കൊച്ചി: ഏറെ കോളിളക്കം ശൃഷ്ടിച്ച ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ പിടിയിലായ രാഹുല്‍ പശുപാലനും രശ്മി ആര്‍ നായര്‍ക്കും ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസില്‍ സമയബന്ധിതമായി അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് സുനില്‍ തോമസ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.
ക്രിമിനല്‍ കേസില്‍ അന്തിമ റിപ്പോര്‍ട്ട് 90 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാമെന്നാണ് നിയമം. സമാന രീതിയില്‍ പോലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ വന്നതോടെയാണ് രാഹുലിനും രശ്മിക്കും ജാമ്യം ലഭിച്ചത്. 75,000 രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യവുമാണ് പ്രധാന വ്യവസ്ഥ. മാത്രമല്ല ലൈംഗിക ചുവയുള്ള കമന്റുകളോ പോസ്റ്റുകളോ പ്രചരിപ്പിക്കെരുതെന്നും കോടതി നിര്‍ദേശിച്ചു.
എല്ലാ തിങ്കളാഴ്ചയും ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ അത് ഹാജരാക്കണം. കോടതിയില്‍ ഹാജരാകാനല്ലാതെ സംസ്ഥാനത്തിന് പുറത്ത് പോകരുത്. സാക്ഷികളെയും പരാതിക്കാരെയും സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിക്കരുത് എന്നിങ്ങനെയുള്ള വ്യവസ്ഥകളും ജാമ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ നവംബര്‍ 18നാണ് രാഹുലിനെയും രശ്മിയെയും പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഉള്‍പ്പെടെ അശ്ലീല ചിത്രങ്ങള്‍ വെബ്‌സൈറ്റ് വഴി പ്രചരിപ്പിച്ച് പെണ്‍വാണിഭം നടത്തിയതിനാണ് ഇരുവരും പിടിയിലായത്.