വിദ്വേഷ പരാമർശക്കേസിൽ കോടതി ജാമ്യം നൽകിയതിന് പിന്നാലെ വീണ്ടും വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ് പി.സി. ജോർജ്. കേരളത്തിൽ ലൗ ജിഹാദ് വർധിക്കുന്നുവെന്നും ക്രിസ്ത്യാനികൾ 24 വയസ്സിന് മുമ്പ് പെൺകുട്ടികളെ വിവാഹം കഴിപ്പിക്കണമെന്നും പി.സി ജോർജ് പറഞ്ഞു. പാലായില്‍ നടന്ന കെ.സി.ബി.സിയുടെ ലഹരിവിരുദ്ധ സെമിനാറിലാണ് പി.സി ജോര്‍ജിന്റെ പരാമര്‍ശം.
“മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുട്ടികളെയാണ് ലൗ ജിഹാദിലൂടെ നമുക്ക് നഷ്ടപ്പെട്ടത്. 41 പേരെ മാത്രമാണ് തിരിച്ചുകിട്ടിയത്. ഇന്നലെ ഒരു കൊച്ചുപോയി. വയസ്സ് 25. ഇന്നലെ രാത്രി ഒമ്പതരക്കാണ് പോയത്. തപ്പിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ ചോദിക്കട്ടെ 25 വയസുവരെ ആ പെണ്‍കുട്ടിയെ പിടിച്ചുവെച്ച അപ്പനിട്ട് അടികൊടുക്കണ്ടേ. എന്താ അതിനെ കെട്ടിച്ചുവിടാഞ്ഞെ. നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട ഒരു പ്രശ്‌നമാണത്.” പി.സി. ജോർജ് പറഞ്ഞു.
ഒരു 22 – 23 വയസാകുമ്പോള്‍ ആ കുഞ്ഞിനെ കെട്ടിച്ചുവിടണ്ടേ, ആ മര്യാദ കാണിക്കണ്ടേ. 25 വയസായിരുന്നപ്പോൾ എനിക്ക് തോന്നിയല്ലോ പെണ്‍കുട്ടികളെ കാണുമ്പോ സന്തോഷം. അപ്പോള്‍ ഒരു പെണ്‍കൊച്ചിന് ആണുങ്ങളെ കാണുമ്പോള്‍ സന്തോഷം തോന്നില്ലേ. ഇത് റിയാലിറ്റിയാണ്. മനുഷ്യസഹജമായ ദൗര്‍ബല്യമാണ്. ഇതറിയാതെ പോയിട്ട് കാര്യമൊന്നുമില്ല. ഒരു 28-29 ആയാല്‍ വല്ല ശമ്പളവും കിട്ടുന്നതാണെങ്കില്‍ കെട്ടിക്കില്ല. ആ ശമ്പളം അങ്ങ് ഊറ്റിയെടുക്കാമല്ലോ. അതാണ് പ്രശ്‌നം. ക്രിസ്ത്യാനികള്‍ നിര്‍ബന്ധമായും ഒരു 24 വയസ്സിനകം പെണ്‍കുട്ടികളെ കല്ല്യാണം കഴിപ്പിക്കണം-പി.സി ജോർജ് പറഞ്ഞു.
നേരത്തേ ടെലിവിഷൻ ചാനൽ ചർച്ചയിൽ നടത്തിയ വിദ്വേഷ പരാമർശത്തിന്റെ പേരിലായിരുന്നു പി.സി. ജോർജിനെതിരേ കേസെടുത്തത്. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു അദ്ദേഹം. പിന്നാലെ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിപി.സിക്ക് ജാമ്യം അനുവദിച്ചു. ആരോഗ്യപ്രശ്നം കണക്കിലെടുത്താണ് ജാമ്യം പരിഗണിച്ചത്.
Leave a Reply