന്ന സഭയുടെ സ്ഥാപകനായ ഇറ്റാലിയൻ വൈദികൻ ഫ്രൻചെസ്കോ സ്പിനെല്ലി (1853-1913), ഇറ്റലിയിലെ നേപ്പിൾസുകാരനായ വൈദികൻ വിൻചെൻസോ റൊമാനോ (1751-1831), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ പുവർ ഹാൻഡ് മെയ്ഡ്സ് ഓഫ് ജീസസ് ക്രൈസ്റ്റ് എന്ന സഭ സ്ഥാപിച്ച ജർമൻകാരിയായ മരിയ കാതറീന കാസ്പർ (1820-1898), സ്പെയിനിൽ ജനിച്ച് അർജന്റീനയിൽ മരിക്കുകയും മിഷനറി ക്രൂസേഡേഴ്സ് ഓഫ് ദ ചർച്ച് എന്ന സഭ സ്ഥാപിക്കുകയും ചെയ്ത നസാറിയ ഇഗ്നാസിയ (1886-1943), രോഗപീഡകൾക്കടിപ്പെട്ട് 19 വർഷം മാത്രം ജീവിച്ച (1817-1836) ഇറ്റലിക്കാരൻ നുൺസിയോ സുൾപ്രീസിയോ എന്നിവരാണ് വിശുദ്ധരായി നാമകരണം ചെയ്യപ്പെടുന്ന മറ്റുള്ളവർ.
Leave a Reply