ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ടോറി നേതൃത്വ പോരാട്ടത്തിൽ ലിസ് ട്രസിന് പിന്തുണയേകി പെന്നി മോർഡൗണ്ട്. ഋഷി സുനകിനും ലിസ് ട്രസിനും പിന്നിൽ മൂന്നാം സ്ഥാനത്തെത്തിയതിന് ശേഷമാണ് വാണിജ്യ മന്ത്രി മോർഡൗണ്ട് മത്സരത്തിൽ നിന്ന് പുറത്തായത്. പ്രധാനമന്ത്രിയാകാൻ ട്രസിനാണ് കൂടുതൽ സാധ്യതയെന്ന് പെന്നി അഭിപ്രായപ്പെട്ടു. കൺസർവേറ്റീവ് പാർട്ടിയുടെ 160,000 അംഗങ്ങൾക്ക് ഇന്നലെ മുതൽ ബാലറ്റ് പേപ്പറുകൾ ലഭിച്ചുതുടങ്ങി. ഇവരെല്ലാം വോട്ട് രേഖപ്പെടുത്തി സെപ്റ്റംബർ അഞ്ചോടെ പുതിയ പ്രധാനമന്ത്രി ആരെന്ന് അറിയാം.
കൺസർവേറ്റീവ് അംഗങ്ങളെ ആകർഷിക്കുന്നതിനായി സ്ഥാനാർഥികൾ തങ്ങളുടെ നയങ്ങൾ പ്രഖ്യാപിച്ചപ്പോൾ നികുതിക്കാണ് പ്രഥമ പരിഗണന നൽകിയത്. പ്രതിരോധ സെക്രട്ടറി ബെൻ വാലസ്, ചാൻസലർ നദീം സഹവി എന്നിവരും ലിസ് ട്രസിനെ പിന്തുണയ്‌ക്കുന്നു. അതേസമയം, മുൻ ക്യാബിനറ്റ് മന്ത്രിമാരായ ലിയാം ഫോക്സും ഡാമിയൻ ഗ്രീനും ഉൾപ്പെടെയുള്ള മുതിർന്ന ടോറി എംപിമാരുടെ പിന്തുണ സുനക്കിന് ലഭിച്ചു.
മോർഡോണ്ട് വലിയ രാജ്യസ്നേഹിയാണെന്നും അവളെ എന്റെ സുഹൃത്ത് എന്ന് വിളിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും ട്രസ് പ്രാരംഭ പ്രസംഗത്തിൽ പറഞ്ഞു. അതേസമയം, മത്സരഘട്ടത്തിൽ ട്രസ്സിന്റെ ടീം വൃത്തികെട്ട, തന്ത്രപരമായ പ്രചാരണം നടത്തിയെന്ന് മൊർഡോണ്ടിന്റെ ചില സഖ്യകക്ഷികൾ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളെ എല്ലാം നിഷേധിച്ചാണ് ഇപ്പോൾ പിന്തുണ ഉറപ്പാക്കിയത്. രാഷ്ട്രീയക്കാരനല്ലെങ്കിൽ എന്താകുമായിരുന്നു എന്ന ചോദ്യത്തിന് സുനക്കിന്റെ മറുപടി ഇങ്ങനെ; “എനിക്ക് സതാംപ്ടൺ ഫുട്ബോൾ ക്ലബ് നടത്താൻ കഴിയുമെങ്കിൽ വളരെയധികം സന്തോഷം”.
Leave a Reply