സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉന്നയിച്ച ആരോപണത്തിലെ ഗൂഢാലോചന കേസില്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജിനെ ചോദ്യം ചെയ്യും. വെള്ളിയാഴ്ച തിരുവനന്തപുരത്തെ ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക ക്രൈംബ്രാഞ്ച് സംഘം ജോര്‍ജിന് നോട്ടീസ് നല്‍കും. കേസില്‍ സ്വപ്‌ന സുരേഷിനു പുറമേ പി.സി ജോര്‍ജും പ്രതിയാണ്.
തിങ്കളാഴ്ച സ്വപ്‌നയോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും അന്ന് എന്‍ഐഎയുടെ കേസുള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് സ്വപ്‌ന വ്യക്തമാക്കിയിരുന്നു. കേസില്‍ പരാതിക്കാരനായ കെ.ടി ജലീലിന്റെ വിശദമായ മൊഴിയെടുത്ത ശേഷം വ്യാജരേഖ ചമച്ചത് അടക്കം ജാമ്യമില്ലാ വകുപ്പുകളും ചുമത്തിയിരുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിനു പിന്നാലെ സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലുകള്‍ മുഖ്യമന്ത്രിക്കെതിരെയുള്ള ഗൂഢാലോചനയാണെന്ന് കാണിച്ച് കെ.ടി ജലീല്‍ എം.എല്‍.എയാണ് പരാതി നല്‍കിയത്. സ്വപ്‌നയും പി.സി ജോര്‍ജും ഗൂഢാലോചന നടത്തിയാണ് ആരോപണം ഉന്നയിച്ചതെന്നാണ് പരാതി. സോളാര്‍ കേസിലെ ആരോപണ വിധേയ സരിത എസ്.നായരാണ് കേസിലെ പ്രധാന സാക്ഷി. മുഖ്യമന്ത്രിക്കെതിരായ നീക്കത്തിന് സഹായിക്കണമെന്ന് പി.സി ജോര്‍ജ് വിളിച്ചുവരുത്തി ആവശ്യപ്പെട്ടതായി സരിത മൊഴി നല്‍കിയിരുന്നു.
Leave a Reply