നേഴ്സുമാർക്ക് നേരത്തെ നിശ്ചയിച്ച ശമ്പളവർദ്ധനവ് 2.1%. വിവാദമായ വെളിപ്പെടുത്തലുകൾ നടത്തിയത് എൻഎച്ച്എസ് മേധാവി സൈമൺ സ്റ്റീവൻസ്. 1 % ശമ്പളവർധനവിനെ ന്യായീകരിച്ച് പ്രധാനമന്ത്രി

നേഴ്സുമാർക്ക് നേരത്തെ നിശ്ചയിച്ച ശമ്പളവർദ്ധനവ് 2.1%.  വിവാദമായ വെളിപ്പെടുത്തലുകൾ നടത്തിയത് എൻഎച്ച്എസ് മേധാവി സൈമൺ സ്റ്റീവൻസ്. 1 % ശമ്പളവർധനവിനെ ന്യായീകരിച്ച് പ്രധാനമന്ത്രി
March 09 16:41 2021 Print This Article

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

നേഴ്സുമാർ ഉൾപ്പെടെയുള്ള എൻഎച്ച്എസ് ജീവനക്കാർക്കുള്ള നിർദ്ദിഷ്ട ശമ്പളവർദ്ധനവിനെ കുറിച്ചുള്ള വാർത്തകൾ അവസാനിക്കുന്നില്ല. നേഴ്സുമാർക്ക് നേരത്തെ നിശ്ചയിച്ചിരുന്ന ശമ്പളവർദ്ധനവ് 2.1% ആയിരുന്നു എന്ന് എൻഎച്ച്എസ് മേധാവി സൈമൺ സ്റ്റീവൻസ് വെളിപ്പെടുത്തി. മുൻനിശ്ചയിച്ച 2.1% ശമ്പള വർദ്ധനവിൽ നിന്ന് കൊറോണ വൈറസ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശമ്പളവർദ്ധനവ് 1 % ആയി കുറയ്ക്കേണ്ടി വന്നു എന്ന ന്യായീകരണമാണ് എൻഎച്ച്എസ് മേധാവിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഇതിനിടെ പ്രധാനമന്ത്രി ബോറിസ് ജോൺസണും നിർദ്ദിഷ്ട ശമ്പള വർദ്ധനവിലെ കുറവിനെ ന്യായീകരിക്കുന്ന പ്രതികരണമാണ് നടത്തിയത്.

നേഴ്സുമാരുടെ കുറഞ്ഞ ശമ്പളവർദ്ധനവ് എൻഎച്ച്എസിലേയ്ക്കുള്ള നേഴ്‌സിംഗ് റിക്രൂട്ട്മെന്റിനെ സാരമായി ബാധിക്കും എന്ന അഭിപ്രായവും ഉയർന്നുവന്നിട്ടുണ്ട്. 1 % ശമ്പള വർദ്ധനവിലെ അപാകതയെ കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന ആവശ്യം പ്രതിപക്ഷത്തിൻെറയും പൊതുസമൂഹത്തിൻെറയും ഭാഗത്തുനിന്ന് ഉയർന്നുവരുന്നത് വരുംദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ശമ്പള വർദ്ധനവിലെ അപാകതയ്ക്കെതിരെ ശക്തമായി പ്രതികരിക്കാൻ രാജ്യത്തെ നേഴ്‌സിംഗ് യൂണിയനുകൾ തീരുമാനം എടുത്തിരുന്നു. മാഞ്ചസ്റ്റർ സിറ്റി സെൻററിൽ കഴിഞ്ഞദിവസം പ്രതിഷേധ റാലി സംഘടിപ്പിച്ചതിന് 65 വയസ്സുള്ള എൻഎച്ച്എസ് നേഴ്സിനെ 10000 പൗണ്ടാണ് പോലീസ് പിഴ ഈടാക്കിയത്. സമാന സംഭവത്തിൽ മറ്റൊരു ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും 200 പൗണ്ട് പിഴ ഈടാക്കുകയും ചെയ്തിരുന്നു.

1% ശമ്പള വർദ്ധനവിനെതിരെ പണി മുടക്കിനായി 35 മില്യൻ പൗണ്ട് ഫണ്ട് സ്വരൂപിക്കാൻ നേഴ്‌സിംഗ് യൂണിയനുകൾ തീരുമാനമെടുത്തത്തത് വരും ദിവസങ്ങളിൽ കൂടുതൽ സമരങ്ങൾക്ക് ബ്രിട്ടൺ സാക്ഷ്യം വഹിക്കും എന്നതിന്റെ സൂചനയാണ്. റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ശമ്പള വർദ്ധനവിനെ ദയനീയം എന്നാണ് വിശേഷിപ്പിച്ചത്. ഒരു ശതമാനം ശമ്പള വർദ്ധനവ് എന്നാൽ ഏറ്റവും കൂടുതൽ പ്രവർത്തി പരിചയം ഉള്ള നേഴ്സിന് ആഴ്ചയിൽ വെറും 3.50 പൗണ്ട് കൂടിയേ അധികമായി ലഭിക്കുകയുള്ളൂ എന്ന ആർസിഎൻ ജനറൽ സെക്രട്ടറി ഡാം ഡോണ കിന്നെയർ മുന്നറിയിപ്പ് നൽകി. ഇത് വളരെ ദയനീയവും നിരാശാജനകവും ആണെന്ന് അവർ കൂട്ടിച്ചേർത്തു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles