യുഡിഎഫ് പ്രവേശത്തിന് പാരവച്ചത് ഉമ്മന്‍ചാണ്ടിയാണെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. വ്യക്തിവിരോധമാണ് കാരണം. ഒരു മുന്നണിയിലേക്കുമില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. മുന്നണി വിപുലീകരിക്കാന്‍ എല്‍ഡിഎഫ് ചിന്തിക്കുന്നില്ല. കാരണം അവര്‍ ജയിക്കും അവര്‍ക്ക് ഭൂരിപക്ഷം കിട്ടുമെന്നുള്ള അഹങ്കാരത്തിലാണ്.

കോണ്‍ഗ്രസുമായി സഹകരിച്ചു പോകണമെന്നാണ് പാര്‍ട്ടി കമ്മിറ്റിയുടെ തീരുമാനം. പക്ഷേ കോണ്‍ഗ്രസ് അത് ആഗ്രഹിക്കുന്നില്ല. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടി അനുകൂലിക്കുന്നില്ല. യുഡിഎഫിലും എല്‍ഡിഫിലും ഇല്ലാത്ത അവഗണിക്കപ്പെട്ടവരെ ഒപ്പം കൂട്ടി മുന്നണിയുണ്ടാക്കും. പൂഞ്ഞാറില്‍ തന്നെ മല്‍സരിക്കുമെന്നും പി.സി. ജോർജ് പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്ക് തന്നോടുള്ള എതിര്‍പ്പിന്റെ കാരണമെന്താണെന്ന് അറിയാം. ഇത് അധികം വൈകാതെ പത്രസമ്മേളനം വിളിച്ച് എല്ലാവരെയും അറിയിക്കുമെന്നും പി.സി.ജോര്‍ജ് വ്യക്തമാക്കി.

എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ഭാഗമാകാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് നാലാം മുന്നണി രൂപീകരിക്കുമെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി. മൂന്നുമുന്നണികളോടുമുള്ള അസംതൃപ്തി പുലര്‍ത്തുന്നവരെ കൂട്ടിച്ചേര്‍ത്താകും മുന്നണി ഉണ്ടാക്കുക. വിശ്വകര്‍മജര്‍, പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവര്‍ മുന്നണിയിലുണ്ടാകും. കേരളത്തിലെ 140 മണ്ഡലങ്ങളിലും മുന്നണിക്ക് സ്ഥാനാര്‍ഥിയുണ്ടാകുമെന്നും ജനപക്ഷം അതില്‍ അഞ്ചോ ആറോ സീറ്റുകള്‍ മാത്രമാകും മത്സരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.