പേരുകൊണ്ട് ഏറെ വിവാദമായ നാദിർഷയുടെ ചിത്രം ‘ഈശോ’ കാണാൻ താൻ കാത്തിരിക്കുകയാണെന്ന് മുൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജ്. ചിത്രം ക്രിസ്മസിന് തന്നെ റിലീസ് ചെയ്യണമെന്നും പിസി ജോർജ് പറഞ്ഞു. ഈശോ എന്ന പേരിനെ താൻ എതിർത്തിട്ടില്ലെന്നും ‘നോട്ട് ഫ്രം ബൈബിൾ’ എന്ന ടാഗ് ലൈനെനിനെയാണ് താൻ എതിർത്തതെന്നും പിസി ജോർജ് വ്യക്തമാക്കി.

നേരത്തെ ചിത്രത്തിന്റെ പേരിനെ ചൊല്ലിയുള്ള വിവാദത്തിൽ പിസി ജോർജ് വെല്ലുവിളികളുമായി രംഗത്തെത്തിയിരുന്നു. ചിത്രം ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെടുത്തുകയാണെന്നും ചിത്രം തിയേറ്ററിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു അന്ന് പിസി ജോർജ് പ്രഖ്യാപിച്ചിരുന്നത്. ഒടുവിൽ മലക്കം മറിഞ്ഞ് വീണ്ടും രംഗത്തെത്തിയത് സിനിമ ആരാധകരെ അമ്പരപ്പിക്കുകയാണ്.

അതേസമയം, വെള്ളിയാഴ്ചയായിരുന്നു ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചത്. കുട്ടികളും കുടുംബങ്ങളുമായി കണ്ടിരിക്കേണ്ട ചിത്രമാണ് ഈശോയെന്ന് സെൻസർ ബോർഡ് പ്രവർത്തകർ പ്രതികരിച്ചതായി നാദിർഷ പറഞ്ഞു.