നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്തിയ സിപിഎം നേതാവ് കെ.കെ.രാമചന്ദ്രന്‍ നായരെ അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥ്. 2006-ല്‍ ചെങ്ങന്നൂര്‍ എംഎല്‍എ ആയ കാലം തൊട്ട് തനിക്ക് രാമചന്ദ്രന്‍നായരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും, എംഎല്‍എ എന്ന നിലയില്‍ താന്‍ സംഘടിപ്പിച്ച എല്ലാ സാംസ്കാരിക പരിപാടികളിലും അദ്ദേഹം സജീവസാന്നിധ്യമായിരുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വിഷ്ണുനാഥ് കുറിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് കൗണ്ടിംഗ് സ്റ്റേഷനില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്പോള്‍ അദ്ദേഹത്തിന് കൈകൊടുത്ത് ഞാന്‍ പറഞ്ഞു. തോറ്റതില്‍ ദുഖമുണ്ട്, പക്ഷേ അങ്ങയെപ്പോലൊരു യോഗ്യനോടാണ് തോറ്റതെന്ന ആശ്വസമുണ്ട്… mകെ.കെ.ആര്‍ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞ് ശനിയാഴ്ച്ച ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തി അദ്ദേഹത്തെ കണ്ടിരുന്നുവെന്നും അസുഖം ഭേദമായി അദ്ദേഹം തിരിച്ചെത്തുമെന്ന പ്രതീക്ഷകള്‍ തകര്‍ത്താണ് അദ്ദേഹം വിടവാങ്ങിയതെന്നും വിഷ്ണുനാഥ് പറയുന്നു.
2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ കെ.കെ.രാമചന്ദ്രന്‍ നായരും,യുഡിഎഫ് സ്ഥാനാര്‍ഥിയായി പി.സി.വിഷ്ണുനാഥും,എന്‍.ഡി.എ സ്ഥാനാര്‍ഥിയായി പി.എസ്.ശ്രീധരന്‍പ്പിള്ളയുമായിരുന്നു മത്സരിച്ചത്. കോണ്‍ഗ്രസ് നേതാവ് ശോഭനാ ജോര്‍ജ് സ്വതന്ത്രസ്ഥാനാര്‍ഥിയായും മത്സരിച്ചു. ശക്തമായ മത്സരത്തിനൊടുവില്‍ 7983 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിഷ്ണുനാഥിനെ കെ.കെ.രാമചന്ദ്രന്‍നായര്‍ പരാജയപ്പെടുത്തിയത്.
വിഷ്ണുനാഥിന്‍റ് ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം…
കെ കെ ആര്‍ എന്ന് സ്നേഹത്തോടെ എല്ലാവരും വിളിക്കുന്ന കെ കെ രാമചന്ദ്രന്‍ നായര്‍ എം എല്‍ എ നമ്മെ വിട്ടുപിരിഞ്ഞു .
2006 ല്‍ ആദ്യമായി എംഎൽഎ ആയ കാലം മുതല്‍ അദ്ദേഹവുമായി എനിക്ക് അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു .കര്‍ണാടക സംഗീതത്തിലും കഥകളിയിലും അവഗാഹമായ പാണ്ഡിത്യം ഉണ്ടായിരുന്നു അദ്ദേഹത്തിനു;
അദ്ദേഹം പ്രസിഡന്റ് ആയ ‘സര്‍ഗ്ഗവേദി’ യുടെ എല്ലാ പരിപാടികള്‍ക്കും എന്നെ ക്ഷണിക്കുമായിരുന്നു .ഞാന്‍ എം എല്‍ എ എന്ന നിലയില്‍ സംഘടിപ്പിച്ച എല്ലാ സാംസ്കാരിക പരിപാടിയുടെയും സജീവസാന്നിധ്യമായിരുന്നു അദ്ദേഹം . കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപെട്ട് കൗണ്ടിംഗ് സ്റ്റേഷനില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോള്‍ അദ്ദേഹത്തിന് കൈകൊടുത്ത് ഞാന്‍ പറഞ്ഞു , തോറ്റതില്‍ ദുഃഖമുണ്ട് പക്ഷെ അങ്ങയെപ്പോലൊരു യോഗ്യനോടാണ് തോറ്റതെന്ന ആശ്വാസമുണ്ട് . ഗുരുതരാവസ്ഥയില്‍ ആണു എന്നറിഞ്ഞ് ഇന്നലെ രാത്രി അപ്പോളോയില്‍ എത്തി അദ്ദേഹത്തെ കണ്ടിരുന്നു . സുഖമായി അദ്ദേഹം തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു . അദ്ദേഹത്തിന്‍റെ വിയോഗത്തോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജനകീയനായ , മനുഷ്യസ്നേഹിയായ ഒരു നേതാവിനെയാണ് നഷ്ടമായിരിക്കുന്നത് . കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു ഓര്‍മകള്‍ക്ക് മുന്‍പില്‍ ആദരാഞ്ജലികൾ
Leave a Reply