സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയെന്ന പരാതിയില്‍ കുറ്റാരോപിതരായ സ്വപ്‌ന സുരേഷിനെയും പി.സി. ജോര്‍ജിനെയും ചോദ്യംചെയ്യുന്നതു സരിത എസ്‌. നായരുടെ രഹസ്യമൊഴിയെടുത്ത ശേഷം.

സരിതയുടെ രഹസ്യമൊഴി പരിശോധിച്ചശേഷം അതിന്റെ അടിസ്‌ഥാനത്തില്‍ തുടര്‍നടപടി മതിയെന്ന നിയമോപദേശം പരിഗണിച്ചാണു തീരുമാനം. സരിതയുടെ മൊഴിയില്‍ വസ്‌തുതകളുണ്ടെന്നു കണ്ടാലേ ഇരുവര്‍ക്കുമെതിരേ നടപടിയുമായി പോലീസ്‌ മുന്നോട്ടു നീങ്ങൂ. ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്താവുന്ന വകുപ്പുകളിലാണു ഇരുവര്‍ക്കുമെതിരേ കേസെടുത്തിരിക്കുന്നത്‌.

അറസ്‌റ്റിനു സാധ്യത കണ്ടാല്‍, പി.സി. ജോര്‍ജും ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയേറെയാണ്‌. തന്നെ പോലീസ്‌ മനഃപൂര്‍വം കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ജോര്‍ജ്‌ കോടതിയെ സമീപിച്ചാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിശ്വാസ്യത ചോദ്യംചെയ്യപ്പെടാം.
കഴമ്പില്ലാത്ത കേസുമായി പോയാല്‍ രാഷ്‌ട്രീയ പകപോക്കലായി കണ്ടു കോടതിയില്‍നിന്നു തിരിച്ചടി ലഭിക്കാനും സാധ്യതയേറെ. നേരത്തെ രണ്ടു കേസില്‍ പി.സി. ജോര്‍ജിനു ജാമ്യം ലഭിച്ചിരുന്നു. അതിനാല്‍, പി.സി. ജോര്‍ജിനെതിരായ നടപടികള്‍ നല്ലപോലെ ആലോചിച്ചശേഷമേ തീരുമാനിക്കു.
അതിനാലാണു സരിതയുടെ രഹസ്യമൊഴിയില്‍ വസ്‌തുതകളുണ്ടെങ്കില്‍ മാത്രം ശക്‌തമായ നടപടികളുമായി പോകാനുള്ള തീരുമാനം. മുന്‍മന്ത്രി കെ.ടി. ജലീല്‍ കന്റോണ്‍മെന്റ്‌ സ്‌റ്റേഷനില്‍ പരാതിയിലാണു കലാപത്തിനു ശ്രമമെന്ന കുറ്റം ചുമത്തി കേസെടുത്തത്‌. ആരോപണത്തിനു പിന്നാലെ പ്രതിപക്ഷപാര്‍ട്ടികള്‍ നടത്തിയ സമരം കലാപത്തിനു ശ്രമമെന്നായിരുന്നു പരാതി. പ്രത്യേകസംഘമാണു കേസന്വേഷിക്കുന്നത്‌. ഏതു വകുപ്പു ചുമത്തണമെന്ന കാര്യത്തില്‍ തുടക്കത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തനിക്കെതിരായ കേസ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സ്വപ്‌നയുടെ ഹര്‍ജിയില്‍ ജലീലിന്റെ പരാതി ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌. പ്രതികള്‍ക്കു ഇതുവരെയും പരാതിയുടെ കോപ്പി കിട്ടിയിട്ടില്ല. ഈ കേസ്‌ ഉടനെ ഹൈക്കോടതി തീര്‍പ്പാക്കില്ലെന്നാണു പോലീസിന്റെ കണക്കുകൂട്ടല്‍. എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം തുടങ്ങുന്ന സാഹചര്യത്തില്‍ കോടതി ഇടപെടാന്‍ സാധ്യതയില്ല. പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ടു പരിശോധിച്ചശേഷമേ സാധാരണഗതിയില്‍ ഹര്‍ജി തീര്‍പ്പാന്‍ ഹൈക്കോടതി തയാറാവൂ എന്നാണു പോലീസിന്റെ വിലയിരുത്തല്‍.

പി.സി. ജോര്‍ജ്‌ പല തവണ വിളിച്ചെന്നും മുഖ്യമന്ത്രിക്കെതിരേ പറയാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണു സരിത പറയുന്നത്‌. സ്വപ്‌നയെ ജയിലില്‍ വച്ചു പരിചയമുണ്ട്‌. എന്നാല്‍ സ്വപ്‌നയുടെ കൈയില്‍ തെളിവുകളില്ലെന്ന്‌ അറിയാവുന്നതുകൊണ്ടു പിന്മാറിയെന്നാണു സരിതയുടെ മൊഴി. മുഖ്യമന്ത്രിക്കെതിരായ തെളിവു സ്വപ്‌നയുടെ കൈയില്‍ ഉണ്ടെന്നു പറയാന്‍ ജോര്‍ജ്‌ ആവശ്യപ്പെട്ടെന്നാണു സരിത നല്‍കിയ മൊഴി. ജോര്‍ജും സ്വപ്‌നയും ക്രൈം നന്ദകുമാറും എറണാകുളത്ത്‌ കൂടിക്കാഴ്‌ച നടത്തിയെന്നും സരിത പറയുന്നു. തിരുവനന്തപുരം ഗസ്‌റ്റ്‌ ഹൗസില്‍ വച്ചും ഈരാറ്റുപേട്ടയിലെ ജോര്‍ജിന്റെ വീട്ടില്‍വച്ചും താനുമായി കൂടിക്കാഴ്‌ച നടത്തി. ജോര്‍ജുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ടേപ്പും അന്വേഷണസംഘത്തിനു സരിത കൈമാറിയിട്ടുണ്ട്‌.