കടുപ്പമേറിയ ഇത്തവണത്തെ വിന്ററില്‍ ദുരിതം കൂട്ടാന്‍ യുകെയിൽ മഴയും വില്ലനായെത്തും.ശരാശരിക്ക് മുകളില്‍ മഴ പെയ്യാനുള്ള സാധ്യതയുള്ളതായി മെറ്റ് ഓഫീസ് വ്യക്തമാക്കുന്നു. അടുത്ത മൂന്ന് മാസം ശരാശരിക്ക് മുകളില്‍ മഴ പ്രതീക്ഷിക്കാമെന്നും 1.5 മില്ല്യണ്‍ വീടുകള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ടെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. തണുപ്പ് കാലത്ത് കൂടുതല്‍ കുടുംബങ്ങളോട് വെള്ളപ്പൊക്കം നേരിടാന്‍ തയ്യാറായിരിക്കാനും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.

സാധാരണ നിലയിലും ഉയര്‍ന്ന മഴ പെയ്യുന്നതോടെ ജനുവരി, ഫെബ്രുവരി മാസങ്ങള്‍ കൂടുതല്‍ ദുരിതം വിതയ്ക്കും. പ്രായമായവരെയും കുട്ടികളെയും ഏറെ ശ്രദ്ധിക്കണം. എല്ലാത്തിനും പുറമെ കോവിഡ് വ്യാപനവും സജീവമായുണ്ട്.

ലോക്കല്‍ വെള്ളപ്പൊക്ക അപകടങ്ങള്‍ ഓണ്‍ലൈനില്‍ പരിശോധിക്കാനും, മുന്നറിയിപ്പ് സൂചനകള്‍ ശ്രദ്ധിക്കാനും, വീടുകള്‍ ബാധിക്കപ്പെടുന്ന ഇടങ്ങളിലാണെങ്കില്‍ തയ്യാറെടുക്കനുമാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി ആളുകളോട് ആവശ്യപ്പെടുന്നത്. അപകടസാധ്യതയുള്ള മേഖലകളിലെ 30 ശതമാനം വീടുകളും വെള്ളപ്പൊക്കത്തിനെതിരെ പ്രതിരോധ നടപടികള്‍ കൈക്കൊണ്ടിട്ടില്ലെന്ന് ഏജന്‍സി സര്‍വ്വെ വ്യക്തമാക്കി.

ഇംഗ്ലണ്ടിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഏകദേശം 1.5 മില്ല്യണ്‍ വീടുകളാണ് ഇപ്പോള്‍ വെള്ളപ്പൊക്ക സാധ്യത നേരിടുന്നതില്‍ തയ്യാറെടുപ്പുകള്‍ നടത്താത്തത്. ആഗോള കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇക്കുറി വിന്ററില്‍ സാധാരണയിലും മഴ പ്രതീക്ഷിക്കാമെന്നാണ് വ്യക്തമാകുന്നതെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.

ഇംഗ്ലണ്ടില്‍ 5.2 മില്ല്യണ്‍ പ്രോപ്പര്‍ട്ടികളാണ് വെള്ളപ്പൊക്ക അപകടം നേരിടുന്നത്. 250 മൊബൈല്‍ പമ്പുകളും, 6000 പരിശീലനം നേടിയ ജീവനക്കാരെയുമാണ് വിന്ററിനായി തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നതെന്ന് ഏജന്‍സി വ്യക്തമാക്കി. ഒക്ടോബറില്‍ ഒരു മാസം കൊണ്ട് പെയ്യേണ്ട മഴ 24 മണിക്കൂറില്‍ പെയ്തിരുന്നു.

ഇക്കുറി മഞ്ഞ് വീഴ്ച ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്നാണ് പ്രവചനം. അടുത്തയാഴ്ചയോടെ കടുക്കും. ഇതിനൊപ്പമാണ് മഴകൂടി ശക്തിപ്രാപിക്കുന്നത്. ദുരിത കാലാവസ്ഥയെ നേരിടാനുള്ള തയാറെടുപ്പുകള്‍ അപര്യാപ്തമാണെന്നാണ് വിമര്‍ശനം.