ജയലക്ഷ്മി

സ്ത്രീശരീരത്തിന്റെ അംശം കണ്ടാലുടഞ്ഞുവീഴുന്ന സാമ്രാജ്യങ്ങൾ ഉടഞ്ഞുവീഴട്ടെ
നിങ്ങളുടെ സദാചാരപുസ്‌തകതാളുകൾ കത്തിച്ചു ഞാനൊരു വിളക്ക് കൊളുത്തി
നിനക്കു വേണ്ടിയതു ചിതയായി കത്തും
അതിലേക്കിറങ്ങി മോചിതരാകുക
അതിന്റെ അഗ്നിപരീക്ഷ കടക്കാത്തവർ ശബ്ദിക്കരുത്
ഇതെന്റെ ലോകം
ഇതെന്റെ ദേഹം
ഇവിടെയെന്റെ സ്വരം മാത്രം

…………………………………..

നാണവും മാനവും പെണ്ണിന് നൽകി
നഷ്ടസ്വർഗങ്ങളുടെ വാതിൽക്കലെ കാവൽക്കാരേ
ഒന്നകത്തു കയറി നോക്കൂ
അതിനുള്ളിൽ നിന്റെ അമ്മയില്ല,
മകളും സോദരിയും തോഴിയുമില്ല
ഭാര്യയും ബോസും ടീച്ചറും കൊലീഗും ആരുമില്ല
ചിതലുതീനും കുറെ ഓലപ്പാട്ടങ്ങൾ

ഞങ്ങളുടെ സാന്നിധ്യമില്ലാതെ യജ്ഞപൂർത്തിക്കൊരുക്കിയ സുവർണവിഗ്രഹങ്ങൾ ഉടഞ്ഞുപോയിരിക്കുന്നു

……………………………….

.
എത്രയെത്ര സിനിമകൾ സൃഷ്ടിച്ചു ?
എത്രയെത്ര കഥകൾ? എത്ര പ്രവചനങ്ങൾ?
സ്ത്രീയുടെ ദൈവമായി, വിമോചകനായി, രക്ഷകർത്താവായി, ഹീറോയായി
സ്ത്രീയെ വരച്ചവരയ്ക്കുനിർത്താനുള്ള ശ്രമത്തിൽ വരച്ചു വരച്ചു വരച്ചു കൈകുഴഞ്ഞു വീണിരിക്കുന്ന മഹാനെത്ര പേർ !
അവളുടെ അഹങ്കാരം ശമിപ്പിച്ചു
അടക്കവും ഒതുക്കവും പഠിപ്പിച്ചു,
വിനീതയാക്കി,
ശാലീനയാക്കി,
നല്ലവളാക്കി.

ഒരു കോമഡിയിൽ ചോദിച്ചതു പോലെ ഞങ്ങളിത്രയും പീഡിപ്പിച്ചിട്ടും നിങ്ങൾ നന്നാകാത്തതെന്ത്?

നന്നായി നന്നായി നിങ്ങളെ പെറ്റുവളർത്തിയവർ തളർന്നുവീണിരിക്കുന്നു
അവരുടെ രോദനം മുദ്രാവാക്യമാക്കി ഞങ്ങളിതാ

………………. ..

വെറുതെയിരിക്കുമ്പോൾ മുടങ്ങാതോടുന്ന ശ്വാസത്തിലേക്കു ശ്രദ്ധ പോയി
അതോതി നീ നിന്റേതാണ്
നീ നിന്റേതാണ്
നീ നിന്റേതാണ്

ഞങ്ങൾ മനഃപാഠമാക്കിയ പാഠങ്ങൾ ഇടയ്ക്കിടയ്ക്ക് രാത്രിയിൽ വിളിച്ചുണർത്തി ചിരിക്കും
ഉറക്കെ
ഉറക്കെ
ഉറക്കെ

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിന്നെ ഞങ്ങൾ ലോകം കണ്ടു
കഥകളിലൂടെ ഇന്റർനെറ്റിൻ മായാജാലങ്ങളിലൂടെ
കാലുകൾ ചിറകുകളെക്കാൾ ദൂരമെത്തിക്കുന്ന കാലത്ത്‌
ഞങ്ങൾ അവളെ കണ്ടു
സാരിയിൽ കുണുങ്ങിയും
പർദ്ദയിൽ ഒളിച്ചും
ഷോർട്സിൽ ഓടിയും
സ്വിമിങ്സ്യൂട്ടിൽ നീന്തിയും
ദുപ്പട്ടയിൽ ഒതുങ്ങിയും
ഡ്രെസ്സുകളിൽ ആടിയും
പാന്റ്സിൽ വിളങ്ങിയും
അങ്ങനെയങ്ങനെ അവൾക്കൊരു നൂറ് വേഷങ്ങൾ
അവളുടെ കണ്ണിൽ ഇതേ തീവ്രത
അവളുടെ കൈകളിലിതേ കരുത്ത്
അവളുടെ മുടി കെട്ടഴിഞ്ഞു
ഗതിതേടും ജീവനെപ്പോലെ പറക്കുന്നു
അല്ല…
കാറ്റ് നെഞ്ചോടേറ്റു ഇലകളായിരം പേർ
വേരുകളുടെ ബലത്തിൽ ഉലഞ്ഞുലഞ്ഞാടും പോലെ

…………………………

ഉടഞ്ഞുവീഴുന്ന പളുങ്ങുകൊട്ടാരങ്ങളെ നോക്കി
വാവിട്ടു കരഞ്ഞിട്ട് കാര്യമില്ല
കത്തികാട്ടീട്ടും ആസിഡൊഴിച്ചിട്ടും
പീഡനഭീഷണിമുഴക്കീട്ടും
പൂട്ടിയിട്ടിട്ടും മണ്ണെണ്ണ കൊളുത്തിയിട്ടും
കെട്ടിത്തൂക്കിയിട്ടും കെട്ടിച്ചുവിട്ടിട്ടും
അടിച്ചൊടിച്ചിട്ടും സ്‌ലട്ഷെയിം ചെയ്തിട്ടും
ചീത്തവിളിച്ചിട്ടും ചൂരലടിച്ചിട്ടും
ഒന്നുമൊന്നും കാര്യമില്ല

അവളെ ഉണർത്താനുള്ള പന്തവുമേന്തി
കാലമൊരപ്സരയായി നൃത്തം വയ്ക്കുന്നു
മേലെ… മേലെ… മേലെ…
ഞങ്ങളതുകണ്ടു താഴെ താഴെ താഴെ….

……………………………….

ആത്മാവു സ്വതന്ത്രമായാൽ പോരേ?
ശരീരമെന്തായാലെന്ത് ?
ശരീരം ശവകുടീരങ്ങളാകുന്നിടത്തു
ആത്മാവിരക്കുന്നതാരു കേൾക്കാൻ?

മറയ്ക്കാനാകാത്ത മറവി ബാധിച്ചു
ഇതേ ഓരോരുത്തരുമോടുന്നിവിടെ
ഞാൻ പുരുഷൻ നീ സ്ത്രീ
നീ ഭേദിക്കാത്ത ലക്ഷ്മണരേഖകൾ നിന്നെ തടവിലാക്കും
നീ ഭേദിക്കുന്നത് ഈ പ്രപഞ്ചതാളം തെറ്റുന്നതിന് കാരണമായി ഉത്ഘോഷിക്കപ്പെടും

ഇന്നിപ്പോൾ പ്രപഞ്ചങ്ങൾ താളം തെറ്റിയോടുന്നു
അവരവൾക്ക് കാരണമായിരമായിരം കൊടുത്തുകൊണ്ടേയിരിക്കുന്നു …

 

ജയലക്ഷ്മി

ജാമിയ മിലിയ ഇസ്ലാമിയയിൽ എം എ ഇംഗ്ലീഷ് വിദ്യാർത്ഥിനിയാണ്. കൊല്ലം സ്വദേശിനിയാണ്. ഡൽഹിയിൽ സന്നദ്ധ സേവനരംഗത്ത് പ്രവർത്തിക്കുന്ന ജയലക്ഷ്മി മികച്ച ഒരു കഥക് നർത്തകിയും അധ്യാപികയുമാണ്. സ്റ്റുഡന്റ് ആക്റ്റിവിസത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ്.