നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെയും നാദിര്‍ഷയെയും പൊലീസ് കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് പിസി ജോര്‍ജ് പറഞ്ഞു. ഇതിന് പിന്നില്‍ മഞ്ജു വാര്യരും ലിബര്‍ട്ടി ബഷീറും ഉണ്ടെന്ന് പി.സി പറയുന്നു.

വട്ടിളകിയ കുറേ പൊലീസുകാരും ദിലീപിനെ ഉപേക്ഷിച്ച് പോയ മുന്‍ ഭാര്യയായ നടിയുമാണ് ഈ ആക്രമണത്തിന് പിന്നില്‍. വനിത കമ്മിഷന്‍ എനിക്കെതിരെ കേസെടുത്തെന്നാണ് ഞാന്‍ കേട്ടത്. എന്തൊരു അസംബന്ധമാണത്. പി.സി പറഞ്ഞു.

ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരും എഡിജിപി ബി.സന്ധ്യയും തമ്മില്‍ അടുത്ത ബന്ധമുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഒരു തെളിവും പൊലീസിന്റെ പക്കലില്ല. അന്വേഷണ സംഘം മുഴുവന്‍ കളിപ്പീരാണ്. വട്ടിളകിയ കുറേ പൊലീസുകാരും.

ദിലീപിനെതിരെ സാക്ഷി പറയാന്‍ പൊലീസ് നാദിര്‍ഷയെ നിര്‍ബന്ധിക്കുകയാണ്. വഴങ്ങാതിരുന്നപ്പോള്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു. 80 ലധികം കുടുംബങ്ങള്‍ക്ക് വീട് വച്ച് കൊടുത്തിട്ടുണ്ട് ദിലീപ്. അദ്ദേഹം ചെയ്ത നന്മയൊന്നും പുറത്തറിഞ്ഞിട്ടില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ അദ്ദേഹത്തിനെതിരെ ഒരു തെളിവുമില്ല. ദിലീപിന് ജാമ്യം നല്‍കേണ്ടതാണ്. ജോര്‍ജ് പറഞ്ഞു.
”പള്‍സര്‍ സുനി പറഞ്ഞ കാര്യങ്ങളിലെ വസ്തുത പൊലീസ് അന്വേഷിച്ചിട്ടില്ല. 19 തെളിവുകളാണ് പൊലീസ് നിരത്തുന്നത്. ഇവയൊന്നും വിശ്വാസയോഗ്യമല്ല. പത്ത് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കുന്ന കേസുകളില്‍ ജാമ്യം നല്‍കാമെന്ന് സുപ്രീം കോടതി റൂളിംഗുണ്ട്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ഫെബ്രുവരിയില്‍ നടന്നുവെന്ന് പറയപ്പെടുന്ന കാര്യത്തിന് വേണ്ടി ഇപ്പോള്‍ സെപ്തംബര്‍ ആയില്ലേ. ഇതുവരെ ഒന്നുമില്ലേ? സൂപ്രണ്ടാണ് പള്‍സര്‍ സുനിയുടെ കത്തില്‍ സീല്‍ ചെയ്തത്. അപ്പോള്‍ അയാള്‍ കണ്ടില്ലേ? കത്ത് കയ്യില്‍ കിട്ടി ഉടന്‍ തന്നെ ഇക്കാര്യം ഡിജിപി ലോക്നാഥ് ബെഹ്റയെ അറിയിച്ചിരുന്നു.”

”സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കേണ്ടത്. ഇനി ഹൈക്കോടതി ജാമ്യം നല്‍കും. ഈ ഗൂഢാലോചന തെളിയിക്കും. ഈ നിമിഷം വരെ എന്നോട് ഒരാളും ഒന്നും ചോദിച്ചിട്ടില്ല. മൂക്ക് ചെത്തും ചെത്തുമെന്ന് പറയുന്നതല്ലാതെ ചെത്തുന്നില്ലല്ലോ?” ജോര്‍ജ് പറഞ്ഞു.