ലോക പാര്‍ലമെന്‍ററി ചരിത്രത്തില്‍ത്തന്നെ സ്ഥാനം നേടിയ അത്യപൂര്‍വം സാമാജികരുടെ നിരയിലാണു കെ.എം.മാണിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 54 വര്‍ഷത്തോളം നിയമനിര്‍മാണസഭയില്‍ പ്രവര്‍ത്തിക്കുകയെന്നതു ലോകത്തു തന്നെ അധികമാളുകള്‍ക്ക് അവകാശപ്പെടാനാവാത്ത ചരിത്രമാണ്. കേരള നിയമസഭയുടെ ചരിത്രത്തില്‍ മറ്റൊരാള്‍ക്കും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡാണിത്.

മാണിയുടെ നിര്യാണം കേരള കോണ്‍ഗ്രസ്സിനു മാത്രമല്ല, കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമാണുണ്ടാക്കിയത്. പ്രഗത്ഭനായ ഒരു നിയമസഭാ സാമാജികനെയും കേരളത്തിന്‍റെ പ്രശ്നങ്ങള്‍ സമഗ്രമായി പഠിച്ചവതരിപ്പിച്ചിരുന്ന ശ്രദ്ധേയനായ രാഷ്ട്രീനേതാവിനെയുമാണ് നഷ്ടപ്പെട്ടത്. ഒരേ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി 13 തവണ ജയിക്കുക, 54 വര്‍ഷത്തോളം തുടര്‍ച്ചയായി നിയമസഭയിലുണ്ടാകുക, ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരിക്കുക, ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിക്കുക എന്നിങ്ങനെ മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒരുപാട് റെക്കോര്‍ഡുകള്‍ മാണിയുടേതായുണ്ട്.

ദീര്‍ഘകാലം നിയമസഭയിലുണ്ടായി എന്നുമാത്രമല്ല, നിയമനിര്‍മാണ വേളയിലടക്കം നിര്‍ണായകമായ പല ഘട്ടങ്ങളിലും മൗലികമായ നിര്‍ദേശങ്ങളിലൂടെ പുതിയ വഴികള്‍ തുറന്നുകൊടുക്കാനും മാണിക്ക് കഴിഞ്ഞു. ധനകാര്യത്തില്‍ മുതല്‍ നിയമകാര്യത്തില്‍ വരെ വൈദഗ്ധ്യമുണ്ടായിരുന്ന മാണി, ആ വൈദഗ്ധ്യമൊക്കെ നിയമസഭയുടെ ഉള്ളടക്കത്തിന്‍റെ നിലവാരം കൂട്ടുന്നതിനു തുടര്‍ച്ചയായി പ്രയോജനപ്പെടുത്തി.

ഭരണഘടനാ വ്യവസ്ഥകള്‍, സഭാനടപടിച്ചട്ടങ്ങള്‍, നിയമവകുപ്പുകള്‍ എന്നിവയിലൊക്കെ അവഗാഹമുണ്ടായിരുന്ന അദ്ദേഹം അവയൊക്കെ നിയമനിര്‍മാണത്തില്‍ സമയോചിതം പ്രയോജനപ്പെടുത്തി. കേരളത്തിന്‍റെ പൊതുതാൽപര്യങ്ങള്‍, വിശേഷിച്ച് മലയോര ജനതയുടെയും കര്‍ഷകരുടെയും താല്‍പര്യങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നതില്‍ അദ്ദേഹം പ്രത്യേകമായി ശ്രദ്ധവച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളില്‍ സംസ്ഥാനത്തിന്‍റെ താൽപര്യങ്ങള്‍ക്ക് അനുഗുണമായ ഒരുപാട് നിര്‍ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവച്ചു. പുതിയ നിയമസഭാ സമാജികര്‍ മാതൃകയാക്കേണ്ട ഒരു പാടുകാര്യങ്ങള്‍ അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിലുണ്ട്. എല്ലാവരാലും ആദരിക്കപ്പെട്ട കെ.എം.മാണിയുടെ നിര്യാണം സംസ്ഥാനത്തിന് പൊതുവിലും നിയമസഭയ്ക്ക് വിശേഷിച്ചും കനത്ത നഷ്ടമാണ്– മുഖ്യമന്ത്രി പറഞ്ഞു.

ഞാന്‍ ഇത്രയൊക്കെ പറഞ്ഞിട്ടും മാണി സാര്‍ തിരിച്ചൊന്നും പറയാത്തത് തന്നെ അതിശയപ്പെടുത്തിയിട്ടുണ്ടെന്ന് പി.സി. ജോര്‍ജ്. എത്രമാത്രം ചീത്ത വിളിച്ചാലും ചിരിച്ചോണ്ട് ജോര്‍ജേ എന്നേ വിളിക്കൂ. താന്‍ ഒരുപാട് എതിര്‍ത്തിട്ടും അനുകൂലിച്ചിട്ടുമൊക്കെ ഉണ്ട്. എന്തൊക്കെ പറഞ്ഞാലും കേരള രാഷ്ട്രീയത്തിന് ഇത് നികത്താനാത്ത നഷ്ടമാണെന്ന് ജോര്‍ജ് അനുസ്മരിച്ചു. അദ്ദേഹത്തിന് പകരം വയ്ക്കാന്‍ ആരുമില്ല. സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ അറിയാം. അസുഖമായ ശേഷം കാണാന്‍ കഴിഞ്ഞില്ലെന്നത് വലിയ ദുഃഖമാണ്.മാണി സാര്‍ ഇല്ലാത്ത കോട്ടയം രാഷ്ട്രീയവും ഉള്ള രാഷ്ട്രീയവും രണ്ടായിരിക്കുമെന്നും ജോര്‍ജ് പറഞ്ഞു.